ന്യൂഡൽഹി: പാർലമെന്റിൽ സംസാരിക്കാൻ കേന്ദ്ര സർക്കാർ തന്നെ അനുഭവിക്കുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ ഗാന്ധി. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എന്നെ വിശദീകരണം നൽകാൻ അനുവദിക്കുമോ, അതോ നിഷേധിക്കുമോ എന്നറിയാൻ രാജ്യം കാത്തിരിക്കുകയാണ്. എന്തായാലും, വെള്ളിയാഴ്ച സർക്കാർ അതിന് സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപി എന്ന നിലയിൽ പാർലമെന്റിൽ വിശദീകരണം നൽകേണ്ടത് എന്റെ അവകാശമാണ്. പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു. പല ബിജെപി നേതാക്കളും എനിക്കെതിരെ സഭയിൽ പല ആരോപണങ്ങളും ഉന്നയിച്ചു', രാഹുൽ പറഞ്ഞു.

പ്രധാന വിഷയം, അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണെന്നുള്ളതാണ്, രാഹുൽ ആവർത്തിച്ചു. രാജ്യത്തിന്റെ ജനാധിപത്യ സ്ഥിതിയെ ചോദ്യം ചെയ്യുക വഴി ഇന്ത്യക്ക് പുറത്ത് രാഹുൽ രാജ്യത്തെ അപമാനിച്ചുവെന്നാണ് ബിജെപി നേതാക്കൾ ആരോപിച്ചത്. ലണ്ടനിൽ രാഹുൽ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഇതിന് ശേഷം ആദ്യമായാണ് ഇന്ന് അദ്ദേഹം പാർലമെന്റിൽ എത്തിയത്. രാഹുൽ മാപ്പ് പറയണമെന്ന് നാല് കേന്ദ്ര മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.

'ഇന്ന് ഞാൻ വന്ന് ഒരുമിനിറ്റ് കഴിഞ്ഞപ്പോൾ പാർലമെന്റ് പിരിഞ്ഞു. എന്റെ ആശയം വ്യക്തമാക്കാമെന്ന് വിചാരിച്ചാണ് ഞാൻ ഇവിടെ എത്തിയത്. ഇന്ത്യൻ ജനാധിപത്യം സുഗമമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, എനിക്ക് പറയാനുള്ളത് പാർലമെന്റിൽ പറയാനാകും. ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണമാണ് നിങ്ങൾ കാണുന്നത്. നാല് മന്ത്രിമാർക്ക് നൽകിയ അതേ അവസരം ഒരു എംപിയായ എനിക്ക് ആരോപണങ്ങൾക്ക് മറുപടി പറയാൻ നൽകുമോ എന്നതാണ്', രാഹുൽ പറഞ്ഞു. താൻ സ്പീക്കറോട് സംസാരിക്കാൻ അവസരം ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞില്ലെന്നും ചിരിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുൽ പറഞ്ഞു.

കഴിഞ്ഞ മാസം പാർലമെന്റിൽ താൻ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്റെ ലണ്ടൻ പരാമർശങ്ങളെ ബിജെപി വിവാദമാക്കിയത്. എനിക്ക് ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടിസ്ഥാനപരമായ ചോദ്യമുണ്ട്. സർക്കാരിനും മോദിക്കും, അദാനി വിഷയത്തിൽ, മറുപടി പറയാൻ ഭയമായതുകൊണ്ടാണ് ഈ വിവാദം മുഴുവൻ സൃഷ്ടിച്ചത്, രാഹുൽ പറഞ്ഞു.

താൻ ലണ്ടനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗമാണ് നടത്തിയതെന്ന് ആരോപണവും രാഹുൽ നിഷേധിച്ചു. മാപ്പുപറയുമോ എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി ഒരുചിരി മാത്രമായിരുന്നു.

രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തെ ചൊല്ലി പാർലമെന്റിൽ കഴിഞ്ഞ ദിവസം ബഹളമുണ്ടായിരുന്നു. ലോകത്തിന് മുന്നിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധി ശ്രമിച്ചു എന്നും ഇക്കാര്യത്തിൽ മാപ്പ് പറയാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു. കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുകയാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ സഭ ഒന്നടങ്കം അപലപിക്കണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ആവശ്യപ്പെട്ടു. ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുകയാണെന്ന പ്രസ്താവത്തിൽ ലോക്‌സഭാ സ്പീക്കറോട് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും പീയൂഷ് ഗോയൽ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യൻ പാർലമന്റിനെ ഇകഴ്തിക്കാട്ടാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെന്നും ബിജെപി അംഗങ്ങൾ ആരോപിച്ചിരുന്നു.