- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗതം ഗംഭീർ സജീവ രാഷ്ട്രീയം വിടുന്നു
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിജെപിയുടെ എംപി ഗൗതം ഗംഭീറിന്റെ അദ്ഭുത നീക്കം. താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയെ അറിയിച്ചു.
കിഴക്കൻ ഡൽഹി മണ്ഡലത്തെയാണ് ഗൗതം ഗംഭീർ പ്രതിനിധീകരിക്കുന്നത്. താൻ ഏറ്റവുമധികം സ്‌നേഹിക്കുന്ന ക്രിക്കറ്റിലേക്ക് മടങ്ങുകയാണെന്ന് ഗംഭീർ എക്‌സിൽ കുറിച്ചു. 'ക്രിക്കറ്റുമായി ബന്ധപ്പെട്ട ചുമതലകൾ നിറവേറ്റാൻ എന്നെ രാഷ്ട്രീയ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ജെ പി നദ്ദാജിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആത്മാർഥമായി നന്ദി പറയുന്നു, ജയ് ഹിന്ദ് ', ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ.
2019 മാർച്ചിൽ, ബിജെപിയിൽ ചേർന്ന ഗംഭീർ പാർട്ടിയുടെ പ്രമുഖ മുഖമായി മാറിയിരുന്നു. കിഴക്കൻ ഡൽഹി സീറ്റിൽ മത്സരിച്ച് വിജയിച്ചത് 6,95,109 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. കോൺഗ്രസിന്റെ അരവിന്ദർ സിങ് ലവ്ലിയേയും എഎപിയുടെ അതിഷിയേയുമാണ് ഗംഭീർ പരാജയപ്പെടുത്തിയത്.
2024 ലെ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് കിട്ടില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗംഭീറിന്റെ പുതിയ തീരുമാനം. ഡൽഹിയിലെ എംപിമാരുടെ പ്രകടനം വിലയിരുത്തിയ ബിജെപി ഇത്തവണ സിറ്റിങ് എംപിമാരെ മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോൺഗ്രസ് എഎപിയുമായി സഖ്യത്തിൽ മത്സരിക്കുന്ന സാഹചര്യത്തിൽ മത്സരം കടുക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി.
അതേസമയം, ബിജെപി 100 പേരടങ്ങുന്ന ആദ്യ സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് സൂചന.