ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന രാജ്യവ്യാപക മെഗാറാലിയിൽ ഉദ്യാഗസ്ഥരെ ജില്ലാ രഥ് പ്രഭാരിമാരായി നിയോഗിക്കാനുള്ള നീക്കത്തിന് തിരിച്ചടി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ യാത്ര നിരോധിച്ചു. മോദിസർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാരിലെ എ ഗ്രൂപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ച് നടത്താൻ തീരുമാനിച്ച 'രഥ് യാത്ര' നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഡിസംബർ അഞ്ച് വരെ യാത്ര നിർത്തിവെക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞാഴ്ച വികസിത് ഭാരത് സങ്കൽപ്പ യാത്രയുടെ ജില്ലാ രഥ് പ്രഭാരിമാരെ( പ്രത്യേക ഓഫീസർമാർ) മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ നിന്ന് നിർദ്ദേശിക്കണമെന്ന് കേന്ദ്ര സർക്കാർ എല്ലാ മന്ത്രാലയങ്ങളോടും ഉത്തരവിട്ടിരുന്നു. ജോയിന്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡപ്യൂട്ടി സെക്രട്ടറി എന്നീ റാങ്കുകളിൽ ഉള്ളവരെയാണ് ജില്ലാ രഥ് പ്രഭാരിമാരായി നിയമിക്കാനിരുന്നത്. രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ രഥയാത്ര നടത്തി 2014 മുതലുള്ള ഭരണനേട്ടങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കുകയായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യം.

ഉത്തരവിനെതിരെ ഒരുവിഭാഗം ഉദ്യോഗസ്ഥർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. പദ്ധതിയോടുള്ള എതിർപ്പ് അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുൻ ഉദ്യോഗസ്ഥർ കത്തെഴുതുകയും ചെയ്തു. കേന്ദ്രത്തിലും, സംസ്ഥാനങ്ങളിലുമുള്ള ഭരണമാറ്റങ്ങൾ ബാധിക്കാതെ, ജോലി തുടരാൻ ബാധ്യസ്ഥരായ സർക്കാർ ജീവനക്കാരെ രാഷ്ട്രീയ പ്രവർത്തനത്തിന് നിയോഗിക്കുന്നത് ചട്ടവിരുദ്ധവുമാണ്.

തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്. മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ ഡിസംബർ 5 വരെ ഇത്തരം പ്രവർത്തനങ്ങൾ മണ്ഡലങ്ങളിൽ അരുതെന്നും കമ്മീഷൻ ഉത്തരവിട്ടു.

കോൺഗ്രസ് ദേശീയാദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി. സർക്കാർ സംവിധാനത്തിന്റെ കടുത്ത ദുരുപയോഗമാണെന്ന് കാട്ടി ഞായറാഴ്ച ഖാർഗെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. 1964 ലെ സിവിൽ സർവീസ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതെന്നും ഖാർഗെ മോദിക്ക് എഴുതി.

എന്നാൽ, യാത്ര തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളെ ഒഴിവാക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട കാലാവധി കഴിഞ്ഞ ശേഷമേ യാത്ര ആ സംസ്ഥാനങ്ങളിൽ എത്തുകയുള്ളുവെന്ന് ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര വ്യക്തമാക്കിയിരുന്നു.