ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിൻവലിക്കില്ലെന്നും, അതുനടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'സിഎഎ ഒരിക്കലും പിൻവലിക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന്നത് സർക്കാരിന്റെ പരമാധികാര തീരുമാനമാണ്, അതിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല' - അമിത് ഷാ പറഞ്ഞു. വാർത്താ ഏജൻസിയായ എ എൻ ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷാ ഇതുപറഞ്ഞത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ ന്യൂനപക്ഷങ്ങളോ മറ്റ് ഏതെങ്കിലും വിഭാഗങ്ങളോ ഭയപ്പെടേണ്ടതില്ല. കാരണം ആരുടെയും പൗരത്വം എടുത്തുകളയാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും പാർസി അഭയാർഥികൾക്കും അവകാശങ്ങളും പൗരത്വവും നൽകാൻ മാത്രമാണ് സിഎഎ, ഷാ പറഞ്ഞു.

പ്രതിപക്ഷത്തിന് മറ്റ് പണിയൊന്നുമില്ലാത്തതിനാലാണ് ഇത് വോട്ട് ബാങ്ക് കണക്കാക്കിയാണെന്ന് അവർ പറയുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും അവർ പറഞ്ഞത് ഈ ഒരു കാരണമാണ്. ആർട്ടിക്കിൾ 370 നീക്കുമെന്ന് 1950 മുതൽ പറയുന്നതാണെന്നും അമിത് ഷാ പറഞ്ഞു. ഒവൈസി, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, മമത ബാനർജി എന്നിവരുൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഇത് സംബന്ധിച്ച് നുണകളുടെ രാഷ്ട്രീയമാണ് പറയുന്നത്.

കേരള, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സർക്കാരുകൾക്ക് പൗരത്വഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാവില്ല. ഇത് കേന്ദ്രസർക്കാരിന്റെ വിഷയമാണ്. സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പായതുകൊണ്ട് പ്രീണനരാഷ്ട്രീയത്തിനായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

2019ൽ തന്നെ പാർലമെന്റിൽ സിഎഎ ബിൽ പാസാക്കിയതാണ്. എന്നാൽ, കോവിഡ് കാരണമാണ് തുടർനടപടികൾ നീണ്ടുപോയത്. പ്രതിപക്ഷം പ്രീണനരാഷ്ട്രീയം കളിച്ച് വോട്ട് നേടാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് സി.എ.എ നടപ്പാക്കുമെന്ന കാര്യം താൻ നേരത്തെ എത്രയോ തവണ പറഞ്ഞതാണ് - അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമാണെന്ന് ആരോപിച്ച വിദേശ മാധ്യമങ്ങളെയും അമിത് ഷാ വിമർശിച്ചു. മുത്തലാഖും മുസ്‌ലിം വ്യക്തിനിയമവും ആർട്ടിക്കിൾ 370 ഉം അവരുടെ രാജ്യത്തുണ്ടോയെന്ന് വിദേശ മാധ്യമങ്ങളോട് ചോദിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.