മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, മഹാരാഷ്ട്രയിൽ ബിജെപിയുടെ മോശം പ്രകടനത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജി സമർപ്പിച്ചു. ' സർക്കാർ ചുമതലകളിൽ നിന്ന് തന്നെ നീക്കണം, പാർട്ടിക്ക് വേണ്ടി പുറത്ത് നിന്ന് പ്രവർത്തിക്കാൻ അനുവദിക്കണം', തന്റെ നേതാക്കളോട് അഭ്യർത്ഥിച്ചതായി ഫട്‌നാവിസ് പറഞ്ഞു.

2019 ൽ ശിവസേനയുടെ പിളർപ്പിന് മുമ്പ് മഹാരാഷ്ട്രയിൽ മത്സരിച്ച 25 ലോക്‌സഭാ സീറ്റിൽ ബിജെപി 23 ൽ ജയിച്ചിരുന്നു. ശിവസേന 23 സീറ്റിൽ മത്സരിച്ച് 18 സീറ്റിൽ ജയിച്ചു. അന്ന് ഫട്‌നാവിസായിരുന്നു മുഖ്യമന്ത്രി.

ഇത്തവണ ശിവസേനയുടെ പിളർപ്പിന് ശേഷം ബിജെപി 10 സീറ്റിൽ മാത്രമാണ് ജയിച്ചത്. ഏക്‌നാഥ് ഷിൻഡെ ശിവസേന വിഭാഗവും, അജിത് പവാർ എൻസിപി വിഭാഗവും മത്സരിച്ച 19 സീറ്റിൽ 8 സീറ്റിൽ ജയിച്ചു.

അതേസമയം, ശരദ് പവാറിന്റെ എൻസിപിയും, ഉദ്ദവ് താക്കറെയുടെ ശിവസേനയും മത്സരിച്ച 21 സീറ്റിൽ, 12 ഉം 9 ഉം സീറ്റുകൾ വീതം ജയിച്ചു. കോൺഗ്രസാകട്ടെ, മത്സരിച്ച 15 സീറ്റിൽ 13 സീറ്റിൽ ജയിച്ചു.. 48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ടയിൽ എൻ ഡി എ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിച്ചത്.

ഈ സാഹചര്യത്തിൽ, മഹാരാഷ്ടയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പിന് പ്രചാരണത്തിന് നേതൃത്വം നൽകിയ ഫഡ്നാവിസ്, തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ടാണ് കത്ത് നൽകിയത്.

മഹാരാഷ്ട്രയിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേയാണ് ഫട്‌നാവിസിന്റെ രാജി. 2019 ൽ ബിജെപി സംസ്ഥാനത്തെ 288 സീറ്റിൽ 105 ൽ ജയിച്ചിരുന്നു. സേന-56, എൻസിപി-54, കോൺഗ്രസ് -44 എന്നിങ്ങനെയായിരുന്നു നില. അശോക് ചവാനായിരുന്നു അന്ന് കോൺഗ്രസിന്റെ നേതൃസ്ഥാനത്ത്. ചവാൻ പിന്നീട് ബിജെപിയിൽ ചേരുകയും, രാജ്യസഭാ എംപിയാകുകയും ചെയ്തു.