ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ ഇഡിയുടെ പരിശോധന. 12 അംഗ സംഘമാണ് കെജ്രിവാളിന്റെ വീട്ടിൽ എത്തിയത്. ഇതോടെ, നാടകീയ രംഗങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്.

കെജ്രിവാളിന് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ആവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സെർച്ച് വാറണ്ടുമായി പരിശോധന. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞതെങ്കിലും വീട്ടിൽ പരിശോധന നടത്തുന്നതായാണ് വിവരം. ഡൽഹി മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥർ കെജരിവാളിന്റെ സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്. അതേസയം മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എ എ പി നേതാക്കൾ കെജരിവാളിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഇവിടെ കെജരിവാളിന്റെ നിയമസംഘം കൂടിയാലോചന നടത്തുകയാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് എഎപി നേതാക്കൾ സംശയിക്കുന്നു.

അതിനിടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനായി കെജ്രിവാൾ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെജ്രിവാളും ആം ആദ്മി പാർട്ടി ഇതിനകം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചുകഴിഞ്ഞു. അടിയന്തര വാദം വേണമെന്നാണ് ആവശ്യം. ഇ ഡി കേസിൽ അറസ്റ്റ് തടയാത്ത ഡൽഹി ഹൈക്കോടതി നടപടിക്ക് എതിരെ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇ ഡി തുടർച്ചയായി അയക്കുന്ന സമൻസുകൾക്കെതിരെയാണ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹർജി ഏപ്രിൽ 22 ന് വാദം കേൾക്കും.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമൻസുകളാണ് ഇ.ഡി. ഇതുവരെ അരവിന്ദ് കെജ്രിവാളിന് അയച്ചത്. എന്നാൽ ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമൻസ് അയച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഡൽഹി മുഖ്യമന്ത്രിക്കെതിരെ ഇ.ഡി. നൽകിയ രണ്ട് പരാതികളിൽ ഡൽഹിയിലെ കോടതിയിൽ നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി. ഒമ്പതാമത്തെ സമൻസ് അയച്ചത്. നേരത്തേ അയച്ച എട്ടിൽ ആറ് സമൻസുകളും അവഗണിച്ചതിനെതിരെയായിരുന്നു പരാതി.

ചോദ്യം ചെയ്യലിന് ഹാജരാകാത്ത കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. ഡൽഹി മദ്യനയ കേസിന്റെ കുറ്റപത്രത്തിൽ പലതവണ കെജ്രിവാളിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം. 2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികൾ കെജ്രിവാളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നുവെന്നും ഇ.ഡി പറയുന്നു.