ശ്രീനഗർ: ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃ സ്ഥാപിച്ചേക്കുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിൽ രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ' ജമ്മു-കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഇവിടുത്തെ ജനത തങ്ങളുടെ സർക്കാരിനെ തിരഞ്ഞെടുക്കാൻ വോട്ടുചെയ്യുന്ന ദിവസം വിദൂരമല്ല. ജമ്മു-കശ്മീർ വീണ്ടും സംസ്ഥാനമെന്ന നിലയിൽ മെച്ചപ്പെട്ട ഭാവിയുടെ സൃഷ്ടിയിലേക്ക് നീങ്ങുന്ന ദിവസവും ഉടൻ വരും ', മോദി പറഞ്ഞു.

ഷേർ ഐ കശ്മീരി അന്താരാഷ്ട സമ്മേളന കേന്ദ്രത്തിലെ 'യുവാക്കളുടെ ശാക്തീകരണം, ജമ്മു-കശ്മീരിന്റെ പരിവർത്തനം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങളെയും അദ്ദേഹം പരാമർശിച്ചു. സമാധാനത്തിന്റെ ശത്രുക്കളെ പാഠം പഠിപ്പിക്കാൻ എല്ലാ മാർഗ്ഗവും ഉപയോഗിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

വ്യാഴാഴ്ച വൈകിട്ട് ശ്രീനഗറിൽ എത്തിയ മോദി എസ് കെ ഐ സി സിയിൽ വിവിധ സ്റ്റാർട്ട് അപ്പുകളുടെ പ്രദർശനം കണ്ടു. പിന്നീട്, അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ 1500 കോടിയുടെ 84 പദ്ധതികൾക്ക് ശിലാസ്ഥാപനം നടത്തി. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി കിട്ടിയ 2000 ത്തോളം പേർക്ക് നിയമന ഉത്തരവ് നൽകി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ പതാക ഉയരത്തിൽ പാറിച്ചതിന് വ്യക്തിപരമായി ജനങ്ങളോട് നന്ദി പറയാനാണ് താൻ എത്തിയതെന്നും മോദി പറഞ്ഞു. ' ഇന്നുരാവിലെ ശ്രീനഗർ സന്ദർശനത്തിനായി തയ്യാറെടുക്കുമ്പോൾ എനിക്ക് വലിയ ആവേശം തോന്നി. എന്തായിരിക്കും കാരണം എന്നാലോചിച്ചപ്പോൾ രണ്ടുകാരണങ്ങൾ മനസ്സിൽ വന്നു. മൂന്നാമതൊരു കാരണം കൂടി ചിന്തിച്ചു. അത് ഇവിടെ ഞാൻ ദീർഘകാലം പ്രവർത്തിക്കുകയും ധാരാളം ആളുകളെ പരിചയപ്പെടുകയും ചെയ്തതുകൊണ്ടാണ്. മറ്റൊരു കാരണം ഇവിടുത്തെ വികസന പദ്ധതികളാണ്. രണ്ടാമത്തെ കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിങ്ങളുമായുള്ള എന്റെ ആദ്യ സംവാദമാണിത് എന്നതാണ്. നിങ്ങൾ ജനാധിപത്യത്തെ വിജയിപ്പിച്ചു. വോട്ടിങ് ശതമാനത്തിൽ റോക്കോഡുകൾ ഭേദിച്ചു. യുവാക്കൾക്ക് ജനാധിപത്യത്തിൽ ആഴത്തിൽ വിശ്വാസമുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ', മോദി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ രാജ്യം ലോകത്തിനായി ഒരു സന്ദേശം അയച്ചിരിക്കുകയാണ്. ആ വലിയ സന്ദേശം സുസ്ഥിരതയുടേതാണ്, മോദി കൂട്ടിച്ചേർത്തു.