ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമൻസ്. വ്യാഴാഴ്ച ഹാജരാകാനാണ് ഇഡി വിളിച്ചിരിക്കുന്നത്. ഇതുരണ്ടാം വട്ടമാണ് ആം ആദ്മി പാർട്ടി തലവന് ഇഡി സമൻസ് അയയ്ക്കുന്നത്. ആദ്യം വിളിപ്പിച്ചത് നവംബർ രണ്ടിനായിരുന്നെങ്കിലും, മധ്യപ്രദേശിലെ പ്രചാരണത്തിന്റെ പേരുപറഞ്ഞ് കെജ്രിവാൾ ഹാജരായിരുന്നില്ല.

തന്നെ അന്ന് അറസ്റ്റ് ചെയ്യുമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിൽ സമൻസ് അനധികൃതവും, രാഷ്ടീയ പ്രേരിതവുമാണെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. വ്യക്തിയെന്ന നിലയിലാണോ, അതോ, മുഖ്യമന്ത്രിയെന്ന നിലയിലാണോ എഎപി കൺവീനറെന്ന നിലയിലാണോ തന്നെ വിളിപ്പിച്ചതെന്ന് സമൻസിൽ വ്യക്തതയില്ലെന്ന് കെജ്രിവാൾ ഇഡിക്ക് എഴുതിയിരുന്നു. ഒരു വ്യക്തിക്ക് മൂന്നുതവണ വരെ സമൻസ് ഒഴിവാക്കാം. അതിന് ശേഷം ഏജൻസിക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാം.

ഏപ്രിലിൽ, സിബിഐ കെജ്രിവളിനെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം സിബിഐയെ കെജ്രിവാൾ വിമർശിക്കുകയും ചെയ്തു. സിബിഐ തന്നോട് 56 ചോദ്യം ചോദിച്ചെന്നും എല്ലാം വ്യാജമായിരുന്നും, തങ്ങൾക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

കെജ്രിവാളിന് സമൻസ് വീണ്ടും അയച്ചതോടെ, പാർട്ടിയെ കേസിൽ പ്രതിയാക്കുന്നതിനെ കുറിച്ചും വീണ്ടും ചർച്ചകൾ സജീവമാകും. ഒക്ടോബറിൽ സുപ്രീം കോടതി ഇക്കാര്യം ഇഡിയോട് ആരാഞ്ഞിരുന്നു.

2022 ലെ എഎപി സർക്കാരിന്റെ പുതുക്കിയ മദ്യവിൽപ്പന നയവുമായി ബന്ധപ്പെട്ടാണ് കോഴയാരോപണം ഉയർന്നത്. കോടികളുടെ കോഴ എഎപിയുടെ ഗോവയിലെയും മറ്റുസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ചെലവിനായി വിനിയോഗിച്ചുവെന്നാണ് ആരോപണം. ചില ഡീലർമാർക്ക് അനുകൂലമാകുന്ന തരത്തിലായിരുന്നു നയമെന്നും, ഇക്കൂട്ടർ മദ്യവിൽപ്പന ലൈസൻസിനായി കോഴ നൽകിയെന്നുമാണ് ഇഡിയും, സിബിഐയും ആരോപിച്ചത്.

എഎപി ആരോപണങ്ങൾ ശക്തമായി നിഷേധിച്ചുവെങ്കിലും, കഴിഞ്ഞ വർഷം ജൂലൈയിൽ പുതിയ മദ്യനയം റദ്ദാക്കി പഴയ നയം തിരിച്ചുകൊണ്ടുവന്നു. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തു. കെജ്രിവാളിനെയും കേസിൽ കുടുക്കാൻ വൻഗൂഢാലോചന നടക്കുന്നുണ്ടെന്ന് സഞ്ജയ് സിങ് കഴിഞ്ഞ മാസം ആരോപിച്ചത്, ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.