ന്യൂഡൽഹി: ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട് പുറത്തു വരുമ്പോൾ വെട്ടിലാകുന്നത് ബിജെപി. ഇക്കാര്യത്തിൽ സത്യം പുറത്തു വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് നൽകിയത്. ഈ വിഷയം സജീവ ചർച്ചയാക്കാൻ കോൺഗ്രസും ഉണ്ടാകും. ഇതോടെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബോണ്ട് കത്തികയറുമെന്ന് ഉറപ്പായി.

ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത്. റിപ്പോർട്ടേഴ്‌സ് കളക്ടീവാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. 333 സ്വകാര്യ വ്യക്തികൾ 358 കോടിയുടെ ബോണ്ട് വാങ്ങിയെന്ന റിപ്പോർട്ടും പുറത്ത് വന്നു. 2019 നും 2024 നും ഇടയിൽ വ്യക്തികൾ വാങ്ങിയ ബോണ്ട് വിവരങ്ങളാണ് പുറത്ത് വന്നത്. ഇതിൽ 44 ശതമാനവും കമ്പനികളും ആയി ബന്ധപ്പെട്ടവരാണ്. വ്യക്തികൾ നേരിട്ട് വാങ്ങിയത് രണ്ട് കോടി മുതൽ മുപ്പത്തിയഞ്ച് കോടി വരെയാണ്.

ഇലക്ട്രൽ ബോണ്ട് അഴിമതിയാണെന്നും ബിജെപിക്ക് പണം ലഭിക്കുന്നതിന് അന്വേഷണ ഏജൻസികൾ എങ്ങനെ സഹായിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഉൾപ്പെടെ വിമർശനം ഉന്നയിക്കുന്നത്. ഇലക്ട്രൽ ബോണ്ട് പ്രധാനമന്ത്രി ഹഫ്ത പിരിക്കൽ യോജനയെന്ന് ജയ്‌റാം രമേശ് പരിഹസിച്ചു. ഇഡി , സിബിഐ , ആദായനികുതി അന്വേഷണങ്ങൾ നേരിടുന്ന 21 കമ്പനികളെങ്കിലും കോടികളുടെ ബോണ്ട് വാങ്ങിയെന്നതാണ് വസ്തുത.

ബോണ്ട് വാങ്ങിയ കമ്പനികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ട് വാങ്ങിക്കൂട്ടിയ കമ്പനികളിലൊന്നായ മേഘ എഞ്ചിനീയറിങ്ങാണ് ജെഡിഎസിന് കിട്ടിയ സംഭാവനകളിൽ പകുതിയും നൽകിയതെന്ന് വ്യക്തമായി. 50 കോടിയുടെ ബോണ്ട് ജെഡിഎസിന് കമ്പനി നല്കിയിട്ടുണ്ട്. ബിആർഎസിന് വൻ തുക നല്കിയതും മേഘ എന്നാണ് സൂചന.

ഡിഎംകെ അണ്ണാ ഡിഎംകെ ജെഡിഎസ് നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികൾ മാത്രമാണ് സംഭാവന ആര് നൽകിയതെന്ന് വെളിപ്പെടുത്തിയത്. സംഭാവനികളിൽ 94 ശതമാനവും ആര് നൽകിയതാണെന്ന് രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസും പുറത്തു പറഞ്ഞിട്ടില്ല. ഇതിനിടെയാണ് പി എം കെയർ ഫണ്ടിലും ആരോപണം എത്തുന്നത്.

തെരഞ്ഞെടുപ്പ് കടപ്പത്ര വിവാദത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ മറ്റൊരു ആരോപണവുമായി കോൺഗ്രസ് രംഗത്ത് വരുമ്പോൾ പ്രചരണം കൂടുതൽ ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കെയർ ഫണ്ടിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കടപ്പത്രം പോലെ തന്നെ പിഎം കെയർ ഫണ്ടും അഴിമതിയാണെന്നാണ് ആരോപണം.

കടപ്പത്ര കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ വരുമ്പോൾ പിഎം കെയറിന് ലഭിച്ച 12700 കോടി രൂപ സംഭാവന ആരുടേതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ലെന്ന് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. പിഎം കെയറിനെ വിസ്മരിച്ച് മുന്നോട്ട് പോകാനാവില്ല. പിഎം കെയർ ഫണ്ടിന് സർക്കാർ നിരവധി ഇളവുകൾ നൽകിയിട്ടുണ്ട്. ചൈനീസ് കമ്പനികളുടേതടക്കം വിദേശ സംഭാവനയും പിഎം കെയറിലേക്ക് ലഭിച്ചുവെന്നാണ് ആരോപണം.

കടപ്പത്രം പോലെ തന്നെ അന്വേഷണം ഒഴിവാക്കുന്നതിനോ കരാർ നേടുന്നതിനോ ഉള്ള ശ്രമം പിഎം കെയർ സംഭാവനകളിലും നടന്നെന്ന് സംശയിക്കേണ്ട സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.