ശ്രീനഗർ: നാല് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിട്ട് ജമ്മു കശ്മീരിൽ ഗുലാം നബി ആസാദിന്റെ മെഗാ റാലി. പുതിയ പാർട്ടിയുടെ പേരും കൊടിയും ജനങ്ങൾ തീരുമാനിക്കുമെന്ന് ജമ്മുവിലെ സൈനിക ഗ്രൗണ്ടിൽ ഒരുമിച്ചുകൂടിയ തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ആസാദ് പറഞ്ഞു. തന്റെ പുതിയ പാർട്ടി ആദ്യം ജമ്മു കശ്മീർ കേന്ദ്രീകരിച്ചാകും പ്രവർത്തിക്കുകയെന്ന് ആസാദ് നേരത്തെ പറഞ്ഞിരുന്നു.

എല്ലാവർക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാനി നാമമാകും പാർട്ടിയുടേതെന്നും ആദ്യ പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനം ഗുലാം നബി ഇന്നും ആവർത്തിച്ചു. 'കോൺഗ്രസ് നിർമ്മിച്ചത് ഞാനടക്കമുള്ളവരുടെ രക്തം കൊണ്ടാണ്. അല്ലാതെ കമ്പ്യൂട്ടറും ട്വിറ്റും ഉപയോഗിച്ചല്ല. അവർ ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. കമ്പ്യൂട്ടറിലും ട്വിറ്ററിലും ഒതുങ്ങി കൂടിയതുകൊണ്ടാണ് കോൺഗ്രസിനെ മൈതാനങ്ങളിൽ കാണാതാകുന്നത്' ഗുലാം നബി പറഞ്ഞു.

പാർട്ടിയുടെ പേര് ഞാൻ തീരുമാനിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ജനങ്ങൾ പാർട്ടിയുടെ പേരും പതാകയും തീരുമാനിക്കും. എല്ലാവർക്കും മനസ്സിലാകുന്ന ഒരു ഹിന്ദുസ്ഥാനി പേര് ഞാൻ എന്റെ പാർട്ടിക്ക് നൽകും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീർ ആസ്ഥാനമായായിരിക്കും പാർട്ടിയുടെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. 

കോൺഗ്രസ് വിട്ടശേഷം ആദ്യമായാണ് ഞായറാഴ്ച രാവിലെ ആസാദ് ജമ്മുവിലെത്തുന്നത്. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന് ശേഷമാകും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ശ്രദ്ധയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീരിന്റെ സമ്പൂർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുക എന്നതായിരിക്കും പാർട്ടിയുടെ പ്രധാന അജണ്ടയെന്നാണ് ഗുലാംനബി പ്രഖ്യാപിച്ചു. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികൾക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം റാലിയിൽ അറിയിച്ചു.

ഓഗസ്റ്റ് 26-നാണ് ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു രാജി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തിയത്. ഗുലാം നബിക്ക് പിന്തുണയുമായി ജമ്മു കശ്മീരിലെ മുൻ ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എഴുപതോളം നേതാക്കളും കോൺഗ്രസിൽനിന്ന് രാജിവെച്ചിരുന്നു.