- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ മുന്നണിക്ക് കേവല ഭൂരിപക്ഷം കിട്ടുമോ?
ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രവചന വിദഗ്ധരെല്ലാം പറയുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമെന്നാണ്. എന്നാൽ, മറുവശത്ത് ഇന്ത്യാ മുന്നണിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണിയിലെ നേതാക്കൾ. ഇപ്പോഴിതാ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിന്, ഇന്ത്യ മുന്നണിയിലെ ഉന്നത നേതാക്കൾ യോഗം ചേരാൻ ഒരുങ്ങുകയാണ്.
നിർണായക തീരുമാനങ്ങളെടുക്കാൻ വേണ്ടിയാണ് ഡൽഹിയിൽ യോഗം സംഘടിപ്പിക്കുന്നത്. സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ഫല സാധ്യതകളെ മുൻനിറുത്തിയാകും പ്രധാന ചർച്ച നടക്കുക. സർക്കാർ ഉണ്ടാക്കാൻ സാധിക്കുമോ എന്നതാണ് ഇതിൽ പ്രധാനചോദ്യം. തെരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് വരാനിരിക്കെയാണ് രണ്ട് ദിവസം മുന്നേ യോഗം ചേരുന്നതെന്നത് ശ്രദ്ധേയമാണ്. അപ്പോഴേക്കും, എക്‌സിറ്റ് ഫലം അടക്കം പുറത്തുവന്നിട്ടുണ്ടാകും.
ജൂൺ മൂന്നിന്, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ നൂറാം ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ട് മുന്നണിയുടെ പ്രത്യേക യോഗം ഡി.എം.കെയും ഡൽഹിയിൽ സംഘടിപ്പിക്കുന്നുണ്ട്. മുന്നണിയെ ബലപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ചെന്നൈയിൽ നടക്കേണ്ടിയിരുന്ന യോഗം എം.കെ സ്റ്റാലിൻ ഡൽഹിയിലേക്ക് മാറ്റിയത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർക്ക് ഇരു യോഗത്തിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
ആറാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിനുപിന്നാലെ ഇന്ത്യ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുർ ഖാർഗെ പറഞ്ഞിരുന്നു. ഇന്ത്യ മുന്നണി വൻവിജയം നേടുമെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശും രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെ മുന്നണി യോഗം വിളിച്ചത് 'ഇന്ത്യ'യുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
സർക്കാർ രൂപവത്കരിക്കാൻ കഴിയുന്ന സ്ഥിതിവിശേഷമുണ്ടായാൽ അതനുസരിച്ച് കക്ഷികളെ ഒരുമിച്ച് നിർത്താനുള്ള തന്ത്രങ്ങളടക്കം യോഗത്തിൽ ആസൂത്രണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 25ലധികം പാർട്ടികൾ അടങ്ങുന്ന പ്രതിപക്ഷം കഴിഞ്ഞ വർഷമാണ് പൊതു തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ നേരിടാൻ സഖ്യമുണ്ടാക്കിയത്. ഡൽഹിയിലും യു.പിയിലുമടക്കം പല സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിയുടെ ഭാഗമായാണ് പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചത്. ഇവിടങ്ങളിലെ സഖ്യത്തിന്റെ പ്രകടനവും യോഗത്തിൽ വിലയിരുത്തും.
അതേസമയം, യോഗത്തിൽ തൃണമൂൽ പ്രതിനിധികൾ പങ്കെടുക്കാത്തത് തുടക്കത്തിൽ ചില സംശയങ്ങൾക്ക് ഇടയാക്കിയെങ്കിലും നേതാക്കൾതന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെ ആശങ്കൾക്ക് വിരാമമായി. ജൂൺ ഒന്നിന് തന്നെയാണ് തൃണമൂൽ നേതാവ് മമത ബാനർജിയടക്കമുള്ളവർക്ക് വോട്ട് ചെയ്യാനുള്ളത്.
സംസ്ഥാനത്ത് അതിനിർണായകമായ ഒമ്പത് സീറ്റുകളിലാണ് അന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനംവിട്ട് നേതാക്കൾ ഡൽഹിയിൽ എത്തില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ജൂൺ അവസാന വാരം പട്‌നയിലായിരുന്നു ഇന്ത്യ മുന്നണിയുടെ ആദ്യ യോഗം. പിന്നീട്, ബംഗളൂരുവിലും മുംബൈയിലും ഡൽഹിയിലും മുന്നണിയോഗം ചേർന്നു.
മാർച്ച് 31ന് കെജ്രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റിന്റെ പശ്ചാത്തലത്തിൽ മറ്റൊരു യോഗവും ഡൽഹിയിൽ നടന്നു. ഏപ്രിൽ 21ന് റാഞ്ചിയിലും 'ഇന്ത്യ' മുന്നണിയുടെ റാലിയുണ്ടായി. ഇതിലെല്ലാം തൃണമൂൽ നേതാക്കൾ പങ്കെടുത്തിരുന്നു. അതേസമയം, പശ്ചിമ ബംഗാളിൽ പാർട്ടി ഒറ്റയ്ക്കാണ് മത്സരിച്ചത്. 'ഇന്ത്യ' സഖ്യം അധികാരത്തിലെത്തിയാൽ പുറത്തുനിന്ന് പിന്തുണക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു.