- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ പി നദ്ദ വീണ്ടും ക്യാബിനറ്റ് മന്ത്രി ആകുമ്പോൾ
ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നദ്ദയ്ക്ക് ഇത് കേന്ദ്ര മന്ത്രിസഭയിലേക്കുള്ള മടങ്ങി വരവാണ്.
ഒന്നം മോദി സർക്കാരിൽ, 2014 മുതൽ 2019 വരെ ആരോഗ്യമന്ത്രിയായിരുന്നു നദ്ദ. 2020 ലാണ് അമിത് ഷായ്ക്ക് പകരം ബിജെപി അദ്ധ്യക്ഷനായത്. 2022 സെപ്റ്റംബറിൽ, പാർട്ടി അദ്ധ്യക്ഷ കാലാവധി തീരാൻ നാലുമാസം ബാക്കിയിരിക്കെ, നീട്ടി നൽകുകയായിരുന്നു.
2024ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് 2020 ൽ നാലുമാസം നീണ്ട ഭാരത പര്യടനം നടത്തിയ നേതാവാണ് ജെ.പി. നദ്ദ.അന്നത്തെ പര്യടനത്തിൽ, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്ത പ്രദേശങ്ങളിൽ നദ്ദ ശ്രദ്ധ കേന്ദ്രീകരിച്ചു ബൂത്ത്, മണ്ഡലം നേതാക്കന്മാർ മുതൽ എംഎൽഎ, എംപി തുടങ്ങി മുതിർന്ന നേതാക്കന്മാരുമായും യോഗം ചേർന്നു. ബൂത്തുകൾ നേരിട്ട് സന്ദർശിച്ച് താഴെത്തട്ടിലുള്ള പ്രവർത്തകരുമായും സംവദിച്ചു.
ബിജെപിക്ക് പ്രാതിനിധ്യമില്ലാത്ത സ്ഥലങ്ങളിൽ സ്വാധീനം ഉറപ്പിക്കുക എന്നതായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. ബിജെപി അധ്യക്ഷൻ എന്ന നിലയിലും നദ്ദ റീചാർജ്ജായി.
ബീഹാറിൽ ജനിച്ച് ഹിമാചലിന്റെ രാഷ്ട്രീയക്കളരിയിലൂടെ
ബിഹാറിൽ ജനിച്ച് ഹിമാചലിലെ രാഷ്ട്രീയ കളരിയിലൂടെയാണ് ജെപി നദ്ദ ബിജെപിയുടെ ദേശീയ നേതൃത്വത്തിലെത്തുന്നത്. കുട്ടിക്കാലത്ത് നീന്തൽ താരമായിരുന്ന നദ്ദ ബീഹാറിനെ പ്രതിനിധീകരിച്ച് ദേശീയ ജൂനിയർ ചാംപ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. 1960 ഡിസംബർ രണ്ടിന് പട്നയിൽ നരൈൻ ലാൽ നദ്ദയുടെയും കൃഷ്ണ നദ്ദയുടെയും മകനായി ജനിച്ച ജഗത് പ്രകാശ് നദ്ദ പട്ന സെന്റ് സേവ്യഴ്സ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ബാച്ചിലർ ഓഫ് ആർട്സിലാണ് ബിരുദം നേടുന്നത്. ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം വിദ്യാർത്ഥി കാലത്ത് എബിവിപിയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.
1993 ൽ ഹിമാചൽ എംഎൽഎയായാണ് ജെപി നദ്ദയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതെന്ന് പറയാവുന്നതാണ്. 1994-98 ഘട്ടത്തിൽ ഹിമാചലിലെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട നദ്ദ പിന്നാലെ 1998 ൽ ഹിമാചലിലെ ആരോഗ്യ മന്ത്രിസ്ഥാനത്തുമെത്തി. 2008-2010 കാലയളവിൽ ഹിമാചൽ മന്ത്രിസഭയിൽ വനം, പരിസ്ഥിതി വകുപ്പുകളും നദ്ദ കൈകാര്യം ചെയ്തിരുന്നു.
2010ൽ ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്ന നിതിൻ ഗഡ്കരിയാണ് നദ്ദയുടെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. ജെപി നദ്ദയെ ഗഡ്കരി ബിജെപിയുടെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ തൻേറതായ ഇടം കണ്ടെത്തുകയായിരുന്നു നദ്ദ. പിന്നീട് ഒരിക്കലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരുന്ന നദ്ദ, നേതൃത്വത്തിൽ നിർണായകമായ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. ബിജെപിയുടെ ദേശീയ പദ്ധതിയുടെ ഭാഗമായി 2012 ഏപ്രിലിൽ രാജ്യസഭാംഗവുമായി.
2014 ൽ ഒന്നാം മോദി സർക്കാർ അധികാരമേറ്റപ്പോൾ ആരോഗ്യ മന്ത്രി സ്ഥാനമാണ് പാർട്ടി നദ്ദയ്ക്ക് നൽകിയത്. ബിജെപിയുടെ പാർലമെന്ററി ബോർഡിലും നദ്ദ അംഗമായിട്ടുണ്ട്. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ ചുമതല ബിജെപി നദ്ദയെയാണ് ഏൽപ്പിച്ചത്. ആ വിശ്വാസം കാത്തു എന്നതും നേതൃത്വത്തിന് നദ്ദയിൽ ആത്മവിശ്വാസം വർധിപ്പിച്ചു. യുപിയിൽ സമാജ്വാദി പാർട്ടിയും ബിഎസ്പിയും കൈകോർത്തെങ്കിലും 80 ൽ 62 സീറ്റുകളും ബിജെപി പിടിച്ചെടുത്തിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിൽ യുപി ബിജെപിയെ ജയത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് നദ്ദയെ വർക്കിങ് പ്രസിഡണ്ടായി നിയോഗിച്ചത്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതോടെയായിരുന്നു ഇത്. 2024 ൽ വീണ്ടും മന്ത്രിയാകുമ്പോൾ, മറ്റൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്.