അമരാവതി: ആന്ധ്രപ്രദേശിൽ നിർണായകമായി രാഷ്ട്രീയ നീക്കങ്ങൾ സജീവം. നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന എൻഡിഎ സഖ്യം ഉപേക്ഷിച്ചു പുതുവഴി തേടി. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പവൻ കല്യാൺ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് പവൻ കല്യാൺ പറഞ്ഞു.

'ടി.ഡി.പി.ശക്തമായ പാർട്ടിയാണ്. വികസനത്തിനും സംസ്ഥാനത്തിന്റെ മികച്ച ഭരണ നിർവ്വഹണത്തിനും ആന്ധ്രപ്രദേശിന് ടിഡിപി ആവശ്യമാണ്. ഇന്ന് ടി.ഡി.പി പോരാട്ടത്തിലാണ്. അവർക്ക് 'ജനസൈനികരു'ടെ യുവരക്തം ആവശ്യമാണ്. ടിഡിപിയും ജനസേനയും ഒരുമിച്ച് നിന്നാൽ വൈ.എസ്.ആർ.കോൺഗ്രസ് മുങ്ങും', പൊതുയോഗത്തിൽ സംസാരിക്കവേ പവൻ കല്യാൺ പറഞ്ഞു.

അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ചന്ദ്രബാബു നായിഡുവിനെ കഴിഞ്ഞ മാസം പവൻ കല്യാൺ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ചന്ദ്രബാബു നായിഡു രംഗത്തുവന്നത്. കഴിഞ്ഞ ജൂലായിയിൽ ഡൽഹിയിൽ നടന്ന വിശാല എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനെ തന്റെ പാർട്ടി പിന്തുണയ്ക്കുമെന്ന് പവൻ കല്യാൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ സഖ്യനീക്കത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ നീക്കം പാളി.

ആന്ധ്രയിൽ ബിജെപി-ടിഡിപി-ജനസേന സഖ്യമായിരുന്നു പവൻ കല്യാൺ മുന്നോട്ടുവെച്ചത്. എന്നാൽ ടിഡിപിയുമായുള്ള സഖ്യത്തിന് ബിജെപി താത്പര്യം കാണിച്ചിരുന്നില്ല. പാർലമെന്റിൽ നിർണായ ഘട്ടങ്ങളിലെല്ലാം പിന്തുണ ലഭിക്കുന്ന വൈ.എസ്.ആർ.കോൺഗ്രസിനെ പിണക്കാൻ ബിജെപി തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പവൻ കല്യാൺ എൻഡിഎ ബന്ധം ഉപേക്ഷിച്ചത്.

2019-ൽ നടന്ന ആന്ധ്ര തിരഞ്ഞെടുപ്പിൽ പവൻ കല്യാണിന്റെ പാർട്ടിക്ക് ഒരു സീറ്റിൽ മാത്രമാണ് ജയിക്കാനായിരുന്നത്. അന്ന് 5.6 ശതമാനം വോട്ട് നേടിയിരുന്നു. 175 അംഗ നിയമസഭയിലേക്ക് നടന്ന മത്സരത്തിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി 50.6 ശതമാനം വോട്ട് വിഹിതത്തോടെ 151 സീറ്റുകൾ സ്വന്തമാക്കിയിരുന്നു. 39.7 ശതമാനം വോട്ടുകൾ നേടിയ ടിഡിപിക്ക് 23 സീറ്റുകളിലാണ് ജയിക്കാനായത്.

നൈപുണ്യ വികസനപദ്ധതി അഴിമതിക്കേസിൽ സെപ്റ്റംബർ ഒമ്പതിനാണ് ടിഡിപി മേധാവി ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.