- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഥാനാർത്ഥിയെ കാണാതായെന്ന് പറഞ്ഞു; ബിജെപി തട്ടിക്കൊണ്ടുപോയെന്നും എഎപി നേതാക്കൾ; വിവാദങ്ങൾക്കിടെ സൂറത്ത് ഈസ്റ്റിലെ പത്രിക പിൻവലിച്ച് പാർട്ടി സ്ഥാനാർത്ഥി; കാഞ്ചൻ ജരിവാല എത്തിയത് വൻസുരക്ഷാ സന്നാഹത്തോടെ; ഗുജറാത്തിൽ നാടകീയ സംഭവങ്ങൾ; വീഡിയോ പങ്കുവച്ച് രാഘവ് ഛദ്ദ
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകവെ സംസ്ഥാനത്ത് നാടകീയ നീക്കങ്ങൾ. കാണാതായെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ ആരോപിച്ച സൂറത്ത് ഈസ്റ്റിലെ സ്ഥാനാർത്ഥി പത്രിക നാടകീയമായി പിൻവലിച്ചു. കാണാതായെന്നും ബിജെപി തട്ടിക്കൊണ്ടുപോയെന്നും ഉന്നത എഎപി നേതാക്കൾ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് വൻസുരക്ഷാ സന്നാഹത്തോടെ എത്തി എഎപി സ്ഥാനാർത്ഥിയായ കാഞ്ചൻ ജരിവാല നാമനിർദേശ പത്രിക പിൻവലിച്ചത്.
ബുധനാഴ്ച രാവിലെ കെജ്രിവാൾ അടക്കമുള്ള നേതാക്കളാണ് സ്ഥാനാർത്ഥിയെ ബിജെപിക്കാർ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. രാവിലെ വാർത്താസമ്മേളനം നടത്തി രാഘവ് ഛദ്ദയാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. ജരിവാലയെയും കുടുംബത്തേയും അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് ഛദ്ദ ആരോപിച്ചത്.
ആദ്യം കാഞ്ചൻ ജരിവാലയുടെ നാമനിർദേശ പത്രിക തള്ളുന്നതിനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിയത്. അതിൽ അവർ പരാജയപ്പെട്ടു. ഇപ്പോൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. ഇന്നലെ ഉച്ച മുതൽ സ്ഥാനാർത്ഥിയെ കാണാനില്ലെന്നും ഛദ്ദ പറയുകയുണ്ടായി. പിന്നാലെ ഇതേ ആരോപണം ഉന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കമുള്ള നേതാക്കൾ രംഗത്തെത്തി. ബിജെപി നേതൃത്വം ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഇതിനിടെയാണ് നാടകീയമായി ജരിവാല നാമനിർദേശ പത്രിക പിൻവലിച്ചത്.
കാഞ്ചൻ ജരിവാല പത്രിക പിൻവലിക്കാനെത്തുന്നതിന്റെ വീഡിയോ എഎപി ദേശീയ വക്താവ് രാഘവ് ഛദ്ദ ട്വിറ്ററിൽ പങ്കുവെച്ചു. പൊലീസ് ഉദ്യോഗസ്ഥരും മറ്റു ചില ആളുകളും അദ്ദേഹത്തെ വലയം ചെയ്തിട്ടുണ്ടായിരുന്നു. 'പൊലീസും ബിജെപി ഗുണ്ടകളും ചേർന്ന്, ഞങ്ങളുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാർത്ഥി കാഞ്ചൻ ജരിവാലയെ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ ഓഫിസിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ നിർബന്ധിച്ചത് എങ്ങനെയെന്ന് കാണുക' ചദ്ദ ഒരു ട്വീറ്റിൽ കുറിച്ചു. 'സ്വാതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്' എന്ന പദം ഒരു തമാശയായി മാറിയിരിക്കുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.
ആം ആദ്മി പാർട്ടിയുടെ ആരോപണം നിഷേധിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. 'ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാൻ എഎപി തീവ്രശ്രമം നടത്തുകയാണ്. അവരുടെ സ്ഥാനാർത്ഥിയെയോ കുടുംബാംഗങ്ങളെയോ കാണാതായാൽ അവർ ആദ്യം പരാതി നൽകട്ടെ. അന്വേഷണ ഉദ്യോഗസ്ഥർ സത്യം കണ്ടെത്തും. തിരഞ്ഞെടുപ്പിൽ എഎപി ഏത് നിലയിലേക്കും താഴും' ബിജെപി വക്താക്കൾ പറഞ്ഞു.




