ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ശക്തിപ്രകടനമായി ഞായറാഴ്ച ഡൽഹി രാംലീല മൈതാനത്ത് മഹാറാലി നടക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ഝാർഖണ്ഡ് മുൻ മുഖ്യൻ ഹേമന്ദ് സോറന്റെയും അറസ്റ്റിനെയും കോൺഗ്രസിനും സിപിഐ.ക്കുമുള്ള ആദായനികുതിവകുപ്പ് നോട്ടീസുകളെയും എതിർത്തുള്ള റാലിയാണ് നടക്കുന്നത്. മഹാസഖ്യത്തിന്റെ ശക്തിപ്രകടനമായി ഇത് മാറും. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകലാണ് റാലിയുടെ ലക്ഷ്യം.

സഖ്യത്തിലെ 28 പാർട്ടികളുടെയും പ്രതിനിധികളെത്തും. ബംഗാളിലെ സീറ്റുവിഭജനത്തെച്ചൊല്ലി ഉടക്കിനിൽക്കുന്ന തൃണമൂൽ കോൺഗ്രസും പങ്കെടുക്കും. ലോക്സഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയപ്രസക്തിയുള്ള റാലിയാണിത്. കോൺഗ്രസും സിപിഎമ്മും വേദി പങ്കിടുമെന്നത് കേരളത്തിലെ രാഷ്ട്രീയത്തിലും ചർച്ചയാകും. പരസ്പരം എതിർക്കുന്നത് ഡൽഹിയിൽ ഒരുമിക്കാനാണെന്ന ചർച്ച കേരളത്തിൽ ബിജെപി ഉയർത്തും. ഇതിനുള്ള സുവർണ്ണാവസരമായി ഇത് മാറും.

മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി (കോൺഗ്രസ്), തിരുച്ചി ശിവ (ഡി.എം.കെ.), ഡെറിക്ക് ഒബ്രയാൻ (തൃണമൂൽ), തേജസ്വി യാദവ് (ആർ.ജെ.ഡി.), ശരദ് പവാർ (എൻ.സി.പി.), ഉദ്ധവ് താക്കറെ (ശിവസേന), സീതാറാം യെച്ചൂരി (സിപിഎം.), ഡി. രാജ (സിപിഐ.), ഫാറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), ദിപാങ്കർ ഭട്ടാചാര്യ (സിപിഐ. എം.എൽ.), ചംപായ് സോറൻ, കല്പന സോറൻ (ജെ.എം.എം.), ജി. ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്) തുടങ്ങിയ നേതാക്കൾ റാലിയിൽ പങ്കെടുക്കുമെന്നാണ് സൂചന.

റാലി വിജയമാക്കാൻ പ്രചാരണവുമായി എ.എ.പി., കോൺഗ്രസ് പ്രവർത്തകരായ ഡൽഹി മലയാളികളും രംഗത്തിറങ്ങിയിട്ടുണ്ട്. ഹേമന്ദ് സോറന്റെ ഭാര്യയായ കല്പന ശനിയാഴ്ച ഡൽഹിയിൽ കെജ്രിവാളിന്റെ ഭാര്യ സുനിതയെ സന്ദർശിച്ചു. ഇതെല്ലാം ഇന്ത്യാ സഖ്യത്തിന്റെ റാലി കൂടി കണ്ടു കൊണ്ടാണ്. കെജ്രിവാളിന്റെ ഭാര്യ മഹാറാലിയിൽ പങ്കെടുക്കുമോ എന്നതും നിർണ്ണായകമാണ്. ഒറ്റക്കെട്ടെന്ന സന്ദേശം നൽകി ഉത്തരേന്ത്യയിൽ പരമാവധി വോട്ട് ഉറപ്പിക്കുകയാണ് ഇന്ത്യാ സഖ്യത്തിന്റെ ലക്ഷ്യം. റാലിക്ക് ശേഷം രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് തട്ടകത്തിലേക്ക് പ്രവർത്തനം മാറ്റും.

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാൻ ആദായനികുതിവകുപ്പും രംഗത്തുണ്ട്. കോൺഗ്രസിനു പുറമെ സിപിഐ എം, സിപിഐ, ടിഎംസി എന്നീ പാർട്ടികൾ വൻ തുക പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതിവകുപ്പ് നോട്ടീസുകൾ അയച്ചു. ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും വേട്ടയാടുന്നതിനു പിന്നാലെയാണ് ബിജെപി സർക്കാർ ആദായനികുതിവകുപ്പിനെയും രംഗത്തിറക്കിയത്.

ഇരുനൂറ് കോടിയിൽപ്പരം രൂപ പിഴ ചുമത്തി കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തികവർഷങ്ങളിലെ പിഴയും പലിശയും ചേർത്ത് 1800 കോടി രൂപയുടെ നികുതി നോട്ടീസ് കോൺഗ്രസിന് ലഭിച്ചു. ഇതിനുശേഷം പുതിയ രണ്ടു നോട്ടീസുകൂടി ലഭിച്ചതായി എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. 'നികുതിഭീകരത'യുടെ ഇരയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ കൂടുതൽ പ്രതിപക്ഷ പാർട്ടികൾക്കും നോട്ടീസുകൾ അയക്കുകയാണ്. നേരത്തേ പരിഹരിച്ച വിഷയത്തിൽ തനിക്ക് ആദായനികുതിവകുപ്പിന്റെ നോട്ടീസ് ഇപ്പോൾ ലഭിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പറഞ്ഞു.