ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയും പ്രകടന പത്രികയും പുറത്തിറക്കി. വമ്പൻ വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രകാശനം ചെയ്ത പ്രകടന പത്രികയിൽ മുന്നോട്ടുവയ്ക്കുന്നത്.

ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യും, പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും. പെട്രോൾ വില 75 രൂപയും ഡീസൽ വില 65ഉം രൂപയായി കുറയ്ക്കും. നീറ്റ് പരീക്ഷ ഒഴിവാക്കും, യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ല,തിരുക്കുറൽ ദേശീയ ഗ്രന്ഥമാക്കും, സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ, പാചകവാതകം 500 രൂപയ്ക്ക്,ദേശീയ പാതയിലെ ടോൾ ഗേറ്റുകൾ ഇല്ലാതാക്കും തുടങ്ങിയവയാണ് മുഖ്യവാഗ്ദാനങ്ങൾ

'തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതും പറയുന്ന കാര്യങ്ങൾ തുടർന്നും ചെയ്യുന്നതും ഡിഎംകെയാണ്, ഇതാണ് ഞങ്ങളുടെ നേതാക്കൾ ഞങ്ങളെ പഠിപ്പിച്ചത്. കനിമൊഴി പറഞ്ഞതുപോലെ ഞങ്ങൾ സംസ്ഥാനത്തുടനീളം പോയി പലരെയും കണ്ടു മനസിലാക്കി. ഇത് ഡിഎംകെയുടെ പ്രകടനപത്രിക മാത്രമല്ല, ജനങ്ങളുടെ പ്രകടനപത്രികയാണ്. 2014ൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ അവർ ഇന്ത്യയെ തകർത്തു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഞങ്ങൾ ഇന്ത്യ സംഖ്യം രൂപീകരിച്ചു, 2024 ൽ ഞങ്ങളുടെ സർക്കാർ രൂപീകരിക്കും. ഞങ്ങളുടെ പ്രകടനപത്രികയിൽ തമിഴ്‌നാടിന് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്, എല്ലാ ജില്ലകൾക്കും ഈ പ്രകടനപത്രികയിൽ ഇടം നൽകിയിട്ടുണ്ട്" സ്റ്റാലിൻ പറഞ്ഞു.

അതേസമയം, 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഡിഎംകെ പ്രഖ്യാപിച്ചു.11 പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. കനിമൊഴി, ടി.ആർ.ബാലു, എ.രാജ, ദയാനിധി മാരൻ എന്നിവരാണത്. മുൻ മന്ത്രി കെ പൊന്മുടിയുടെ മകന് സീറ്റ് നിഷേധിച്ചു. കനിമൊഴി-തൂത്തുക്കുടി, ദയാധിനിധി മാരൻ-സെൻട്രൽ ചെന്നൈ, കലാനിധി വീരസാമി-നോർത്ത് ചെന്നൈ, ടി.ആർ ബാലു- ശ്രീപെരുംപുത്തൂർ എന്നിവരാണ് മത്സരരംഗത്തുള്ള പ്രധാന നേതാക്കൾ.