- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചലിൽ കോൺഗ്രസ് സർക്കാറിന്റെ ഭാവി തുലാസിൽ
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാറിനെ ആശങ്കയിലാക്കി ബിജെപി നേതാക്കൾ ഗവർണറെ കണ്ടു. ബുധനാഴ്ച രാവിലെ രാജ്ഭവനിലെത്തി ഗവർണർ ശിവ പ്രതാപ് ശുക്ലയെ കണ്ട മുതിർന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ജയറാം ഠാകൂറിന്റെ നേതൃത്വത്തിലുള്ള സംഘം സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു.
സുഖ്വീന്ദർ സുകുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബിജെപി നേതാക്കൾ ഗവർണറെ ധരിപ്പിച്ചു. സംസ്ഥാനത്തെ ഏക രാജ്യസഭ സീറ്റിൽ നിയമസഭയിൽ ഭൂരിപക്ഷമുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി അഭിഷേക് മനു സിങ്വി പരാജയപ്പെട്ടിരുന്നു. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുണ്ടായിട്ടും ബിജെപി നടത്തിയ നിർണായക കരുനീക്കമാണ് പാർട്ടിക്ക് തിരിച്ചടിയായത്.
കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർത്ഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു. ഒടുവിൽ നറുക്കെടുപ്പിലൂടെയാണ് ബിജെപിയുടെ ഹർഷ് മഹാജൻ ജയിച്ചത്. 'ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജനാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ ജയിച്ചത്. നിലവിൽ കോൺഗ്രസ് സർക്കാറിന് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടു' -ഗവർണറെ കണ്ട് പുറത്തിറങ്ങിയ ജയറാം ഠാകൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ഹിമാചൽ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ളിൽ അട്ടിമറി നടന്നതോടെ പ്രതിസന്ധിയിലായ സർക്കാരിനെ സംരക്ഷിക്കാനുള്ള നീക്കവുമായി പാർട്ടിയും രംഗത്തുണ്ട്. മുതിർന്ന നേതാക്കളായ ഡി.കെ.ശിവകുമാറിനെയും ഭൂപീന്ദർ സിങ് ഹൂഡയെയും വിമത എംഎൽഎമാരെ അനുയയിപ്പിക്കാനായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു.സുഖ്വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള ആവശ്യങ്ങളാണ് വിമതർ മുന്നോട്ട് വെക്കുന്നത്. കോൺഗ്രസിലെ 26 എംഎൽഎമാർക്കും ഇതേ ആവശ്യമുണ്ടെന്നും വിമതർ അവകാശപ്പെടുന്നു.
മുതിർന്ന നേതാവ് ആനന്ദ് ശർമയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ചരടുവലികളാണ് ഹിമാചലിലെ അട്ടിമറിക്ക് പിന്നിലെന്നാണ് സൂചന. ഇത് തിരിച്ചറിഞ്ഞാണ് ആനന്ദ് ശർമയുമായി അടുപ്പമുള്ള ഭൂപീന്ദർ സിങ് ഹൂഡയെ അനുയയത്തിനായി നിയോഗിച്ചിരിക്കുന്നത്. സുധീർ ശർമ, രാജേന്ദർ റാണ എന്നീ രണ്ട് എംഎൽഎമാരാണ് വിമതർക്ക് നേതൃത്വം നൽകുന്നത്. അതേ സമയം വിമതരെ അയോഗ്യരാക്കണമെന്നാണ് സുഖു വിഭാഗത്തിന്റെ ആവശ്യം.
നിയമസഭ സമ്മേളനം നടന്നുവരുന്നതിനിടയിലാണ് നാടകീയ സംഭവങ്ങൾ. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന ഉത്തരേന്ത്യയിലെ ഏക സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്നതിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മുഖ്യമന്ത്രിയുമായി എംഎൽഎമാരിൽ ഒരു വിഭാഗത്തിനുള്ള അഭിപ്രായവ്യത്യാസം കോൺഗ്രസ് ഹൈകമാൻഡ് അറിയാതിരിക്കുകയോ കാര്യമാക്കാതിരിക്കുകയോ ചെയ്തതാണ് തിരിച്ചടിക്ക് കാരണം.
അഭിഷേക് സിങ്വിയെ സംസ്ഥാനത്തേക്ക് രാജ്യസഭ സ്ഥാനാർത്ഥിയായി കെട്ടിയിറക്കിയത് ഒരുവിഭാഗം എംഎൽഎമാർക്ക് പിടിച്ചിരുന്നില്ല. ബിജെപിയാകട്ടെ, ഈ സാഹചര്യം പിന്നാമ്പുറ നീക്കത്തിലൂടെ ഉപയോഗപ്പെടുത്തി. മൂന്നു സ്വതന്ത്രർ അടക്കം ഒമ്പത് എംഎൽഎമാരുടെ പിന്തുണയാണ് നഷ്ടപ്പെട്ടത്. അതേസമയം, ആറു കോൺഗ്രസ് എംഎൽഎമാരെ ഹരിയാന പൊലീസും സി.ആർ.പി.എഫും ചേർന്ന് പിടികൂടി കൊണ്ടുപോയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അവരെ ബന്ധപ്പെടാനുള്ള ബന്ധുക്കളുടെ ശ്രമങ്ങൾ ഫലവത്തായില്ലെന്നും പറയുന്നു.
68 അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരാണുള്ളത്. മൂന്ന് സ്വതന്ത്രരും സർക്കാരിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 25 എംഎൽഎമാർ മാത്രമാണുണ്ടായിരുന്നത്. കോൺഗ്രസിനുള്ളിലെ തർക്കം തിരിച്ചറിഞ്ഞ ബിജെപി ഇവിടെ ഒഴിവ് വന്ന ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർത്ഥിയായി കോൺഗ്രസ് വിട്ടെത്തിയ ഹർഷ് മഹാജനെ നിയോഗിക്കുകയായിരുന്നു.
കോൺഗ്രസിന്റെ ആറ് എംഎൽഎ.മാരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ സിംഘ്വിക്കും ഹർഷ് മഹാജനും 34 വോട്ടുകൾ ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലാണ് ഹർഷ് മഹാജൻ വിജയിയായത്.