ന്യൂഡൽഹി: ദേശീയ തലത്തിലെ ഹിന്ദി- ഇംഗ്ലീഷ് ചാനലുകളിലെ അവതാരകരെ ബഹിഷ്‌ക്കരിക്കാൻ ഇന്ത്യാ മുന്നണി. ബഹിഷ്ണക്കരണം ഏർപ്പെടുത്തുന്നത് ഏതൊക്കെ അവതാരകർക്ക് നേരെയാണ് എന്ന് വ്യക്തമാക്കുന്ന പട്ടിക സഖ്യം പുറത്തുവിട്ടു. ചാനലുകളിൽ പക്ഷപാതപരമായും ശത്രുതാ മനോഭാവത്തോടെയും പെരുമാറുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാ മുന്നണി ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്. ദേശീയ തലത്തിലെ വമ്പന്മാർ അടക്കമുള്ളവർ ബഹിഷ്‌ക്കരണം നേരിടുന്നവരുടെ പട്ടികയിലുണ്ട്.

ബുധനാഴ്ച ചേർന്ന ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയോഗത്തിന്റെ തീരുമാനത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഇതിനായി സഖ്യത്തിന്റെ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തി. പിന്നാലെയാണ് കോൺഗ്രസ് നേതാവ് പവൻ ഖേര പട്ടിക പുറത്തുവിട്ടത്. അർണാബ് ഗോസ്വാമി മുതൽ സുധീർ ചൗധരി വരെയുള്ളവർ ലിസ്റ്റിലുണ്ട്.

ആജ് തക് എഡിറ്റർ സുധീർ ചൗധരി, റിപബ്ലിക് ടിവിയുടെ അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള 14 അവതാരകരുടെ പേരാണ് പട്ടികയിലുള്ളത്. നവിക കുമാർ (ടൈംസ് നെറ്റ്‌വർക്ക്), അർണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂർ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാർ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികളാണ് ബഹിഷ്‌കരിക്കുക.

ഈ അവതാരകർ നയിക്കുന്ന ഒരു ചർച്ചയിലും ഇന്ത്യ സഖ്യത്തിലെ ഒരു കക്ഷിയും പങ്കെടുക്കില്ല. 'ബുധനാഴ്ച ചേർന്ന ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി യോഗത്തിന്റെ നിർദ്ദേശം പ്രകാരം വ്യാഴാഴ്ച ഇന്ത്യ മാധ്യമ ഉപസമിതി എടുത്ത തീരുമാനം, താഴെ പറയുന്ന അവതാരകരുടെ ചർച്ചകളിലും പരിപാടികളും ഇന്ത്യ സഖ്യത്തിലെ കക്ഷികൾ തങ്ങളുടെ പ്രതിനിധികളെ അയക്കില്ല' എന്ന കുറിപ്പോടെയാണ് പട്ടിക പുറത്തിറക്കിയത്.

ടൈംസ് നൗ, റിപ്പബ്ലിക് ഭാരത്, സുദർശൻ ന്യൂസ്, ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളും സഖ്യം ബഹിഷ്‌കരിക്കും. ആം ആദ്മി പാർട്ടി അവരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലും ഈ പട്ടിക പങ്കുവെച്ചിട്ടുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സീറ്റുവിഭജന പ്രക്രിയക്ക് തുടക്കമിടാനും ജാതി സെൻസസ് തുറുപ്പുശീട്ടാക്കാനും ഡൽഹിയിൽ ചേർന്ന സഖ്യത്തിന്റെ പ്രഥമ ഏകോപന സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.

സഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ച സംസ്ഥാനതലങ്ങളിൽ നടത്താനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത റാലികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ന്യൂഡൽഹിയിൽ എൻ.സി.പി നേതാവ് ശരദ് പവാറിന്റെ വസതിയിലാണ് യോഗം നടന്നത്. റാലികളിൽ ആദ്യത്തേത് മധ്യപ്രദേശിലെ ഭോപാലിൽ അടുത്ത മാസം ആദ്യവാരം നടക്കും.