- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന്റെ അറസ്റ്റിൽ ഇന്ത്യാമുന്നണി പ്രതിഷേധ റാലിക്ക്
ന്യൂഡൽഹി: മദ്യനയക്കേസിൽ എ.എ.പി മുതിർന്ന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യ സഖ്യം മാർച്ച് 31ന് മെഗാറാലി നടത്തും. ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാൽ റായ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യാ സഖ്യത്തിലെ നേതാക്കലെ അണിനിരത്തി കൊണ്ട് റാലി സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്.
കെജ്രിവാളിന്റെ അറസ്റ്റിൽ ഭരണഘടനയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകൾ രോഷം കൊള്ളുകയാണ്. കെജ്രിവാളിന്റെ മാത്രം കാര്യമല്ല, ഇത് എതിർക്കുന്നവരെ ഒന്നൊന്നായി തുടച്ചുനീക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്നും ഗോപാൽ റായ് പറഞ്ഞു.
കേന്ദ്ര അന്വേഷണഏജൻസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുപയോഗം ചെയ്യുകയാണ്. പ്രതിപക്ഷ എംഎൽഎമാരിൽ ചിലരെ വിലക്കെടുക്കുന്നു. അല്ലാത്തവരെ ഭീഷണിപ്പെടുത്തി പാർട്ടിയിൽ ചേർക്കുന്നു. അതിലും വഴങ്ങാത്തവരെ കള്ളക്കേസുകൾചുമത്തി ജയിലിലടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിപ്ലവ സമരങ്ങൾക്ക് വേദിയായ രാംലീല മൈതാനത്തിലാകും റാലിയെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തിലെ പ്രധാനനേതാക്കൾ റാലിയിൽ പങ്കെടുക്കുമെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവീന്ദർ സിങ് ലവ്ലി അറിയിച്ചു. ഇത് രാഷ്ട്രീയ റാലിയല്ല. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള കാഹളമാണ്. ജനാധിപത്യം അപകടത്തിലാണ്. ഞങ്ങളുടെ നേതാവ് രാഹുൽഗാന്ധി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കൊപ്പം തങ്ങൾ ശക്തമായി ഒരുമിച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത് അരവിന്ദ് കെജ് രിവാളിനെ രക്ഷിക്കാനുള്ള റാലിയല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണ്. പ്രതിപക്ഷത്തിനുനേരെ ഏകപക്ഷീയമായ ആക്രമണം നടക്കുകയാണെന്നും ഡൽഹി മന്ത്രി അതിഷി മർലേന ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ആം ആദ്മി പാർട്ടി നേതാക്കളും ഡൽഹി മന്ത്രിമാരുമായ അതിഷി, ഗോപാൽ റായ്, സൗരഭ് ഭരദ്വാജ്, ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി എന്നിവർ പങ്കെടുത്തു.
റാലിയിൽ മെഴുകുതിരി കത്തിച്ചും കോലം കത്തിച്ചും പ്രതിഷേധിക്കുമെന്ന് ആംആദ്മി പാർട്ടി നേതാക്കൾ അറിയിച്ചു. അതേസമയം ഇ.ഡിയുടെ കസ്റ്റഡിയിൽ കഴിയുമ്പോഴും ഭരണനിർവഹണം തുടരുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തിറക്കി. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കൂടുതൽ ശക്തമായ പ്രതിഷേധമാണ് ഡൽഹിയിലെ തെരുവുകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ നടത്തിവരുന്നത്.