- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതീഷ്കുമാർ എൻഡിഎയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി പാർട്ടി
പട്ന: നിതീഷ് കുമാർ എൻഡിഎ മുന്നണിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവേ അത്തരം റിപ്പോർട്ടുകൾ തള്ളി ജനതാദൾ യുണൈറ്റഡ് രംഗത്തുവന്നു. ബിഹാറിൽ വീണ്ടും ജെഡിയു ബിജെപി സഖ്യം അധികാരത്തിൽ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി രംഗത്തുവന്നത് പാർട്ടി ബിഹാർ അധ്യക്ഷൻ ഉമേഷ് സിങ് കുശ്വാഹയാണ്. പാർട്ടി ഇപ്പോഴും 'ഇന്ത്യ' മുന്നണിക്കൊപ്പമാണെന്നും എന്നാൽ സഖ്യം നിലനിർത്താൻ സീറ്റ് വിഭജനം സംബന്ധിച്ചു കോൺഗ്രസ് ഗൗരവമായി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ജെഡിയു ബിഹാർ അധ്യക്ഷൻ വ്യക്തമാക്കി.
ബിഹാർ ഭരിക്കുന്ന മഹാസഖ്യത്തിൽ എല്ലാ കാര്യങ്ങളും ശരിയാണെന്നും ഊഹാപോഹങ്ങൾ ചില അജൻഡകളുടെ അടിസ്ഥാനത്തിലാണെന്നും കുശ്വാഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഞാൻ ഇന്നലെയും ഇന്നും മുഖ്യമന്ത്രിയെ കണ്ടു. ഇതു പതിവ് കാര്യമാണ്. പ്രചരിക്കുന്ന കിംവദന്തികളിൽ സത്യമില്ല. പാർട്ടി എംഎൽഎമാരോട് പട്നയിലേക്ക് എത്താൻ പറഞ്ഞിട്ടില്ല." കുശ്വാഹ പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും പരസ്പരം അകലം പാലിച്ചതിനെയും കുശ്വാഹ ചിരിച്ചുതള്ളി.
"ഞങ്ങളുടെ സഖ്യകക്ഷിയായ കോൺഗ്രസ് മറ്റു ഘടകകക്ഷികളോടുള്ള നിലപാടിലും സീറ്റ് പങ്കിടലിലും കുറച്ച് ആത്മപരിശോധന നടത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ നേതാവ് നിതീഷ് കുമാർ വളരെക്കാലമായി എത്രയും വേഗം തീരുമാനം എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകണം." ജെഡിയു സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടം ബിഹാർ മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും സൂചനയുണ്ട്. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ല. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ പിരിച്ചുവിടും. നിതീഷ് കുമാർ മുഖ്യമന്ത്രിയും സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നാണു സൂചന.
ജനുവരി 28-ന് നിതീഷ് കുമാർ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. ബിജെപി. നേതാവ് സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാവുമെന്നും റിപ്പോർട്ടുകളുണ്ട്. അടഞ്ഞവാതിലുകൾ തുറക്കപ്പെടുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും സുശീൽകുമാർ മോദി നടത്തിയ പ്രസ്താവനയും പുറത്തുവന്നതോടെയാണ് കിംവതന്ദികൾ ശക്തമായത്.
ഫെബ്രുവരി നാലിന് പ്രധാനമന്ത്രി മോദി ബീഹാറിൽ എത്തുമെന്നും സൂചനയുണ്ട്. നിതീഷ് കുമാറിന്റെ പാർട്ടി പിളരുമോ എന്നതും നിർണ്ണായകമാണ്. ഏഴു പേർ കൂറുമാറിയാൽ നിതീഷിനെ അട്ടിമറിക്കാൻ ലാലു പ്രസാദ് യാദവിനും കോൺഗ്രസിനുമാകും. നിതീഷിനൊപ്പമുള്ളവർ പിളർന്നു പോകാത്ത തരത്തിലുള്ള പുനഃസംഘടനയാകും നടക്കുക. ബീഹാറിൽ നിതീഷ് കുമാർ കൂടിയുണ്ടെങ്കിൽ തൂത്തു വാരാമെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രതീക്ഷ.
ആർ.ജെ.ഡി.യും ജെ.ഡി.യു.വും പട്നയിൽ പ്രത്യേകം യോഗംചേർന്നിരുന്നു. കർപ്പുരി ഠാക്കൂർ അനുസ്മരണവേദിയിൽ നിതീഷ് നടത്തിയ പരാമർശവും സഖ്യം വിടുന്നതിന്റെ സൂചനകൾ നൽകുന്നതായിരുന്നു. നിതീഷ് മടങ്ങിവരാൻ തയ്യാറുണ്ടെങ്കിൽ ബിജെപി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പിന്നാലെയാണ് ബുധനാഴ്ച ജെ.ഡി.യു. സംഘടിപ്പിച്ച കർപ്പൂരി ഠാക്കൂർ അനുസ്മരണവേദിയിൽ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരേ നിതീഷ് രൂക്ഷവിമർശനമുയർത്തിയത്. കർപ്പൂരിക്ക് ഭാരതരത്നയും നൽകി.
സ്വന്തം കുടുംബാംഗങ്ങളെ നേതാക്കളായി വാഴിക്കുന്ന സമീപകാല രീതിക്ക് അപവാദമാണ് കർപ്പൂരി ഠാക്കൂർ എന്നും അദ്ദേഹം ഒരിക്കലും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നിതീഷ് പറഞ്ഞു. തനിക്കും കുടുംബവാഴ്ചയിൽ താത്പര്യമില്ലെന്നും കൂട്ടിച്ചേർത്തു. ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വിമർശനമാണിതെന്നാണ് വ്യാഖ്യാനം.
ജെ.ഡി.യു- ആർ.ജെ.ഡി. ബന്ധം ഉലയുന്നെന്ന സൂചന ദിവസങ്ങളായി സംസ്ഥാനത്ത് ഉയരുന്നുണ്ട്. തേജസ്വി യാദവിനായി മുഖ്യമന്ത്രിപദം ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് നിതീഷ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022-ലുണ്ടാക്കിയ ധാരണ. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പദവിയൊഴിയാൻ നിതീഷ് തയ്യാറല്ല. അതിനിടെ ഉത്തരേന്ത്യയിൽ മോദിക്കുണ്ടാകുന്ന സ്വീകാര്യതയും നിതീഷിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.
അതേസമയം ബംഗളിലും പഞ്ചാബിലും ഒറ്റയ്ക്കു മത്സരിക്കുമെന്നു യഥാക്രമം തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും അറിയിച്ചതിനു പിന്നാലെയാണു ബിഹാറിലും ഇന്ത്യ മുന്നണിയിലും പ്രതിസന്ധി ഉടലെടുത്തത്. സീറ്റ് വിഭജനത്തിലെ കാലതാമസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, എൻഡിഎയിലെ സീറ്റ് വിഭജനത്തെക്കുറിച്ച് എന്താണ് ആരും ചോദിക്കാത്തതെന്നും അവരുടെ സീറ്റ് വിഭജനവും പൂർത്തിയായിട്ടില്ലെന്നുമായിരുന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങ്ങിന്റെ മറുപടി.