- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണക്കേസിൽ സോറനെ ഇ.ഡി. ചോദ്യം ചെയ്യുന്നു
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. റാഞ്ചിയിലെ സോറന്റെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനൊടുവിൽ സോറന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. സോറന് പിന്തുണ പ്രഖ്യാപിച്ച് ജെഎഎം എംഎൽഎമാർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ പ്രതിഷേധവുമായി എത്തി. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് സെക്ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർ സോറന്റെ വീടിനു മുന്നിൽ സുരക്ഷ ശക്തമാക്കി.
സോറനെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന്റെ ഡൽഹി വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തിയതോടെയാണ് ജാർഖണ്ഡ് രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധയിലെത്തിയിട്ടുണ്ട്. ഇഡിക്ക് സോറനെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ, സോറനെ കാൺമാനില്ലെന്ന് ബിജെപി പോസ്റ്റർ അടിച്ചിറക്കിയിരുന്നു. റാഞ്ചിയിൽനിന്ന് ഡൽഹിയിലെ വസതിയിലേക്കു ചാർട്ടേഡ് വിമാനത്തിൽ യാത്ര തിരിച്ച സോറൻ 40 മണിക്കൂറോളം അപ്രത്യക്ഷനായിരുന്നു.
ഇഡിയെ പേടിച്ച് ഡൽഹിയിലെ വസതിയിൽനിന്ന് സോറൻ ഓടിപ്പോയെന്ന ബിജെപിയുടെ പരിഹാസം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ സോറൻ ജാർഖണ്ഡ് ഗവർണറുടെ വസതിയിലെത്തിയത്. സോറന്റെ തിരോധാനം സുപ്രധാനമായൊരു രാഷ്ട്രീയ നീക്കം ആസൂത്രണം ചെയ്യാനായിരുന്നു എന്നാണ് വിലയിരുത്തൽ. ഭാര്യ കൽപന സോറനെ മുഖ്യമന്ത്രി പദത്തിലെത്തിച്ചേക്കുമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ജനുവരി 20ന് സോറനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ആദ്യ എട്ട് സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20നു ഹാജരായത്. രണ്ടാമത്തെ ചോദ്യം ചെയ്യലിനായി സോറനെ തിരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 48 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിലൊടുവിൽ സോറൻ റാഞ്ചിയിൽ പറന്നിറങ്ങുകയായിരുന്നു.
2020 - 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്ന് കള്ളപ്പണക്കേസുകളാണ് ഇ.ഡി. രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു. 27നു ഡൽഹിയിലെത്തിയിരുന്ന സോറനെ തിരഞ്ഞ് ഇ.ഡി അധികൃതർ ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഉദ്യോഗസ്ഥർ റാഞ്ചിയിലുമെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ, മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ബിജെപി പോസ്റ്റർ ഇറക്കിയത്. ഇന്നലെ രാവിലെ സോറൻ റാഞ്ചിയിലെത്തുകയായിരുന്നു.
സോറന്റെ അറസ്റ്റ് അഭ്യൂഹത്തിനിടയിൽ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനായി റാഞ്ചിയിൽ ചേർന്ന ജെഎംഎം എംഎൽഎമാരുടെ യോഗത്തിൽ കൽപന പങ്കെടുത്തിരുന്നു. ഐകകണ്ഠ്യേനയാണ് എംഎൽഎമാർ കൽപനയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്. കൽപന മുഖ്യമന്ത്രിയാകുന്നതിനോട് പാർട്ടിക്ക് എതിർപ്പില്ലെങ്കിലും ഹേമന്തിന്റെ സഹോദരൻ ബസന്ത് സോറനും സഹോദര ഭാര്യ സീത സോറനും ഇതിനെതിരാണെന്ന വാദവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
സോറന്റെ തീരുമാനത്തെ സഹോദരൻ അംഗീകരിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ നിഷികാന്ത് ദുബെ അവകാശപ്പെട്ടത്. എന്നാൽ ബസന്ത് സോറൻ ഇത് നിഷേധിച്ചു. ജാർഖണ്ഡ് മുക്തി മോർച്ച കുടുംബത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും ഭിന്നതകൾ ഉണ്ടായത് ദുബെയുടെ കുടുംബത്തിലാണെന്നുമായിരുന്നു ബസന്തിന്റെ പ്രതികരണം.
കൽപന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ അവർ ഏതെങ്കിലും മണ്ഡലത്തിൽനിന്ന് ജനവിധി തേടേണ്ടി വരും. കൽപനയ്ക്ക് മത്സരിക്കാനായി ഗാണ്ഡേയ് മണ്ഡലത്തിലെ എംഎൽഎ സർഫാസ് അഹമ്മദ് രാജിവച്ചതായും റിപ്പോർട്ടുകളുണ്ട്. ഝാർഖണ്ഡിൽ നടക്കുന്നത് മന്ത്രിസഭയെ താഴെയിറക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി വായിക്കപ്പെടുകയാണെങ്കിൽ, നിയമസഭയുടെ കാലാവധി തീരാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെ ഇനിയൊരു ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൽപനയുടെ പേര് മാധ്യമങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് 2022 ലാണ്. അതും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു ആരോപണമായിരുന്നു. മുൻ മുഖ്യമന്ത്രി രഘുബർ ദാസ് ഹേമന്ത് സോറനെതിരെ ഉയർത്തിയ ആരോപണത്തിലാണ് കൽപനയുടെ പേരു ഉൾപെട്ടത്. സോറൻ തന്റെ പദവി ദുരുപയോഗം ചെയ്ത് കൽപനയുടെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ മേഖലയ്ക്ക് ഭൂമി അനുവദിച്ചെന്നായിരുന്നു ആരോപണം. ഇന്ന് വീണ്ടും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സോറനെതിരെ ആരോപണമുയരുമ്പോൾ കൽപനയുടെ പേര് വീണ്ടും ജാർഖണ്ഡ് രാഷ്ട്രീയ ഭൂമികയിൽ ഉയരുകയാണ്.