ചണ്ഡീഗഢ്: ലോക്‌സഭാ സീറ്റ് വിഭജനത്തെ തുടർന്ന് ഹരിയാനയിൽ രാഷ്ട്രീയ പ്രതിസന്ധി. ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രാജിവെച്ചേക്കും. ഹരിയാണയിൽ ജൻനായക് ജനതാ പാർട്ടിയുമായി (ജെ.ജെ.പി) കടുത്ത ഭിന്നത തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയെ മാറ്റി പരീക്ഷണത്തിന് ബിജെപി ഒരുങ്ങുന്നത്. ബിജെപി.-ജെ.ജെ.പി. സഖ്യം വഴിപിരിയുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഖട്ടർ മന്ത്രിസഭ ഒന്നടങ്കം രാജിവെക്കുമെന്നാണ് ബിജെപി. വൃത്തങ്ങളിൽ നിന്നുള്ള സൂചന. ബിജെപി. എംഎ‍ൽഎമാരുടേയും സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎ‍ൽഎമാരുടേയും യോഗം ഖട്ടർ വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11:30-ന് മുഖ്യമന്ത്രിയുടെ വസതിയിലാണ് നിർണായക യോഗം. സ്വതന്ത്ര എംഎ‍ൽഎമാരുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാനാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ജെ.ജെ.പി. നേതാവും ഹരിയാണ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയും പാർട്ടി എംഎ‍ൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ഡൽഹിയിലാണ് യോഗം. നിർണായകമായ തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്നാണ് ദുഷ്യന്തുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

കുരുക്ഷേത്രയിൽ നിന്നുള്ള എംപി. നായബ് സിങ് സൈനിയെയാണ് ബിജെപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മനോഹർലാൽ ഖട്ടറിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. സീറ്റ് വിഭജന ചർച്ചയിൽ ഹിസാർ, ഭിവാനി-മഹേന്ദ്രഗഡ് ലോക്സഭാ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. ഹിസാറിലെ സിറ്റിങ് എംപി. ബ്രിജേന്ദ്ര സിങ് ബിജെപി. വിട്ട് കോൺഗ്രസിൽ ചേർന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്.

രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബിജെപി. തള്ളിയതോടെയാണ് ഹരിയാണയിൽ തർക്കം തുടങ്ങിയത്. ബിജെപി. അധ്യക്ഷൻ ജെ.പി. നദ്ദയുമായി ദുഷ്യന്ത് ചൗട്ടാല ഡൽഹിയിൽ വച്ച് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച രാവിലേക്ക് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല എന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സഭയിൽ 2019-ൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ.ജെ.പിയുമായി സഖ്യത്തിലാണ് സർക്കാർ ഭരിക്കുന്നത്. കർഷക സമരവും ജെ.ജെ.പിയെ സഖ്യം വിടാൻ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ട്.