ന്യൂഡൽഹി: മദ്യകോഴ വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ, ഇഡി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്നാണ് ആം ആദ്മി പാർട്ടിയുടെ കണക്കുകൂട്ടൽ. അതുകൊണ്ട് അറസ്റ്റുണ്ടായാൽ, ഭരണം തടസ്സമില്ലാതെ കൊണ്ടുപോകാനുള്ള മാർഗ്ഗങ്ങളാണ് പാർട്ടി ആലോചിക്കുന്നത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്താൽ, ജയിലിൽ നിന്ന് ജോലി ചെയ്യാൻ കോടതിയുടെ അനുമതി തേടുമെന്ന് എഎപി അറിയിത്തു.

ഇന്നുചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ, കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്താലും, ജയിലിൽ നിന്ന് സർക്കാരിനെ ഭരിക്കണമെന്നാണ് കെജ്രിവാളിനോട് ആവശ്യപ്പെട്ടത്. ' ആം ആദ്മിക്കും കെജ്രിവാളിനും എതിരെ അതിക്രമങ്ങൾ നടക്കുന്നുവെന്നാണ് ജനങ്ങൾ പറയുന്നത്. അതുകൊണ്ടാണ് ജയിലിൽ പോയാലും, കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരണമെന്ന് എല്ലാ എംഎൽഎമാരും ആവശ്യപ്പെട്ടത്. ഡൽഹിയിലെ ജനങ്ങളാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. അദ്ദേഹം ആ സ്ഥാനത്ത് തുടരണം', ഡൽഹി മന്ത്രി ആതിഷി പറഞ്ഞു. ജയിലിൽ തന്നെ മന്ത്രിസഭായോഗം ചേരാനും കോടതിയുടെ അനുവാദം തേടുമെന്ന് മന്ത്രി പറഞ്ഞു.

നവംബർ രണ്ടിനാണ് കേസിൽ ചോദ്യം ചെയ്യാനായി കെജ്രിവാളിനെ ഇഡി വിളിപ്പിച്ചത്. എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന അദ്ദേഹം തന്നെ ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്ന് പ്രവചിക്കുകയും ചെയ്തു. നേരത്തെ കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. എഎപി സർക്കാരിലെ ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയ ഫെബ്രുവരിയിൽ അറസ്റ്റിലായതിനെ തുടർന്ന് പദവി ഒഴിഞ്ഞിരുന്നു. ഇപ്പോഴും അദ്ദേഹം ജയിലിലാണ്. അന്വേഷണ ഏജൻസികൾ താൽക്കാലിക തെളിവുകൾ സ്ഥാപിച്ചതിനാൽ, ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുകയും ചെയ്തു.

ചിലർക്ക് മാത്രം വലിയ ലാഭമുണ്ടാക്കാൻ പാകത്തിൽ വളരെ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നതെന്ന സിബിഐ വാദം, കോടതി അംഗീകരിച്ചതായി 41 പേജുള്ള ഉത്തരവിൽ കാണുന്നു. മൊത്ത വിതരണക്കാർക്ക് കൊള്ളലാഭം ഉറപ്പിച്ച് അവരിൽ നിന്നും കോഴ വാങ്ങാൻ കളമൊരുക്കുന്ന തരത്തിലായിരുന്നു മദ്യനയം. 2021 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിൽ മദ്യ കമ്പനികൾക്കും കൈയുണ്ടായിരുന്നതായി സിബിഐ വാദിച്ചു. 12 ശതമാനം ലാഭം മദ്യ കമ്പനികൾക്ക് കിട്ടുന്ന തരത്തിൽ നയം രൂപീകരിച്ചു. സൗത്ത് ഗ്രൂപ്പ് എന്ന പേരിലുള്ള മദ്യലോബി ഇതിന് വേണ്ടി കൈക്കൂലി ഒഴുക്കി. അതിൽ ഒരു പങ്ക് പൊതുജന സേവകർക്ക് കിട്ടുകയും ചെയ്തു. കൈക്കൂലി നൽകിയതിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴപ്പണം ഉപയോഗിച്ചെന്നും, അതുവഴി 12.91 ശതമാനം വോട്ടുനേടി ദേശീയ പാർട്ടിയായി ആപ്പ് മാറിയെന്നും ബിജെപി ആരോപിക്കുന്നു. എന്നാൽ, തങ്ങളുടെ നേതാക്കളെ പടിപടിയായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പാർട്ടിയെ തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് എഎപി ആരോപിക്കുന്നു. കെജ്രിവാളിനെ ജയിലിൽ അടച്ച് പാർട്ടിയെ തറപറ്റിക്കുകയാണ് ആശയമെന്ന് മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.