ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്കും ത്യാഗപൂർണമായ സേവനത്തിനുമുള്ള സൈനിക ബഹുമതികൾ രാഷ്ട്രപതി ദ്രൗപദി മുർമു പ്രഖ്യാപിച്ചു. കീർത്തി ചക്ര, ശൗര്യചക്ര, ബാർ ടു സേന മെഡൽ, സേന മെഡൽ, മെൻഷൻ-ഇൻ-ഡെസ്പാച്ചസ് വിഭാഗങ്ങളിലായാണ് ബഹുമതി നൽകി ആദരിക്കുന്നത്.

നാല് ജവാന്മാർക്ക് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി ആദരിക്കും. കരസേനയിലെ ഒമ്പതുപേർക്കും കേന്ദ്ര പൊലീസ് സേനയിലെ രണ്ടുപേർക്കും ശൗര്യചക്രയും നൽകും. ഇതിൽ അഞ്ചുപേർക്ക് മരണാനന്തരമാണ് ബഹുമതി.

പാരച്യൂട്ട് റെജിമെന്റിലെ മേജർ എ. രഞ്ജിത്ത് കുമാറിന് ബാർ ടു സേന മെഡലും വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡർ ജി.എൽ. വിനീതിന് വായുസേന മെഡലും ലെഫ്റ്റനന്റ് കേണൽ ജിമ്മി തോമസിന് മെൻഷൻ ഇൻ ഡെസ്പാച്ചസും ലഭിക്കും. സി.ആർ.പി.എഫിലെ ദിലീപ് കുമാർ ദാസ്, രാജ്കുമാർ യാദവ്, ബബ്ലു രാഭ, ശംഭു റോയ് എന്നിവർക്കാണ് മരണാനന്തര കീർത്തിചക്ര.

രണ്ട് സൈനികർക്ക് ധീരതയ്ക്കുള്ള ബാർ ടു സേന മെഡൽ നൽകും. 52 സേനാ മെഡലുകളും (കരസേന) മൂന്ന് നവ് സേന മെഡലുകളും (കരസേന) നാല് വായു സേന മെഡലുകളും നൽകും.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അഗ്‌നിരക്ഷാ സേന മെഡലിന് കേരളത്തിൽനിന്ന് കെ.ടി. ചന്ദ്രൻ അർഹനായി. സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് കേരളത്തിൽ നിന്ന് മൂന്ന് പേർ അർഹത നേടി.

https://www.gallantryawards.gov.in/assets/uploads/home_banner/GA-2023-08-14.pdf