റാഞ്ചി: ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജാര്‍ഖണ്ഡിന്റെ 13-ാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യ മുന്നണി നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 'അഞ്ച് മാസം മുമ്പ്, അധികാരത്തിന്റെ ലഹരിയില്‍ അഹങ്കാരികള്‍ എന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചു. ഇന്ന് ജാര്‍ഖണ്ഡിലെ ജനങ്ങളുടെ ശബ്ദം വീണ്ടും ഉയരും' സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ഹേമന്ത് സോറന്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് രാജിവെച്ച് ജയിലില്‍ പോയ ഹേമന്ത് സോറന്‍ അഞ്ചുമാസത്തെ ജയില്‍വാസത്തിന് ശേഷമാണ് വീണ്ടും മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നത്. ഈയിടെയാണ് ജയില്‍മോചിതനായത്. ഹേമന്ത് സോറന് വഴിയൊരുക്കുന്നതിന് ചാംപയ് സോറന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.

ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി നേരത്തെ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്ത്യ മുന്നണി എംഎല്‍എമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചെംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഏതാനും മാസത്തിനുള്ളില്‍ ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതുവരെ ചംപായ് സോറന്‍തന്നെ തുടരുമെന്നായിരുന്നു സൂചന. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യസഖ്യ യോഗത്തില്‍ ഹേമന്ത് സോറനെ വീണ്ടും നിയമസഭാകക്ഷി നേതാവാക്കാന്‍ ധാരണയിലെത്തുകയായിരുന്നു. ജൂണ്‍ 28നായിരുന്നു അഞ്ച് മാസത്തിന് ശേഷം ഹേമന്ത് സോറന്‍ ഭൂമി കുംഭകോണക്കേസില്‍ ജാമ്യത്തിലിറങ്ങിയത്. കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്.

നേരത്തെ റാഞ്ചിയില്‍ ഇന്ത്യ സഖ്യം എംഎല്‍എമാരുടെ യോഗം ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിരുന്നു. 2024 ഫെബ്രുവരി രണ്ടിനായിരുന്നു ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭൂമി കുംഭകോണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹേമന്ത് സോറന്‍ രാവിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചംപയ് സോറനെ ജെഎംഎം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയില്‍ 8.86 ഏക്കര്‍ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഹേമന്ത് സോറനെതിരായ കേസ്. അറസ്റ്റ് തീരുമാനത്തിന് പിന്നാലെ ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടൂ എന്ന് സോറന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍ രാജിവയ്ക്കുകയായിരുന്നു.

കേസില്‍ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഛാവി രഞ്ജന്‍ അടക്കം ഉള്‍പ്പെടും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കല്‍ക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്.