- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി വീണ്ടും അധികാരത്തിൽ തിരിച്ചുവരുമെന്ന് വിദേശ രാജ്യങ്ങൾക്ക് പോലും ഉറപ്പാണ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാതൊരു സംശയവുമില്ല, മൂന്നാം വട്ടവും എൻഡിഎ സർക്കാർ അധികാരത്തിൽ വരും. 'വിദേശ രാജ്യങ്ങൾക്ക് പോലും മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് അറിയാം. ആയേഗാ തോ മോദി ഹി'( Modi will return), ഡൽഹിയിൽ ബിജെപി ദേശീയ ദേശീയ കൺവൻഷനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
' തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേയുള്ളു. പക്ഷേ എനിക്ക് ഇപ്പോൾ തന്നെ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ക്ഷണമുണ്ട്. എന്താണ് ഇത് അർഥമാക്കുന്നത്. ലോകത്തിലെ വിവിധ രാഷ്ട്രങ്ങൾക്ക് ബിജെപി സർക്കാരിന്റെ മടങ്ങി വരവിൽ ആത്മവിശ്വാസമുണ്ടെന്നാണ്. അവർക്കറിയാം, ആയേഗാ തോ മോദി ഹി', മോദി പറഞ്ഞു.
വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ അടുത്ത അഞ്ച് വർഷം പ്രധാന പങ്ക് വഹിക്കും. അടുത്ത അഞ്ച് വർഷത്തിനിടെ നമുക്ക് ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അടുത്ത നൂറു ദിവസം ഊർജത്തോടെ പ്രവർത്തിക്കണമെന്നും ബിജെപി നേതാക്കളോടു അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കണം. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം. എൻഡിഎ 400 സീറ്റ് നേടണം. എൻഡിഎ 400 സീറ്റ് നേടണമെങ്കിൽ ബിജെപി 370 സീറ്റ് നേടണം. കൂട്ടായ പ്രവർത്തനമുണ്ടായാൽ ബിജെപി കൂടുതൽ സീറ്റ് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഞാൻ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി നിയമങ്ങൾ നടപ്പാക്കിയ സർക്കാരാണിത്. ബലാത്സംഗത്തിനു വധശിക്ഷ ഉറപ്പാക്കി. സമൂഹത്തിൽ തഴയപ്പെട്ടവർക്കു വേണ്ടിയാണു സർക്കാർ പ്രവർത്തിച്ചത്. ബിജെപി കേഡർമാർ രാജ്യത്തിനു വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. പുതിയ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള സമയമായി. അഴിമതിരഹിത സർക്കാരാണ് കഴിഞ്ഞ പത്തുവർഷം രാജ്യം ഭരിച്ചത്. കോൺഗ്രസ് ബിജെപി സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം ഇതാണ്.
ഇന്ത്യയുടെ മുന്നേറ്റം ലോകം മനസിലാക്കി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങളെപ്പറ്റിയാണു ലോകരാജ്യങ്ങൾ സംസാരിക്കുന്നത്. എല്ലാ മേഖലയിലും നേട്ടമുണ്ടാക്കാനായി. അടുത്ത അഞ്ചുവർഷം ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കണം. ദരിദ്രരുടെയും മധ്യവർഗക്കാരുടെയും ജീവിതം കൂടുതൽ മെച്ചപ്പെടണം. കോടിക്കണക്കിനു സ്ത്രീകളുടെയും യുവാക്കളുടെയും ദരിദ്രരുടെയും സ്വപ്നങ്ങളാണ് മോദിയുടെയും സ്വപ്നങ്ങൾ. ചരിത്രപരമായ പല തീരുമാനങ്ങളും കഴിഞ്ഞ പത്തു വർഷത്തിനിടെയെടുത്തു.
അഞ്ചു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ട് രാമക്ഷേത്രം നിർമ്മിക്കാനായി. ആർട്ടിക്കിൾ 370 റദ്ദാക്കി. രാജ്യത്തിനു വേണ്ടി പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിനൊപ്പം വനിതാ സംവരണ ബിൽ പാസാക്കാൻ സാധിച്ചു" പ്രധാനമന്ത്രി പറഞ്ഞു.
നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്താൻ പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 400 സീറ്റുകൾ എന്ന ലക്ഷത്തോടെ പ്രവർത്തിക്കണമെന്നും മണ്ഡലങ്ങളിലേക്ക് പോകണമെന്നും മോദി നേതാക്കളോട് നിർദ്ദേശിച്ചു. ബിജെപി ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെയും ആവേശത്തോടെയും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പുതിയ ഓരോ വോട്ടർമാരിലേക്ക് എത്തണമെന്നും ഓരോ പദ്ധതി ഗുണഭോക്താക്കളിലേക്കും ജനങ്ങളിലേക്കും എത്തണമെന്നും മോദി നിർദ്ദേശിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കുമായി സർക്കാർ പ്രവർത്തിച്ചു. രാഷ്ട്രീയത്തിന് വേണ്ടിയല്ല രാജ്യത്തിനായാണ് ബിജെപി പ്രവർത്തിക്കുന്നത്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞു. സ്ത്രീകളുടെ ശക്തികരണത്തിനായി നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടത്തി. വനിതകൾക്കായി നടപ്പാക്കിയ പദ്ധതികൾ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
കേവലം കള്ളം പറയുന്നതിനപ്പുറം പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലെന്ന് മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെപ്പോലെ വ്യാജ വാഗ്ദാനങ്ങൾ താൻ നൽകാറില്ല. ശബ്ദങ്ങളോളം സാധ്യമാകാതിരുന്നത് പൂർത്തീകരിക്കാൻ സർക്കാരിനായി. രാമക്ഷേത്രത്തിലൂടെ 50 വർഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്യ ചെങ്കോട്ടയിൽ ശൗചാലയ വിഷയം ഉയർത്തിയ ആദ്യ പ്രധാനമന്ത്രിയാണ് ഞാനെന്നും മോദി പറഞ്ഞു. രാജ്യത്തെ അഴിമതിയിൽ നിന്നും ഭീകരാക്രമണങ്ങളിൽ നിന്നും മുക്തമാക്കിയത് ബിജെപി ആണെന്ന് ജനങ്ങൾക്കറിയാം. ദക്ഷിണേന്ത്യയിൽ നിന്ന് തനിക്ക് വലിയ സ്നേഹവും അനുഗ്രഹവും ലഭിച്ചുവെന്ന് പറഞ്ഞ മോദി, 2047 ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്നും കൂട്ടിച്ചേർത്തു.
കോൺഗ്രസ് അസ്ഥിരതയുടെ പ്രതീകമാണെന്നും നരേന്ദ്ര മോദി വിമർശിച്ചു. കോൺഗ്രസിന് ഭാവിയെ കുറിച്ച് ഒരു പദ്ധതിയുമില്ല. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും മോദി കുറ്റപ്പെടുത്തി. മിന്നൽ ആക്രമണത്തിൽ സൈന്യത്തെ കോൺഗ്രസ് സംശയിച്ചു. ജാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് കോൺഗ്രസ്. എന്നാൽ, എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്നതാണ് ബിജെപിയുടെ രാഷ്ട്രീയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.