- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചൽ ട്വിസ്റ്റുകൾ ഇങ്ങനെ
ന്യൂഡൽഹി: കയ്യിലിരിക്കുന്ന മൂന്നുസംസ്ഥാനങ്ങളിൽ ഒന്നുപോവുമെന്ന ആശങ്കയ്ക്കിടെ,ഹിമാചൽ പ്രദേശിലെ പ്രതിസന്ധിയുടെ ഒന്നാം ദിവസം, ചില അടിയന്തര നടപടികളിലൂടെ കോൺഗ്രസ് തങ്ങളുടെ പാട്ടിലാക്കി. ബിജെപിയുടെ 15 എംഎൽഎമാരെ തന്ത്രപൂർവം സസ്പെൻഡ് ചെയ്തതും സംസ്ഥാന ബജറ്റ് പാസാക്കാൻ കഴിഞ്ഞതും സുഖ്വീന്ദർ സിങ് സുഖുസർക്കാരിന് ആശ്വാസമായി. ഇതിനുപുറമേ, മുഖ്യമന്ത്രിക്കെതിരെ കലാപമുയർത്തിയ മന്ത്രി വിക്രമാദിത്യസിങും രാജി പിൻവലിച്ചു. രാത്രിയോടെയാണ് രാജി പിൻവലിക്കുകയാണെന്ന് വിക്രമാദിത്യ സിങ് പ്രഖ്യാപിച്ചത്.
സർക്കാറിന് ഒരുതരത്തിലുമുള്ള ഭീഷണി ഇല്ലെന്ന് വിക്രമാദിത്യ സിങ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. വിശാലമായ താൽപര്യവും ഒത്തൊരുമയും കണക്കിലെടുത്താണ് രാജി പിൻവലിക്കാനുള്ള തീരുമാനമെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. ഇതിനിടെ, നേതൃമാറ്റം വേണോയെന്നതിൽ എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ തീരുമാനം പിന്നീടെന്ന് സ്പീക്കർ അറിയിച്ചു. വിമത നീക്കത്തിന് നേതൃത്വം നൽകിയതെന്ന് സംശയിക്കുന്ന വിക്രമാദിത്യ സിങ്ങിന്റെ പിന്മാറ്റം ബിജെപിയെ നിരാശപ്പെടുത്തുന്നതാണ്.
'ബജറ്റ് പാസാക്കിയോടെ, സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തി. ഞങ്ങളുടെ സർക്കാർ 5 വർഷം പൂർത്തിയാക്കും', മുഖ്യമന്ത്രി സുഖ്വീന്ദർ സുഖു പ്രതികരിച്ചു. ബജറ്റ് പാസാക്കലോടെ, സർക്കാരിനെ അടിയന്തര പരീക്ഷയിൽ നിന്ന് മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കുകയാണ്. സ്പീക്കർ കുൽദീപ് പതാനിയ തങ്ങളുടെ എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിന് എതിരെ നിയമ നടപടി സ്വീകരിക്കാതെ ബിജെപിക്ക് അവിശ്വാസത്തിന് കോപ്പുകൂട്ടാനും ആവില്ല.
സസ്പെൻഷന് എതിരെ ബിജെപി ഗവർണ്ണർക്ക് പരാതി നല്കി. അഞ്ച് വിമത എംഎൽഎമാരെ അയോഗ്യരാക്കിയാൽ 34ലേക്ക് കോൺഗ്രസ് സംഖ്യ ഇടിയും. ബിജെപിക്ക് സ്വതന്ത്രർ ഉൾപ്പടെ 28 പേരുടെ പിന്തുണയാണുള്ളത്. പത്ത് കോൺഗ്രസ് എംഎൽഎമാർ കൂടി പുറത്തേക്ക് വരും എന്നാണ് ബിജെപി അവകാശപ്പെടുന്നത്.
68 അംഗ സഭയിൽ നിന്ന് 15 ബിജെപി എംഎൽഎമാരെ നീക്കിയതോടെ ഭൂരിപക്ഷം വേണ്ട സംഖ്യ 27 ആയി കുറഞ്ഞു. രാജ്യസഭാ തിരഞ്ഞടുപ്പിൽ ക്രോസ് വോട്ട് ചെയ്ത ആറ് എംഎൽഎമാരെ നഷ്ടപ്പെട്ടതോടെ കോൺഗ്രസ് അറ്റകൈ പ്രയോഗത്തിന് ഇറങ്ങുകയായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പിൽ പാർട്ടി 40 സീറ്റിലാണ് ജയിച്ചത്. കോൺഗ്രസിന്റെ സസ്പെൻഷൻ നീക്കം ബിജെപിയെ അദ്ഭുതപ്പെടുത്തിയെന്ന് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. വീണ്ടും ഒന്നിച്ചുചേരാൻ സമയം നേടിയെടുക്കുകയായിരുന്നു കോൺഗ്രസ്. നിരീക്ഷകരുടെ റിപ്പോർട്ട് കിട്ടിയ ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്നും നേതൃമാറ്റം എംഎൽഎമാരുടെ നിലപാടിന് അനുസരിച്ച് ആലോചിക്കുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി.