ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി വിധി ഏറ്റവും വലിയ തിരിച്ചടിയായത് ബിജെപിക്ക്. കാരണം, ഇലക്ടറൽ ബോണ്ട്‌സ് പദ്ധതി വഴിയാണ് 2016-2022 കാലയളവിൽ ബിജെപിക്ക് 55 ശതമാനത്തിലേറെ സംഭാവനകളും കിട്ടിയത്.

എന്താണ് ഇലക്ടറൽ ബോണ്ട്?

വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും പേരുവെളിപ്പെടുത്താതെ, രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനം. 2018 ജനുവരി 2 മുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്തികൾക്ക് ഒറ്റയ്‌ക്കോ സംഘമായോ വാങ്ങാനും സാധിക്കും.

2016 നും 2022 നും മധ്യേ 16,437.63 കോടിയുടെ മൂല്യമുള്ള 28,030 ഇലക്ടറൽ ബോണ്ടുകൾ വിറ്റതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ പറയുന്നു.

ബോണ്ട് വാങ്ങാനുള്ള വ്യവസ്ഥകൾ

* പലിശയില്ലാത്ത കടപ്പത്രം ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ കമ്പനികൾക്കും വാങ്ങാം.

* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്ചിത ശാഖകളാണു നൽകുക.

* 1000, 10,000, 1,00,000 , 10,00,000, 1,00,00,000 എന്നിങ്ങനെ എത്ര രൂപയ്ക്കു വേണമെങ്കിലും വാങ്ങാം.

* ഇടപാടുകാരന്റെ വിശദാംശങ്ങൾ (കെവൈസി) സംബന്ധിച്ച വ്യവസ്ഥ പാലിക്കുന്നവർക്ക്, ബാങ്ക് അക്കൗണ്ടിൽനിന്നു പണം നൽകി വാങ്ങാം.

* വാങ്ങുന്നയാളുടെ പേരു കടപ്പത്രത്തിൽ രേഖപ്പെടുത്തില്ല.

* മൂല്യം 15 ദിവസത്തേക്കു മാത്രം.

* കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു ശതമാനമെങ്കിലും വോട്ടു നേടിയ, രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കാണ് ഇങ്ങനെ സംഭാവന സ്വീകരിക്കാവുന്നത്.

* ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ 10 ദിവസം വീതമാണു ബാങ്ക് കടപ്പത്രം നൽകുക. പൊതുതിരഞ്ഞെടുപ്പിന്റെ വർഷത്തിൽ 30 ദിവസത്തെ അധികസമയം അനുവദിക്കും.

*കമ്മിഷനെ മുൻകൂട്ടി അറിയിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ പാർട്ടിക്കു കടപ്പത്രം മാറ്റിയെടുക്കാനാവൂ.

* കടപ്പത്രത്തിലൂടെ ലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനു ലഭ്യമാക്കണം.

* കടപ്പത്രത്തിൽ പേരില്ലെങ്കിലും, അതു വാങ്ങുന്നവരുടെ ബാലൻസ് ഷീറ്റിൽ വിവരങ്ങളുണ്ടാവും. ആര്, ഏതു പാർട്ടിക്കു സംഭാവന നൽകി എന്നതു മാത്രമാവും അറിയാൻ സാധിക്കുക.

ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് ഹർജിക്കാരായ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവർ സുപ്രീം കോടതിയിൽ വാദിച്ചത്.

സംഭാവനയുമായി ബന്ധപ്പെട്ട് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും നേരത്തേ കോടതിയിൽ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നു. സംഭാവന നൽകുന്നവരുടെ സ്വകാര്യത മാനിക്കണമെന്നു കേന്ദ്രം വാദിച്ചു. എന്നാൽ സുതാര്യത ഉറപ്പുവരുത്താൻ പേരുകൾ വെളിപ്പെടുത്തണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടായിരുന്നത്.

രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ടെന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞു. സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു. കള്ളപണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വ്യക്തികളുടെ സംഭാവനകളെക്കാൾ കമ്പനികളുടെ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം ചെലുത്തും. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്. ഇലക്ട്രൽ ബോണ്ടിനായി കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.

ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ ബിജെപിക്ക്

കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് തന്നെയാണ് ഇലക്ടറൽ ബോണ്ടുകളുടെ സിംഹഭാഗവും കിട്ടിയത്. 2018 ൽ പദ്ധതി കൊണ്ടുവന്ന ശേഷം കഴിഞ്ഞ സാമ്പത്തിക വർഷം വരെ എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടി 12,000 കോടിയുടെ ബോണ്ടുകൾ സ്വീകരിച്ചു. അതിൽ 55 ശതമാനത്തോളം ബിജെപിക്കാണ്: 6,565 കോടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെയും രേഖകളിലെ കണക്കാണിത്.

പാർട്ടി തിരിച്ചുള്ള കണക്കുകൾ ഈ സാമ്പത്തിക വർഷാവസാനത്തോടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിച്ച ശേഷമേ കിട്ടുകയുള്ളു. എന്നിരുന്നാലും, 2018 മാർച്ചിനും 2024 ജനുവരിക്കും മധ്യേ 16,518.11 കോടിയുടെ ബോണ്ടുകൾ വിറ്റ് പണമാക്കിയെന്ന് എ ഡി ആറിന്റെ കണക്കിൽ പറയുന്നു. മിക്ക പാർട്ടികൾക്കും കിട്ടിയ സംഭാവനകളുടെ പകുതിയിലേറെ ഇലക്ടറൽ ബോണ്ടുകളായിരുന്നു. സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന ചില പ്രാദേശിക പാർട്ടികളുടെ കാര്യത്തിൽ അത് 90 ശതമാനത്തിലേറെ വന്നു. ബിജെപിയുടെ കാര്യത്തിലും മൊത്തം വരുമാനത്തിന്റെ പകുതിയിലേറെ ഇലക്ടറൽ ബോണ്ടുകളാണ്. പട്ടികയിലെ മറ്റു 30 പാർട്ടികളേക്കാൾ മൂന്നിരട്ടിയാണ് ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് കിട്ടിയ സംഭാവന. 2017 മുതൽ 2022 വരെ കോൺഗ്രസിനേക്കാൾ അഞ്ചിരട്ടി സംഭാവന ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് കിട്ടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ

അതേസമയം, ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി 1,300 കോടി രൂപ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കാലയളവിൽ കോൺഗ്രസിനു ലഭിച്ചതിനേക്കാൾ ഏഴിരട്ടി തുകയാണിതെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബിജെപിക്ക് 2022-23 വർഷത്തിൽ ലഭിച്ച തുകയുടെ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകൾ വഴിയാണ്. ഇതേ കാലയളവിൽ പാർട്ടിക്ക് മൊത്തം 2120 കോടി രൂപ സംഭാവനയായി ലഭിച്ചു. 2021-22 സാമ്പത്തികവർഷത്തിൽ ഇത് 1775 കോടി രൂപയായിരുന്നു. 2021-22 വർഷത്തിൽ 1917 കോടിയായിരുന്ന പാർട്ടിയുടെ മൊത്തം വരുമാനം 2022-23ൽ 2360.8 കോടി രൂപയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

പലിശയിനത്തിൽ കഴിഞ്ഞവർഷം ബിജെപി 237 കോടി രൂപ സമ്പാദിച്ചു. 2021-22ൽ ഇത് 135 കോടിയായിരുന്നു. തെരഞ്ഞെടുപ്പിനും പൊതുപ്രചാരണങ്ങൾക്കുമായി വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സേവനത്തിനായി 78.2 കോടി രൂപ പാർട്ടി കഴിഞ്ഞവർഷം ചെലവഴിച്ചു. സ്ഥാനാർത്ഥികൾക്ക് 76.5 കോടി രൂപ സാമ്പത്തികസഹായമായി നൽകിയതായും റിപ്പോർട്ടിലുണ്ട്.

അതേസമയം, 2021-22 വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി 236 കോടി രൂപ ലഭിച്ച കോൺഗ്രസിന് കഴിഞ്ഞവർഷം ലഭിച്ചത് 171 കോടി രൂപയാണ്. 2022-23 വർഷത്തിൽ തെലുങ്കുദേശം പാർട്ടിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച തുകയിൽ പത്തിരട്ടി വർധനയാണു രേഖപ്പെടുത്തിയത്. 34 കോടി രൂപയാണ് ഇതുവഴി പാർട്ടിയിലേക്കെത്തിയത്. സമാജ്വാദി പാർട്ടിക്ക് 2021-22 സാമ്പത്തികവർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി 3.2 കോടി രൂപ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞവർഷം കാര്യമായി ലഭിച്ചില്ല. ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിക്കാതിരുന്ന പ്രമുഖ പാർട്ടി സിപിഎം മാത്രമാണ്. ഹർജിക്കാരിൽ ഒരാളും സിപിഎമ്മായിരുന്നു.