ന്യൂഡൽഹി: അമിത് ഷായുടെ പേരിൽ വ്യാജ വീഡിയോ തയ്യാറാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ദ് റെഡ്ഡിക്ക് ഡൽഹി പൊലീസിന്റെ സമൻസ്. മറ്റുനാലുപേർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഡൽഹി പൊലീസ് ബിജെപിയുടെ പുതിയ ഉപകരണമായി മാറിയെന്ന് രേവന്ദ് റെഡ്ഡി ആരോപിച്ചു. സിബിഐയെയും ഇഡിയെയും ഉപയോഗിച്ചവർ ഇപ്പോൾ ഡൽഹി പൊലീസിനെ ഉപയോഗിക്കുകയാണ്. പക്ഷേ ഞങ്ങൾ ആരെയും ഭയക്കുന്നില്ല, തെലങ്കാന മുഖ്യമന്ത്രി പ്രതികരിച്ചു.

എസി എസ്ടി സംവരണ നിർത്തലാക്കാൻ ബിജെപിയുടെ അജണ്ട എന്ന് അവകാശപ്പെട്ടുള്ള വീഡിയോ തെലങ്കാന കോൺഗ്രസിന്റെ എക്‌സ് ഹാൻഡിലിൽ പങ്കുവച്ചതിന് പിന്നാലെ പല കോൺഗ്രസ് നേതാക്കളും റീപ്പോസ്റ്റ് ചെയ്തിരുന്നു. എഡിറ്റ് ചെയ്യപ്പെട്ട വീഡിയോ പ്രചരിപ്പിക്കുന്നതിന് എതിരെ ബിജെപിയും ആഭ്യന്തര മന്ത്രാലയവും പരാതി നൽകിയതിനെ തുടർന്നാണ് ഡൽഹി പൊലീസ് കേസെടുത്തത്.

ഒ.ബി.സി, എസ്.സി, എസ്.ടി, മറ്റു പിന്നാക്ക വിഭാഗത്തിന്റെ സംവരണം നിർത്തലാക്കുന്നതിന് വേണ്ടി അമിത്ഷാ വാദിക്കുന്നതായിട്ടായിരുന്നു വീഡിയോയിൽ. സംവരണവുമായി ബന്ധപ്പെട്ട് അമിത് ഷായ്‌ക്കെതിരേ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും റാലിയിൽ വെച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ബിജെപി. ആരോപിച്ചു.

എസ് സി എസ്ടികളുടെയും ഒബിസി വിഭാഗങ്ങളുടെയും സംവരണം കുറച്ചിട്ട് മതാടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് ഭരണഘടനാ വിരുദ്ധമായ രീതിയിലുള്ള സംവരണം നീക്കം ചെയ്യുന്നതിനെ കുറിച്ചാണ് ഷാ സംസാരിച്ചതെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. വിവാദത്തിനിടെ, അമിത് ഷാ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകി. ബിജെപി അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം സംവരണകാര്യത്തിൽ പുനഃപരിശോധന നടത്തില്ലെന്നും ഷാ വ്യക്തമാക്കി.