- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയതോടെ വീണ്ടും കള്ളപ്പണം വരുമെന്ന് ആശങ്ക
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതിയെ ന്യായീകരിച്ച്കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
. ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ സംസാരിക്കവേയാണ് ഷാ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ' ഇന്ത്യൻ രാഷ്ടീയത്തിൽ കള്ളപ്പണത്തിന്റെ ആധിപത്യം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. കള്ളപ്പണം തുടച്ചുനീക്കാനായിരുന്നു ആ തീരുമാനം. ഇപ്പോൾ ആ പദ്ധതി റദ്ദാക്കിയതോടെ, കള്ളപ്പണം തിരിച്ചുവരുമെന്നാണ് എന്റെ ഭയം', ഷാ പറഞ്ഞു.
അതേസമയം, ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തി ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധിയെ താൻ മാനിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കുന്നതിന് പകരം പരിഷ്‌കരണമായിരുന്നു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കിയപ്പോൾ രഹസ്യാത്മകതയ്ക്കുള്ള സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഡോണർമാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ തുക വ്യക്തമായി കാണാമായിരുന്നു. പദ്ധതി ഏർപ്പെടുത്തും മുമ്പ് പാർട്ടികൾക്കുള്ള സംഭാവനകൾ പണമായാണ് നൽകിയിരുന്നത്. പദ്ധതി നടപ്പാക്കിയ ശേഷം കമ്പനികൾക്കോ വ്യക്തികൾക്കോ, രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനായി ബോണ്ട് വാങ്ങാൻ റിസർവ് ബാങ്കിന് ചെക്ക് സമർപ്പിക്കണമായിരുന്നു.
അധികാരത്തിലിരിക്കുന്നതുകൊണ്ട് ബിജെപി ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് നേട്ടമുണ്ടാക്കി എന്നൊരു ധാരണയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കവർച്ചാ റാക്കറ്റാണ് ഇലക്ടറൽ ബോണ്ട്് സംവിധാനമെന്നാണ് രാഹുൽ ഗാന്ധിയും പറഞ്ഞത്. ആരാണ് അദ്ദേഹത്തിന് ഇതൊക്കെ എഴുതി കൊടുക്കുന്നതെന്ന് അറിയില്ല. ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി ഏകദേശം 6000 കോടിയോളം കിട്ടി. എല്ലാ പാർട്ടികൾക്കുമായി 20,000 കോടി കിട്ടി. അപ്പോൾ, 14,000 കോടിയുടെ ബോണ്ടുകൾ എവിടെ പോയി-ഷാ ചോദിച്ചു.
ലോക്‌സഭാ സീറ്റുകളുടെയോ പാർട്ടി അംഗങ്ങളുടെയോ കണക്കിന് ആനുപാതികമല്ല പ്രതിപക്ഷ പാർട്ടികൾക്ക് കിട്ടിയ ഇലക്ടറൽ ബോണ്ട് തുകയെന്നും ഷാ പറഞ്ഞു. തൃണമൂൽ 1600 കോടിയും, കോൺഗ്രസ് 1400 കോടിയും. ബിആർഎസ് 1200 കോടിയും. ബിജെഡി. 775 കോടിയും, ഡിഎംകെ 649 കോടിയും ബോണ്ടുകൾ വഴി നേടി. പണം വഴി ഇടപാട് നടന്നിരുന്ന കാലത്ത് കോൺഗ്രസ് 100 രൂപ പാർട്ടിയിലും, 1000 രൂപ വീട്ടിലും നിക്ഷേപിക്കുമായിരുന്നു. അത് ദീർഘനാളത്തേക്ക് തുടർന്നു, ഷാ പറഞ്ഞു.
ഏറ്റവും വലിയ അഴിമതിയെന്ന് രാഹുൽ
ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ് ബോണ്ടുകളെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബിജെപി. സർക്കാർ ഒരുദിവസം അധികാരത്തിൽനിന്ന് താഴെയിറങ്ങുമെന്ന് തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ടവർ ആലോചിക്കണം. അന്ന് ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടി സ്വീകരിക്കും. ഇത് തന്റെ ഗ്യാരന്റിയാണെന്നും രാഹുൽ പറഞ്ഞു.
സിബിഐ, ആദായനികുതി വകുപ്പ്, എക്‌സ്റ്റോർഷൻ (പിടിച്ചുപറി) ഡയറക്ടറേറ്റ് (ഇ.ഡി.) എന്നിവയെ നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരാണ്. ഇത് കുറ്റകരമായ പിടിച്ചുപറിയാണ്. കോർപ്പറേറ്റുകൾ ഭീതിയിലും സമ്മർദത്തിലുമാണ്. തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കാൾ വലിയ അഴിമതിയില്ല. പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപിക്ക് പണം ലഭിക്കുന്നത് തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയാണ്. ഇ.ഡിയും സിബിഐയും ആദായനികുതി വകുപ്പും ബിജെപിയുടേയും ആർ.എസ്.എസിന്റേയും നിയന്ത്രണത്തിലാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
വലിയ കരാറുകൾ നേടുന്നവരിൽനിന്ന് പണം കവരാനും കോർപ്പറേറ്റുകളെ ഭയപ്പെടുത്തി സംഭാവന നേടാനുമുള്ള മാർഗമാണ് ബോണ്ടുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, സംസ്ഥാനങ്ങളിൽ ഭരണമുള്ള കോൺഗ്രസ് സർക്കാരുകൾ നൽകിയ കരാറുകൾക്ക് തിരഞ്ഞെടുപ്പ് ബോണ്ടുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച പണമെല്ലാം രാഷ്ട്രീയ പാർട്ടികളെ പിളർത്താനും പ്രതിപക്ഷ സർക്കാറുകളെ പുറത്താക്കാനുമാണ് ഉപയോഗിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ വിമർശനം.
'ലോകത്തിലെ ഏറ്റവും വലിയ കവർച്ച റാക്കറ്റായിരുന്ന ഇലക്ടറൽ ബോണ്ടുകൾ...രാഷ്ട്രീയ പാർട്ടികളെ പിളർത്താനും പ്രതിപക്ഷ സർക്കാറുകളെ തഴെയിറക്കാനുമാണ് ഇതുവഴി ലഭിച്ച പണം ഉപയോഗിച്ചത്' -രാഹുൽ പറഞ്ഞു. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാറുകൾ നൽകിയ കരാറുകളും ഇലക്ടറൽ ബോണ്ടുകളും തമ്മിൽ ബന്ധമില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ, ആദായനികുതി വകുപ്പ്, സിബിഐ തുടങ്ങിയ ഏജൻസികളെല്ലാം ബിജെപിയുടെയും ആർ.എസ്.എസിന്റെയും ആയുധങ്ങളാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികളൊന്നും പ്രതിരോധ കരാറുകളോ മറ്റോ നൽകുന്നില്ല. പ്രതിപക്ഷ പാർട്ടികളൊന്നും പെഗസ്സസ് ഉപയോഗിച്ചിട്ടില്ല, സിബിഐയെയോ ഇഡിയെയോ നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.