- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചൽ പ്രദേശിൽ 15 ബിജെപി എംഎൽഎമാരെ പുറത്താക്കി സ്പീക്കർ
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ അധികാരം പിടിക്കാൻ ബിജെപി ശ്രമം ശക്തമാക്കിയതോടെ നാടകീയ നീക്കങ്ങളുമായി കോൺഗ്രസും. അടിക്ക് തിരിച്ചടി എന്നോണം 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സഭയിൽ നിന്നും സസ്പെന്റ് ചെയ്തു. സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂറും സംഘവും ഗവർണറെ കണ്ടതിനു പിന്നാലെയാണ് നടപടി. നിയമസഭാ സമ്മേളനം നടക്കവേയാണ് നാടകീയ നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് അടക്കമുള്ള ബിജെപി എംഎൽഎമാരെയാണ് സസ്പെൻഡ് ചെയ്തത്. നിയമസഭയിൽ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയിൽ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. ആകെ 25 എംഎൽഎമാരാണ് ഹിമാചൽപ്രദേശിൽ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്പെന്റ് ചെയ്തതോടെ അംഗ സംഖ്യ 10 ആയി.
ഇതിനിടെ സംസ്ഥാനത്തെ മുതിർന്ന നേതാവും പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യ സിങ് രാജിവെച്ചു. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഇപ്പോഴത്തെ നാടകീയ നീക്കങ്ങൾ നടക്കുന്നത്. ആകെ 25 എംഎൽഎമാരാണ് ബിജെപിക്ക് സഭയിലുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ 11 പേർക്കു മാത്രമേ ഇനി പങ്കെടുക്കാനാവു. അന്തരിച്ച കോൺഗ്രസ് നേതാവ് വീർഭദ്ര സിങ്ങിന്റെ മകനാണ് വിക്രമാദിത്യ.
മുഖ്യമന്ത്രി സുഖ്വീന്ദർ സുകുവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിക്രമാദിത്യ നടത്തിയത്. മുഖ്യമന്ത്രി എംഎൽഎമാരോട് അനാദരവ് കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുഖ്വീന്ദർ സിങ് സുഖു സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശം ഇല്ലെന്ന് തുറന്നടിച്ചുകൊണ്ടാണ് വിക്രമാദിത്യ സിങിന്റെ രാജി. എംഎൽഎമാരെ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ലെന്ന് വിക്രമാദിത്യ സിങ് കുറ്റപ്പെടുത്തി.'വീരഭദ്ര സിങിന്റെ സ്മരണയിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിന് മുൻപ് വീരഭദ്ര സിങിന്റെ ചിത്രം വച്ച് പത്ര പരസ്യം പാർട്ടി നൽകി. കഴിഞ്ഞ ഒരു വർഷം സുഖു സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചകൾ ഉണ്ടായി. അതിന്റെ പര്യവസാനമാണ് ഇന്നലെ സംഭവിച്ചതെന്നും' വിക്രമാദിത്യ സിങ് പ്രതികരിച്ചു.
പാർട്ടിക്കും എൽഎമാർക്കിടയിലും എതിർപ്പുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവിനെ മാറ്റുന്നതിൽ കോൺഗ്രസിൽ ആലോചനയുണ്ട്. എംഎൽഎമാരിൽ ഒരു വിഭാഗത്തിന് അതൃപ്തിയുള്ള സാഹചര്യത്തിലാണ് നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള മാറ്റം തിരിച്ചടിയാകുമോയെന്നതും കണക്കിലെടുക്കുന്നുണ്ട്. കൂടുതൽ എതിർപ്പുയർന്ന സാഹചര്യത്തിൽ നേതൃമാറ്റമുണ്ടായേക്കും. ഇന്നലെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുണ്ടായിട്ടും ബിജെപി നടത്തിയ നിർണായക കരുനീക്കമാണ് പാർട്ടിക്ക് തിരിച്ചടിയായത്.
മുതിർന്ന നേതാവ് അഭിഷേക് മനു സിങ്വിയാണ് പരാജയപ്പെട്ടത്. ആറു കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർത്ഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു. ഒടുവിൽ നറുക്കെടുപ്പിലൂടെയാണ് ബിജെപിയുടെ ഹർഷ് മഹാജൻ ജയിച്ചത്. ബുധനാഴ്ച രാവിലെ രാജ്ഭവനിലെത്തി ഗവർണർ ശിവ പ്രതാപ് ശുക്ലയെ കണ്ട മുതിർന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ജയറാം ഠാകൂറിന്റെ നേതൃത്വത്തിലുള്ള സംഘം സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. സുഖ്വീന്ദർ സുകുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
നിയമസഭ സമ്മേളനം നടന്നുവരുന്നതിനിടയിലാണ് നാടകീയ സംഭവങ്ങൾ. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന ഉത്തരേന്ത്യയിലെ ഏക സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്നതിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മുഖ്യമന്ത്രിയുമായി എംഎൽഎമാരിൽ ഒരു വിഭാഗത്തിനുള്ള അഭിപ്രായവ്യത്യാസം കോൺഗ്രസ് ഹൈകമാൻഡ് അറിയാതിരിക്കുകയോ കാര്യമാക്കാതിരിക്കുകയോ ചെയ്തതാണ് തിരിച്ചടിക്ക് കാരണം.
അഭിഷേക് സിങ്വിയെ സംസ്ഥാനത്തേക്ക് രാജ്യസഭ സ്ഥാനാർത്ഥിയായി കെട്ടിയിറക്കിയത് ഒരുവിഭാഗം എംഎൽഎമാർക്ക് പിടിച്ചിരുന്നില്ല. ബിജെപിയാകട്ടെ, ഈ സാഹചര്യം പിന്നാമ്പുറ നീക്കത്തിലൂടെ ഉപയോഗപ്പെടുത്തി. മൂന്നു സ്വതന്ത്രർ അടക്കം ഒമ്പത് എംഎൽഎമാരുടെ പിന്തുണയാണ് നഷ്ടപ്പെട്ടത്. അതേസമയം, ആറു കോൺഗ്രസ് എംഎൽഎമാരെ ഹരിയാന പൊലീസും സി.ആർ.പി.എഫും ചേർന്ന് പിടികൂടി കൊണ്ടുപോയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അവരെ ബന്ധപ്പെടാനുള്ള ബന്ധുക്കളുടെ ശ്രമങ്ങൾ ഫലവത്തായില്ലെന്നും പറയുന്നു.
അതേ സമയം, ഹിമാചലിൽ മുതിർന്ന നേതാക്കളെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. കേസുകൾ കാട്ടി സമ്മർദ്ദം ചെലുത്തി പ്രതിസന്ധിയിലാക്കുന്നു. ഇതിന്റെ ഭാഗമാണ് രാഷ്ട്രീയ നീക്കങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. ഷിംലയിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം പുരോഗമിക്കുകയാണ്. ഭൂപേഷ് ഭാഗേലും,രാജീവ് ശുക്ലയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറിയവർക്കെതിരെ നടപടിയെക്കാനാണ് തീരുമാനം. 6 എംഎൽഎമാരെയും അയോഗ്യരാക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. ഇതിന് എഐസിസിയും അനുവാദം നൽകി.
അതിനിടെ ഹിമാചൽ പ്രദേശിലെ വിമത കോൺഗ്രസ് എംഎൽഎമാരും സ്വതന്ത്രരരും ഷിംലയിലേക്ക് പുറപ്പെട്ടു. 6 കോൺഗ്രസ് എംഎൽഎമാരും രണ്ട് സ്വതന്ത്രരും ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് മാറിയിരിക്കുകയായിരുന്നു. ഹെലികോപ്ടർമാർഗമാണ് ഹരിയാനയിൽ നിന്നും സംഘം ഷിംലയിലേക്ക് വരുന്നത്.