- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഎംകെയും കോൺഗ്രസും തമ്മിൽ സീറ്റുധാരണയായി
ചെന്നൈ: തമിഴ്‌നാട്ടിൽ ഡി എം കെയും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയായി. കോൺഗ്രസിന് തമിഴ്‌നാട്ടിൽ 9 സീറ്റും, പുതുച്ചേരിയിൽ ഒരു സീറ്റും ഡിഎംകെ നൽകും. 2019 ലെ ഫോർമുലയുടെ ആവർത്തനമാണിത്. 2019 ൽ കോൺഗ്രസ് മത്സരിച്ച 10 സീറ്റിൽ 9 ൽ ജയിച്ചിരുന്നു. 39 ലോക്‌സഭാ സീറ്റാണ് തമിഴ്‌നാട്ടിൽ ഉള്ളത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ടിഎൻസിസി മേധാവി കെ സെൽവപെരുന്തഗൈ എന്നിവർ തമ്മിലുള്ള ചർച്ചയിലാണ് സീറ്റ് ധാരണയായത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും, അജോയ് കുമാറും സന്നിഹിതരായിരുന്നു.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 40 സീറ്റിലും ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന് കെ സി വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം അടിയുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുസീറ്റുകളിൽ ഡിഎംകെയുടെയും സഖ്യകക്ഷികളുടെയും സ്ഥാനാർത്ഥികളെ കോൺഗ്രസ് പിന്തുണയ്ക്കും.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നടൻ കമൽഹാസൻ വ്യക്തമാക്കിയിരുനനു. ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്, മത്സരിക്കാനില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയത്. അതേസമയം, ഡിഎംകെ സഖ്യത്തിന്റെ താരപ്രചാരകനായി ഇത്തവണ കമൽഹാസൻ രംഗത്തുണ്ടാകും. പകരം അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാമെന്നാണ് ധാരണ.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം (എം.എൻ.എം.) പാർട്ടി ഡി.എം.കെ. സഖ്യത്തിൽ ചേർന്നതോടെയാണ് തീരുമാനം. 2025-ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എം.എൻ.എമ്മിന് ഒരു സീറ്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
രാജ്യത്തിനു വേണ്ടി ഡി.എ.കെ. സഖ്യത്തിൽ ചേർന്നുവെന്ന് കമൽഹാസൻ ചെന്നൈയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു. എം.എൻ.എം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും എന്നാൽ, എല്ലാവിധ പിന്തുണയും ഡി.എം.കെ. സഖ്യത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാനും എന്റെ പാർട്ടിയും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ സഖ്യത്തിനു വേണ്ട എല്ലാ പിന്തുണയും നൽകും. ഞങ്ങൾ കൈകോർത്തത് ഏതെങ്കിലും പദവിക്കു വേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണ്." കമൽഹാസൻ പറഞ്ഞു.
കമൽഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തോടെയാണ് ഡിഎംകെ നയിക്കുന്ന മുന്നണി ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആദ്യമായാണ് ഡിഎംകെയുമായി എംഎൻഎം സഖ്യത്തിലേർപ്പെടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെങ്കിലും ഡിഎംകെയുമായി ഒത്ത് 'മക്കൾ നീതി മയ്യം' പ്രവർത്തിച്ചുപോകും. ഇതിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നുകഴിഞ്ഞു. ഡിഎംകെയ്ക്ക് വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ കമൽഹഗസ്സൻ താരപ്രചാരകനാകും. എല്ലാ മണ്ഡലങ്ങളും പ്രചാരണത്തിനായി കമൽഹാസൻ എത്തും.
ഡിഎംകെയുമായി ചേർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ കമൽഹാസൻ മത്സരിക്കുമെന്ന തരത്തിൽ വലിയ രീതിയിൽ പ്രചരണങ്ങളുണ്ടായിരുന്നു. ഏറെ ചർച്ചകളും ഇത് സംബന്ധിച്ച് ഡിഎംകെയും മക്കൾ നീതി മയ്യവും തമ്മിലുണ്ടായിരുന്നു.ഡിഎംകെയ്ക്ക് ഒപ്പം തന്നെയായിരിക്കും മക്കൾ നീതി മയ്യമെന്ന സൂചന നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാൽ കമൽഹാസന്റെ മത്സരം സംബന്ധിച്ച സ്ഥിരീകരണമാണ് ലഭിക്കാതിരുന്നത്.