ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, ഇന്ത്യ സഖ്യം ബിഹാർ മുഖ്യമന്ത്രിയും, ജെഡിയു നേതാവുമായ നിതീഷ് കുമാറിന് വാഗ്ദാനം ചെയ്തത് പ്രധാനമന്ത്രി പദം. എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ, ജെഡിയു നേതാവ് കെ സി ത്യാഗിയാണ് ഇക്കാര്യം അറിയിച്ചത്.

നിതീഷിനെ ഇന്ത്യ സഖ്യത്തിലേക്ക് മടക്കി കൊണ്ടുവരാൻ നേതാക്കൾ ശ്രമം തുടരുകയാണെന്ന അഭ്യൂഹങ്ങൾക്കിടയാണ് ത്യാഗിയുടെ വെളിപ്പെടുത്തൽ. എന്നാൽ, പ്രതിപക്ഷത്തിന്റെ വാഗ്ദാനം ജെഡിയു തള്ളിക്കളഞ്ഞെന്നും, അടുത്ത അഞ്ചുവർഷം എൻഡിഎക്കൊപ്പം പ്രവർത്തിക്കാനുമാണ് തീരുമാനം.

' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് നിതീഷ് കുമാർ സംസാരിച്ചതോടെ അത്തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങൾക്കും അവസാനമായി. ജെഡിയു എൻഡിഎയിൽ ചേർന്നപ്പോൾ അത്തരം റിപ്പോർട്ടുകൾ അവസാനിക്കേണ്ടതായിരുന്നു', ത്യാഗി പറഞ്ഞു.

' കോൺഗ്രസും സഖ്യകക്ഷികളും ഞങ്ങളുടെ നേതാവിനോട് പെരുമാറിയത് ഞങ്ങളെ മുറിപ്പെടുത്തി. അതുകൊണ്ടാണ് വ്യത്യസ്ത പാത സ്വീകരിക്കേണ്ടി വന്നത്. ഇന്ത്യ സഖ്യത്തിന്റെ കൺവീനർ ആയിരിക്കാൻ നിതീഷ് കുമാർ യോഗ്യനല്ലെന്ന് കരുതിയവരാണ് ഇപ്പോൾ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തത്. എന്നാൽ, ജെഡിയു അത്തരം വാഗ്ദാനങ്ങൾ എല്ലാം തള്ളിക്കളഞ്ഞു, ത്യാഗി പറഞ്ഞു.

ബിഹാറിന്റെ വികസനം ലക്ഷ്യമിട്ട് പ്രത്യേക സംസ്ഥാന പദവിയായിരിക്കും തങ്ങളുടെ മുഖ്യ ആവശ്യം. സംസ്ഥാനത്തെ വിഭജിച്ചപ്പോൾ എല്ലാ വിഭവങ്ങളും, കൽക്കരി ഖനികളും മറ്റും ഝാർഖണ്ഡിന് പോയി. ബിഹാറിൽ തൊഴിലില്ലായ്മയും, ദാരിദ്ര്യവും കുടിയേറ്റക്കാരും അവശേഷിച്ചു. പ്രത്യേക സംസ്ഥാന പദവി കിട്ടാതെ ബിഹാറിന് വികസിക്കാനാവില്ല, ത്യാഗി പറഞ്ഞു.

ബിജെപി 272 സീറ്റ് നേടി കേവല ഭൂരിപക്ഷത്തിൽ എത്തുകയില്ലെന്ന് വ്യക്തമായതോടെയാണ് നിതീഷ് കുമാർ-ഇന്ത്യ സഖ്യം പുനഃ സമാഗമം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മഹാരാഷ്ട്രയുടെ മുന്മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കം മുതിർന്ന നേതാക്കൾ നിതീഷുമായി സമവായത്തിൽ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, വ്യാഴാഴ്ച നിതീഷിനോട് അടുത്ത കേന്ദ്രങ്ങൾ സാധ്യത തള്ളി. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ജെഡിയുവിന് രണ്ടു സുപ്രധാന ക്യാബിനറ്റ് പദവികൾ കിട്ടിയേക്കും. ലാലൻ സിങ്, രാം സിങ് താക്കൂർ എന്നിവരെയാണ് പാർട്ടി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.