ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ തമിഴ് സിനിമ നിർമ്മാതാവ് ജാഫർ സാദിഖുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ബന്ധമുണ്ടെന്ന് ആരോപിച്ച് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. ഇരുവരും രാജിവെക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു.

ഡി.എം.കെ ജില്ല ടീമിന്റെ സംഘാടകനായിരുന്ന സാദിഖ് മൂന്ന് വർഷമായി 3500 കിലോ അസംസ്‌കൃത വസ്തുക്കളാണ് മയക്കുമരുന്ന് ഉൽപാദനത്തിനായി കടത്തിയതെന്ന് പളനിസ്വാമി പറഞ്ഞു. ഡി.എം.കെക്കും അനുബന്ധ സംഘടനകൾക്കും ജാഫർ സാദിഖ് ധനസഹായം നൽകിയതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം എക്‌സ് പോസ്റ്റിൽ ആരോപിച്ചു. ജാഫർ സിദ്ദിഖ് പിടിയിലായതോടെ ഡിഎംകെയ്ക്കു നേരെ രൂക്ഷവിമർശനവുമായി ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. തമിഴ്‌നാട് രാജ്യത്തെ ലഹരിമരുന്ന് കടത്തിന്റെ കേന്ദ്രമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ വിമർശിച്ചു.

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് 2000 കോടി രൂപയുടെ മയക്കു മരുന്ന് കടത്തിയെന്ന കേസിലാണ് തമിഴ് സിനിമ നിർമ്മാതാവ് ജാഫർ സാദിഖിനെ അറസ്റ്റ് ചെയ്തത്. ഡി.എം.കെയുമായി അടുത്ത ബന്ധമുള്ള ജാഫർ സാദിഖ് ഫെബ്രുവരി 15 മുതൽ ഒളിവിലാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറിയിച്ചിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും അന്വേഷണം നേരിടുകയും ചെയ്തതോടെ കഴിഞ്ഞ മാസം ജാഫറിനെ ഡി.എം.കെ പുറത്താക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ സഹായിക്കാൻ ഉദയനിധി സ്റ്റാലിന് ഏഴ് ലക്ഷം രൂപ നൽകിയെന്നും ബാക്കി രണ്ട് ലക്ഷം ഡി.എം.കെയുടെ ഫണ്ടായി നൽകിയെന്നും ശനിയാഴ്ച അറസ്റ്റിന് ശേഷം സാദിഖ് പറഞ്ഞതായി എൻ.സി.ബി വൃത്തങ്ങൾ പറയുന്നു. ഉദയനിധിക്ക് നൽകിയ പണം മയക്കുമരുന്ന് കടത്തിൽ നിന്ന് ലഭിച്ചതാണോ എന്ന് എൻ.സി.ബി അന്വേഷിക്കുന്നുണ്ട്.

ഇന്ത്യയിൽനിന്ന് ഓസ്‌ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും ലഹരി കടത്തുന്നതിന്റെ സൂത്രധാരൻ ജാഫർ സാദിഖാണെന്ന് എൻസിബി കണ്ടെത്തി. ഈ മേഖലയിൽ ലഹരി വ്യാപാരം നടത്തുന്ന 'ഡ്രഗ് സിൻഡിക്കേറ്റി'ന്റെ തലവനാണ് ഇയാളെന്നും എൻസിബി പറയുന്നു. ഗുരുതര കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇയാളുടെ എട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 45 പാഴ്‌സലുകളിലായി 3,500 കിലോ സ്യൂഡോഫെഡ്രിൻ ജാഫർ ഓസ്‌ട്രേലിയയിലേക്ക് അയച്ചെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് വ്യക്തമാക്കി. തേങ്ങയിലും ഉണക്കിയ പഴങ്ങളിലും ഒളിപ്പിച്ചാണ് ഇയാൾ സ്യൂഡോഫെഡ്രിൻ കടത്തിയത്. മെത്താംഫെറ്റമിൻ, ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള മാരക ലഹരി മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണിത്.

ലഹരിക്കടത്തിലൂടെ കോടികൾ സമ്പാദിച്ച ജാഫർ സിനിമാ നിർമ്മാണത്തിനു പുറമെ റിയൽ എസ്റ്റേറ്റിലും ഈ തുക നിക്ഷേപിച്ചതായി എൻസിബി കണ്ടെത്തിയിട്ടുണ്ട്. ജാഫറിന്റെ ലഹരിക്കടത്ത് ശൃംഖലയിൽ ഉൾപ്പെട്ട രണ്ടു പേർ കഴിഞ്ഞയാഴ്ച മധുരയിൽ അറസ്റ്റിലായിരുന്നു. 180 കോടി രൂപ വിലമതിക്കുന്ന 36 കിലോ മെത്താംഫെറ്റമിൻ കടത്തുകയായിരുന്ന രണ്ടുപേരെ ട്രെയിനിൽവച്ചാണ് പിടികൂടിയത്. ശ്രീലങ്കയിലേക്ക് ലഹരി കടത്താനായിരുന്നു ഇവരുടെ നീക്കം. എൻസിബി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ തമിഴ്‌നാട്ടിൽനിന്ന് തിരുവനന്തപുരത്തെത്തിയ ജാഫർ സാദിഖ് പിന്നീട് മുംബൈ, പുണെ വഴി ജയ്പുരിലേക്ക് കടന്നിരുന്നു.