ഹൈദരാബാദ്: ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാമനവമി ഘോഷയാത്രക്കിടെ പള്ളിക്ക് നേരെ സാങ്കൽപ്പിക അസ്ത്രം എയ്യുന്ന വീഡിയോ വിവാദമാകുന്നു. ബുധനാഴ്ചയാണ് സംഭവം. പ്രകോപനപരമായ ആംഗ്യം കാട്ടിയത് മാധവൈ ലത എന്ന ബിജെപി സ്ഥാനാർത്ഥിയാണ്. 2004 മുതൽ എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി ജയിച്ചുവരുന്ന മണ്ഡലമാണ് ഹൈദരാബാദ്.

10 സെക്കന്റ് വീഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്. കാവി വസ്ത്രമുടുത്ത് കഴുത്തിൽ മഞ്ഞ പൂക്കളും അണിഞ്ഞ് ഘോഷയാത്രയിൽ പങ്കെടുത്ത മാധവൈ ലത വെള്ള തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് അമ്പ് എയ്യുന്ന പോലെ കൈകൾ നീട്ടുന്നതായാണ് വീഡിയോ. ഈ സമയത്ത് സംഗീതവും ഉച്ചസ്ഥായിയിൽ എത്തുന്നുണ്ട്.

സംഭവം വിവാദമായതോടെ ആരുടെയെങ്കിലും വികാരങ്ങൾക്ക് മുറിവേറ്റെങ്കിൽ താൻ മാപ്പുപറയാമെന്ന് ബിജെപി സ്ഥാനാർത്ഥി എക്‌സിൽ കുറിച്ചു. തന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് അപൂർണ്ണമായ വീഡിയോ ആണ്. ബിജെപിക്ക് എതിരെയുള്ള ഗൂഢാലോചനയാണ് അതെന്നും പള്ളി എവിടെ നിന്ന് വന്നുവെന്നും മാധവൈ ലത പിന്നീട് വാർത്താ ഏജൻസിയോട് പ്രതികരിച്ചു.' ഇന്നലെ രാമനവമി ആഘോഷത്തിൽ പങ്കെടുക്കവേ, ഞാൻ ഒരു സാങ്കൽപ്പിക അസ്ത്രം ആകാശത്തേക്ക് തൊടുത്തുവിട്ടു. ഒരുകെട്ടിടത്തിന് നേരേയാണ് ഞാൻ അമ്പയച്ചത്. എവിടെ നിന്നാണ് ആ പള്ളി വന്നത്?'

'ബിജെപിയും ആർ.എസ്.എസും പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തുന്നു. അവരെന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാൻ ഹൈദരാബാദിലെ യുവാക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഹൈദരാബാദിന്റെ സമാധാനത്തിനായി നിങ്ങളുടെ വോട്ട് വിനിയോഗിക്കുക. അസദുദ്ദീൻ ഒവൈസി പറഞ്ഞു.

'നഗരത്തിന്റെ സമാധാനം നിങ്ങൾ തകർക്കാൻ ശ്രമിക്കുന്നു. ബിജെപി രാജ്യത്ത് വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് ചെയ്യുന്നത്? ബിജെപി സ്ഥാനാർത്ഥി പള്ളിയോട് കാണിച്ച ആംഗ്യം പൂർണ്ണമായും അംഗീകരിക്കാനാവില്ല' . എ ഐ എം ഐ എം വക്താവ് പറഞ്ഞു.