ന്യൂഡൽഹി: ജനതാദൾ എസ് ( സെക്കുലർ) ബിജെപി നയിക്കുന്ന എൻഡിഎയിൽ ചേർന്നു. അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം. മുതിർന്ന ജെഡിഎസ് നേതാവും, മുൻ കർണാടക മുഖ്യമന്ത്രിയും എച്ച് ഡി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും യോഗത്തിലുണ്ടായിരുന്നു. കർണാടകയിലെ സീറ്റുവിഭജനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നേരത്തെ, എച്ച്ഡി ദേവഗൗഡയും മകൻ എച്ച്ഡി കുമാരസ്വാമിയും അമിത് ഷായെയും ജെപി നദ്ദയെയും പാർലമെന്റിലെത്തി കണ്ടിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ജെഡിഎസും ബിജെപിയും തമ്മിലുള്ള സഖ്യം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയത്. പൊതുതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം നേതാക്കൾ ചർച്ച ചെയ്തു. ജെഡിഎസ് എൻഡിഎയിൽ ചേർന്നതിനെ നദ്ദ സ്വാഗതം ചെയ്തു. ജെഡിഎസിന്റെ വരവ് എൻഡിഎയെ കൂടുതൽ ശക്തമാക്കുമെന്നും, പുതിയ ഇന്ത്യ, കരുത്തുറ്റ ഇന്ത്യ എന്ന മോദിയുടെ ദർശനത്തെ കൂടുതൽ കരുത്തുള്ളതാക്കുമെന്നും നദ്ദ കുറിച്ചു.

മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ പ്രസ്താവനയെ തുടർന്ന് ഇരു പാർട്ടികളും തമ്മിലുള്ള സഖ്യത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ നേരത്തെ സജീവമായിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസുമായി ധാരണയുണ്ടാക്കാൻ ആലോചിക്കുന്നതായി യെദ്യൂരപ്പ അടുത്തിടെ സൂചിപ്പിച്ചിരുന്നു.

കർണാടകയിലെ ആകെയുള്ള 28 മണ്ഡലങ്ങളിൽ നാല് ലോക്സഭാ സീറ്റുകളിൽ പ്രാദേശിക ജെഡിഎസ് സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് സൂചന. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 25 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. ബിജെപി പിന്തുണച്ച ഒരു സ്വതന്ത്ര സ്ഥാനാർത്ഥി മാണ്ഡ്യയിലെ സീറ്റിൽ വിജയിച്ചു. അതേസമയം കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് മാത്രമാണ് നേടാനായത്. പിന്നീട് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് കോൺഗ്രസുമായി സഖ്യത്തിലായി. തുടർന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ കർണാടകയിൽ ഇരുപാർട്ടികളും സംയുക്തമായി ഭരണം നടത്തി.

ഗണേശ ചതുർഥിക്ക് ശേഷം കൂടുതൽ വിവരങ്ങൾ പങ്കിടുമെന്നാണ് കുമാരസ്വാമി, നേരത്തെ പറഞ്ഞിരുന്നത്. പഴയ മൈസുരുവിൽ ജെഡിഎസിന് നാല് സീറ്റ് കിട്ടുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. മെയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിക്ക് പഴയ മൈസുരുവിൽ കോൺഗ്രസിന് എതിരെ ക്ഷീണം സംഭവിച്ചിരുന്നു. അതേസമയം, ജെഡിഎസ്, മാണ്ഡ്യയിലും മറ്റുമൂന്നുസീറ്റിലും മത്സരിക്കുമെന്നാണ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയത്. ജെഡിഎസുമായുള്ള സഖ്യത്തിലൂടെ ബിജെപിക്ക് 25 ഓ 26 ഓ സീറ്റ് നേടാനാകുമെന്നും യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.