തിരുവനന്തപുരം: കേന്ദ്രസഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ കരന്തലജെ കേരളത്തിനും തമിഴ്‌നാടിനും എതിരെ നടത്തിയ വിദ്വേഷ പരാമർശത്തിന്റെ പേരിൽ തമിഴ്‌നാട് പൊലീസ് കേസെടുത്തു. മധുര പൊലീസ് ആണ് കേസെടുത്ത്. ഐപിസി 153, 153എ, 505(1) (ബി), 505 (2) തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രസ്താവനയെന്നും എഫ്‌ഐആറിൽ പറയുന്നു.

അതേസമയം, ശോഭ കരന്ത്‌ലജെയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിന് എതിരായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയാറായില്ലെങ്കിൽ കോൺഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

വെറുപ്പും വിദ്വേഷവും സമൂഹത്തിൽ കലർത്തി ജാതീയവും വംശീയവുമായി ജനങ്ങളെ വേർതിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ബിജെപിയുടെ പതിവ് രീതിയാണ് ശോഭ കരന്ത്‌ലജെയുടെ പ്രസ്താവനയും. ഇത്തരം പരാമർശങ്ങളിലൂടെ മതസൗഹാർദ്ദം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി സ്ഥാനാർത്ഥി ശോഭാ കരന്ത്‌ലജെ രംഗത്തെത്തിയത്. ഇരു സംസ്ഥാനങ്ങൾക്കുമെതിരെ വർഗീയ - വിദ്വേഷ പരാമർശങ്ങളാണ് ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ കരന്ത്‌ലജെ നടത്തിയത്. തമിഴ്‌നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്‌ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്ത്‌ലജെ പറഞ്ഞത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ പറഞ്ഞു. ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവർ രംഗത്തെത്തി. വിദ്വേഷ പരാമർശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

്അതേസമയം, തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ ശോഭ കരന്ദലജെ മാപ്പുപറഞ്ഞു. ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് മാപ്പു പറച്ചിൽ.തമിഴ്‌നാട്ടിലെ ആളുകൾ ഭീകര പരിശീലനം നടത്തി ബെംഗളൂരുവിൽ സ്ഫോടനം നടത്തുന്നു എന്ന പരാമർശത്തിലാണു മാപ്പു പറഞ്ഞത്. തമിഴ്‌നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചില്ല എന്നാണ് ശോഭയുടെ വിശദീകരണം. അതേസമയം കേരളത്തെ കുറിച്ചുള്ള പരാമർശം ശോഭ പിൻവലിച്ചില്ല. തമിഴ്‌നാട്ടിൽ ബിജെപിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖരെയാണ് മത്സരിക്കാൻ ഇറക്കുന്നത്. രാമനാഥ പുരത്ത് പ്രധാനമന്ത്രി മോദി തന്നെ മത്സരിക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ശോഭയുടെ മാപ്പു പറയൽ.