ന്യൂഡൽഹി: ലോക്‌സഭയിൽ ശക്തമായി പ്രതികരിക്കുന്ന എംപിമാരുടെ കൂട്ടത്തിലായ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മോയിത്രക്ക് എംപി സ്ഥാനം തെറിക്കുമോ? ചോദ്യത്തിന് കോഴ വിവാദത്തിൽ മഹുവ മോയിത്രയെ ലോക്‌സഭയിൽ നിന്നും പുറത്താക്കാൻ ശുപാർശ ചെയ്തു എത്തിക്‌സ് കമ്മിറ്റി. മഹുവയുടെ പ്രവർത്തി അസ്സന്മാർഗികവും ഹീനവുമാണെന്ന് സമിതി വിലയിരുത്തിയതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു.

മൊയ്ത്രയുടെ ഭാഗത്തുനിന്ന് 'ഗുരുതരമായ വീഴ്ച'യുണ്ടായതായി അവർ പറഞ്ഞു. വിഷയത്തിൽ സമിതി വ്യാഴാഴ്ച കരട് റിപ്പോർട്ട് സമർപ്പിക്കും. 500 പേജുള്ളതാണ് റിപ്പോർട്ട്. സമിതിയിൽ ബിജെപി അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ 15 അംഗ കമ്മിറ്റി മൊയ്ത്രയ്ക്കെതിരായ കുറ്റാരോപണങ്ങളിൽ കടുത്ത നിലപാട് എടുക്കാൻ സാധ്യതയുണ്ട്. സമിതി അധ്യക്ഷനും ബിജെപി എംപിയുമായ വിനോദ് കുമാർ സോങ്കർ ഹിയറിങ്ങിനിടെ വൃത്തികെട്ടതും വ്യക്തിപരവുമായ ചോദ്യങ്ങൾ ചോദിച്ചതായി മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു.

സമിതിയുടെ മുമ്പാകെ കഴിഞ്ഞ ദിവസം ഹാജരായ മൊയ്ത്ര ഇടയ്ക്ക് ഇറങ്ങിപ്പോന്നിരുന്നു. പ്രതിപക്ഷ എംപിമാർ മൊയ്ത്രയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങളായ എൻ ഉത്തം കുമാർ റെഡ്ഡിയും വി വൈത്തിലിംഗവും ബിഎസ്‌പി അംഗം കുൻവർ ഡാനിഷ് അലിയും വിയോജനക്കുറിപ്പ് സമർപ്പിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

മഹുവ മൊയ്ത്രയ്ക്കെതിരേ എത്തിക്സ് കമ്മിറ്റിനൽകിയ ശുപാർശകൾ

1. മഹുവ മൊയ്ത്രയുടെ പ്രവർത്തി അങ്ങേയറ്റം പ്രതിഷേധാർഹവും അധാർമികവും ഹീനവും ക്രമിനൽ കുറ്റവുമാണെന്ന് സമിതി പറഞ്ഞു. ഇത് കാരണം, 17-ാം ലോക്സഭയിലെ അംഗത്വത്തിൽ നിന്ന് അവരെ പുറത്താക്കണമെന്ന് സമിതി ശുപാർശ ചെയ്തു.

2. കേന്ദ്രസർക്കാർ ഗൗരവമേറിയതും നിയമപരവുമായ അന്വേഷണം നടത്തണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ടെന്ന് പാനലിലെ വൃത്തങ്ങൾ പറഞ്ഞു.

3. മഹുവ മൊയ്ത്രയും ദർശൻ ഹീരാനന്ദനിയുടെ തമ്മിലുള്ള പണമിടപാട് 'ചോദ്യത്തിന് കോഴ' എന്ന കാര്യമാണോയെന്ന് പ്രത്യേകം അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

4. നവംബർ 2 ന് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി അംഗം ഡാനിഷ് അലി നടത്തിയ 'അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനും കിംവദന്തികൾ പ്രചരിപ്പിച്ചതിനും' എതിരെ നടപടി സ്വീകരിക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

അഴിമതി ആരോപണത്തിൽ തൃണമൂൽ എംപിക്കതിരേ സിബിഐ അന്വേഷണത്തിന് ലോക്പാൽ ഉത്തരവിട്ടിട്ടുണ്ടെന്ന് മൊയ്ത്രയ്ക്കെതിരേ പരാതി നൽകിയ ബിജെപി എംപി നിഷികാന്ത് ദുബെ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ''എന്റെ പരാതിയിൽ, രാജ്യസുരക്ഷയെ മുൻനിർത്തി അഴിമതി നടത്തിയതിന് പ്രതിയായ മഹുവ മൊയ്ത്രയ്‌ക്കെതിരെ ലോക്പാൽ ഇന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു,'' ദുബെ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. അതിനോടുള്ള പ്രതികരണമായി അദാനി ഗ്രൂപ്പിന്റെ കൽക്കരി കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ ആദ്യം എഫ്ഐആർ ഫയൽ ചെയ്യണമെന്ന് മൊയ്ത്ര പറഞ്ഞു.

''എന്നെ വിളിക്കുന്ന മാധ്യമപ്രവർത്തകർക്കുള്ള എന്റെ ഉത്തരം ഇതാ..അദാനിയുടെ 13,000 കോടി രൂപയുടെ കൽക്കരി കുംഭകോണക്കേസിൽ സിബിഐ ആദ്യം എഫ്ഐആർ ഫയൽ ചെയ്യണമെന്നും അതിന് ശേഷംസിബിഐയ്ക്ക് എന്റെ മേൽ അന്വേഷണം നടത്താൻ സ്വാഗതമെന്നും ' മഹുവ എക്സിൽ കുറിച്ചിരുന്നു.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ റിപ്പോർട്ട് ലോക്സഭാ സ്പീക്കർക്ക് സമർപ്പിക്കും. മഹുവ മൊയ്ത്ര വൈകിട്ട് നാലിന് സമിതിക്ക് മുന്നിൽ ഹാജരായേക്കും.