- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സി ജോർജിനെ ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് ജെ പി നദ്ദ
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന പി സി ജോർജ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാവ് പി സി ജോർജിനെയും ഷോൺ ജോർജിനെയും ജനപക്ഷം സെക്കുലർ പാർട്ടി അംഗങ്ങളെയും ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ രാജ്യ വികസനത്തിനും, കേരളത്തിലെ ജനങ്ങളുടെ സേവനത്തിനും കരുത്തുപകരാൻ പി സി ജോർജും മറ്റുപ്രവർത്തകരും പ്രവർത്തിക്കുമെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും നദ്ദ പറഞ്ഞു.
അതേസമയം, ക്രൈസ്തവ സഭാ പിതാക്കന്മാരുടേയും മറ്റ് സമുദായ നേതാക്കളുടേയും അനുഗ്രഹം വാങ്ങിയശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് പി.സി. ജോർജ് ചാനൽ ചർച്ചയിൽ പറഞ്ഞു. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ അനുഗ്രഹം വാങ്ങിയശേഷമാണ് ബിജെപിയിൽ ചേരാൻ ഡൽഹിയിലെത്തിയത്. ചോദിക്കേണ്ടവരോടൊക്കെ ചോദിച്ചിട്ടുണ്ട്. പിതാക്കന്മാരെ കാണേണ്ടവിധം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'അഞ്ച് കൊല്ലം മുമ്പെങ്കിലും ബിജെപിയിൽ ചേരാൻ തീരുമാനിക്കാതിരുന്നത് കേരളത്തിന് വലിയ നഷ്ടമായിപ്പോയി. സഹകരിക്കുകയെങ്കിലും ചെയ്യാത്തത് തെറ്റായിപ്പോയി. മലയാളിയുടെ, കേരളത്തിന്റെ സംരക്ഷണത്തിന് അതാവശ്യമായിരുന്നു. ഏതെങ്കിലും സ്ഥാനം ചോദിക്കാൻ വന്നതല്ലെന്ന് ഞാൻ വളരെ സ്ട്രിക്റ്റ് ആയി ആദ്യമേ പറഞ്ഞു.അവര് ചമ്മിപ്പോയി. ഒരു ഡിമാൻഡും ഞാൻ വെച്ചിട്ടില്ല. പത്തനംതിട്ടയിൽ നിൽക്കാൻ നിർദ്ദേശിച്ചാൽ മത്സരിക്കും. മത്സരിച്ചാൽ ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കും', പി.സി. ജോർജ് വ്യക്തമാക്കി.
'എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ബിജെപിയിൽ ചേരാൻ ഡൽഹിയിലെത്തിയത്. അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിച്ചാണ് വിട്ടത്. നിങ്ങൾ ഉദ്ദേശിക്കുന്ന ഇടത്തൊന്നുമല്ല, ഞാൻ കാണിച്ചുതരാം പണി. പെന്തക്കോസ്ത് വിഭാഗത്തിലെ പിതാക്കന്മാരോട് വളരെ വിശദമായി സംസാരിച്ചിട്ടുണ്ട്. സിഎസ്ഐ, യാക്കോബായ സഭകളുടെ പിതാക്കന്മാരോട് സംസാരിച്ചു, അവർ അനുവാദം തന്നിട്ടുണ്ട്. ആരോടൊക്കെ അനുവാദം ചോദിക്കണമോ അവരോടൊക്കെ അനുവാദം വാങ്ങിയാണ് പി.സി. ജോർജ് ഇപ്പണി ചെയ്തിരിക്കുന്നത്', അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് തീർന്നുപോയി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള കോൺഗ്രസ് രാജ്യത്ത് കാണില്ല. മാണി സാറിന്റെ അനുഗ്രഹം ഇല്ലാത്ത പാർട്ടിയാണതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി.സി.ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്കുലർ) ബിജെപിയിൽ ലയിക്കുകയായിരുന്നു. പാർട്ടി ചെയർമാൻ പി.സി.ജോർജ്, മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ബിജെപി. കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ, അനിൽ ആന്റണി എന്നിവർ സന്നിഹിതരായ ചടങ്ങിലായിരുന്നു അംഗത്വം സ്വീകരണം.
പ്രകാശ് ജാവദേക്കറും വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹൻദാസ് അഗർവാളും ചേർന്ന് പി.സി. ജോർജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. പി.സി. ജോർജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജും അംഗത്വം സ്വീകരിച്ചു.
പിസി ജോർജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചാരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.