ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ മോശം പ്രകടനം ബിജെപി നേതാക്കളുടെ അഹങ്കാരം കൊണ്ട് ഉണ്ടായതാണെന്ന വിധത്തിൽ നടത്തിയ പ്രസ്താവനയിൽ നിന്നും പിന്നോട്ടു പോയി ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ആർ.എസ്.എസ് നേതൃത്വം ഇടപ്പെട്ടാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന തിരുത്തിച്ചതെന്നാണ് സൂചന.

വെള്ളിയാഴ്ചയാണ് മുൻ പ്രതികരണത്തിൽ നിന്നും മലക്കംമറിഞ്ഞ് ബിജെപിയെ പുകഴ്‌ത്തിയുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. രാമനെ എതിർത്തവരാണ് ഇപ്പോൾ അധികാരത്തിൽ നിന്നും പുറത്ത് പോയിരിക്കുന്നതെന്നാണ് ഇന്ദ്രേഷ് കുമാറിന്റെ പുതിയ പ്രതികരണം. ജനങ്ങൾക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കൊണ്ടാണ് അദ്ദേഹത്തിന് മൂന്നാമതും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞതെന്നും ഇന്ദ്രഷ് കുമാർ പറഞ്ഞു. രാവെന്നോ പകലെന്നോ ഇല്ലാതെ എല്ലാ ദിവസവും രാജ്യത്തിനായി പ്രവർത്തിക്കുന്നയാളാണ് മോദി. കൂടുതൽ നേട്ടങ്ങൾ മോദി സ്വന്തമാക്കുമെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ദ്രേഷ് കുമാറിന്റെ വിവാദ പ്രസ്താവന പുറത്ത് വന്നത്. അഹങ്കാരം മൂലമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം മോശമായതെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. ഭഗവാൻ രാമന്റെ ഭക്തർ പതുക്കെ അഹങ്കാരികളായി മാറി. അവർ ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായി മാറി. പക്ഷേ അഹങ്കാരം മൂലം രാമൻ അവരെ 241ൽ നിർത്തിയെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം രാമവിരുദ്ധരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

പ്രതിപക്ഷത്തിന്റെ പേര് നേരിട്ട് പറയാതെയായിരുന്നു അദ്ദേഹം ഇന്ത്യ സഖ്യത്തിനെതിരെ വിമർശനം ഉന്നയിച്ചത്. രാമനിൽ വിശ്വാസമില്ലാത്തവരെ ഭഗവാൻ 234ൽ നിർത്തി. ദൈവത്തിന്റെ നീതി സത്യമുള്ളതും എല്ലാവരേയും സന്തോഷിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 241 സീറ്റും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് 234 സീറ്റുമാണ് ലഭിച്ചത്.

സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരോക്ഷ വിമർശനത്തിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറും രംഗത്തെത്തിയത്. ഇതോടെ ബിജെപിയും ആർ എസ് എസും രണ്ടു വഴിയിലേക്ക് നീങ്ങുകയാണോ എന്ന അഭ്യൂഹങ്ങളും സജീവമായിരുന്നു. ആർഎസ്എസ് നേതൃനിരയിലെ പ്രധാനിയാണ് ഇന്ദ്രേഷ് കുമാർ.

ജെപി നദ്ദയാണ് ബിജെപിയുടെ ദേശീയ അധ്യക്ഷൻ. നദ്ദ നിലവിൽ കേന്ദ്രമന്ത്രിയുമാണ്. അതുകൊണ്ട് തന്നെ പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണം. ഇതിൽ അടക്കം ആർഎസ്എസ് നിലപാട് എന്താകുമെന്ന ചർച്ച സജീവമാണ്. ആർഎസ്എസ് അഭിപ്രായം പറയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ ഘട്ടത്തിൽ ആർ എസ് എസിനെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിലെ അകൽച്ച കൂടും. ഈ വർഷം മഹരാഷ്ട്രയിൽ തിരഞ്ഞെടുപ്പുണ്ട്. ഇതിൽ ആർഎസ്എസ് നിലപാട് നിർണ്ണായകമാകും. യഥാർഥ സ്വയം സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവർത്തിക്കുകയെന്നുമാണ് ഭാഗവത് പറഞ്ഞത്.

ബിജെപി. വളർന്നുവെന്നും ഇനി ആർ.എസ്.എസിന്റെ പിന്തുണ അനിവാര്യമല്ലെന്നും ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ അവകാശപ്പെട്ടതോടെയാണ് ആർഎസ്എസ്-ബിജെപി ബന്ധം വഷളാകുന്നത്. ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു നദ്ദയുടെ പരാമർശം. ബിജെപിക്ക് ഇപ്പോൾ ഒറ്റക്ക് പ്രവർത്തിക്കാനുള്ള ശേഷി ഉണ്ടെന്നും നദ്ദ പറഞ്ഞിരുന്നു. അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് നിന്ന് ബിജെപിയിലെ ആർഎസ്എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി. ഫലത്തിൽ ഇത് നാഗ്പൂരിനെ ചൊടിപ്പിച്ചു. അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ പോലും ബിജെപി തോറ്റു. സംഘപരിവാർ ശക്തിയുള്ള യുപിയിൽ വലിയ തിരിച്ചടിയുണ്ടായി. ഇതിന് പിന്നാലെയാണ് ബിജെപിയെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകൾ ആർഎസ്എസ് നേതാക്കൾ നടത്തിയതും.