- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിക്കൊപ്പം ജോർജ്ജ് കുര്യനും കേന്ദ്രമന്ത്രി
ന്യൂഡൽഹി: സുരേഷ് ഗോപിക്ക് പുറമേ ബിജെപി നേതാവ് ജോർജ്ജ് കുര്യനും കേന്ദ്രത്തിൽ മന്ത്രിസ്ഥാനം. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്ന ജോർജ്ജ് കുര്യനെ മന്ത്രിയാക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കൂടി സമ്മതത്തോടെയാണ് കുര്യനെ മന്ത്രിയാക്കുന്നത്. ദ്വീർഘകാലമായി ബിജെപിക്കൊപ്പം ഉറച്ചു നിൽക്കുന്ന നേതാവാണ് കുര്യൻ. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അദ്ദേഹം.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രൈസ്തവ സമുദായത്തിന് പങ്കുണ്ടെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് കുര്യനെ കേന്ദ്രമന്ത്രിയാക്കാൻ തീരുമാനിച്ചത്. നേരത്തെ തന്നെ കേരളത്തിൽ നിന്ന് മറ്റൊരു കേന്ദ്രമന്ത്രികൂടി ഉണ്ടാകുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. വിജയിക്കാനായില്ലെങ്കിലും അനിൽ ആന്റണിക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തിയത്. എന്നാൽ, ജൂനിയറായ അനിൽ ആന്റണിക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ മാത്രം കാര്യങ്ങൾ അനുകൂലമായില്ല. ബിജെപിയിലെ ദേശീയ നേതൃത്വവുമായും അടുത്ത ബന്ധം പരിഗണിച്ചാണ് കുര്യന് മന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്.
നിയുക്ത മന്ത്രിമാർക്കായി പ്രധാനമന്ത്രിയൊരുക്കിയ ചായസൽക്കാരത്തിൽ ജോർജ്ജ് കുര്യൻ പങ്കെടുത്തു. അദ്ദേഹത്തിന് സഹമന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചനകൾ. കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിൽ തന്നെ ക്രിസ്ത്യൻ വിഭാഗങ്ങളെ ബിജെപിയിലേക്ക് എത്തിക്കാൻ നിർണ്ണായക പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് ജോർജ് കുര്യൻ. ബിജെപി സ്ഥംസ്ഥാന നേതൃത്വത്തിന്റെ വിശ്വസ്തൻ കൂടിയാണ് കുര്യൻ.
നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ പദവി അലങ്കരിച്ചിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്. അതേസമയം സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കമെന്ന കാര്യം ഉറപ്പാണ്. അദ്ദേഹത്തിന് ഏത് വകുപ്പാം എന്ന കാര്യത്തിലാണ് അനിശ്ചിതത്വം ഉള്ളചത്. കുടുംബ സമേതം സുരേഷ് ഗോപി ഡൽഹിയിലേക്ക് എത്തിയിട്ടുണ്ട്.
അതിനിടെ മൂന്നാം നരേന്ദ്ര മോദി സർക്കാറിൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്കും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനും രണ്ടു വീതം മന്ത്രി സ്ഥാനം ലഭിക്കുമെന്ന് സൂചന. ഒരു കാബിനറ്റ് ബെർത്തും ഒരു സഹമന്ത്രിസ്ഥാനവുമായിക്കും നൽകിയേക്കുക. സ്ഥാനമൊഴിയുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, റോഡ്സ് ആൻഡ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എന്നിവർ തങ്ങളുടെ വകുപ്പുകൾ നിലനിർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. രാജ്യസഭാ എംപിമാരായ നിർമല സീതാരാമനും ഡോ.എസ് ജയശങ്കറും തുടർന്നേക്കും. കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപിയായ സുരേഷ് ഗോപിയേയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
മറ്റു സഖ്യകക്ഷികളിൽ, ചിരാഗ് പാസ്വാൻ എൽ.ജെ.പി (രാം വിലാസ്), ജെ.ഡി.എസിലെ എച്ച്ഡി കുമാരസ്വാമി, അപ്നാ ദളിന്റെ അനുപ്രിയ പട്ടേൽ (സോണലാൽ), ആർ.എൽ.ഡിയുടെ ജയന്ത് ചൗധരി, ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ ജിതൻ റാം മാഞ്ചി എന്നിവർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഏകനാഥ് ഷിൻഡെയുടെ ശിവസേനയെ പ്രതിനിധീകരിച്ച് ബുൽധാന എംപി പ്രതാപ് റാവു ജാദവ് എത്തിയേക്കും. രാജ്യസഭാ എംപിയും ബി.ജെപിയുടെ ദീർഘകാല സഖ്യകക്ഷിയായ റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എ) തലവനുമായ രാംദാസ് അത്താവലെയും മന്ത്രിയാകാൻ ഒരുങ്ങുന്നുണ്ട്.
ശനിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ 11 മണിക്കൂർ നീണ്ട മാരത്തൺ യോഗത്തിന് ശേഷമാണ് പുതിയ മന്ത്രിസഭയെക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ സന്തോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.