- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിങ്ങൾക്കും യാദവർക്കും വേണ്ടി ഒന്നും ചെയ്യില്ലെന്ന് ജെഡിയു എംപി
പറ്റ്ന: ബിഹാറിൽ വിവാദത്തിന് തിരികൊളുത്തി എംപിയുടെ പ്രസംഗം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡി.യുവിന്റെ സീതാമഡ് മണ്ഡലത്തിൽ നിന്നുള്ള എംപി. ദേവേഷ് ചന്ദ്ര ഠാക്കൂർ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിലായത്. ബിജെപി. നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് വോട്ടുചെയ്യാത്തതിനാൽ മുസ്ലിങ്ങൾക്കും യാദവർക്കും വേണ്ടി താൻ ഒന്നും ചെയ്യില്ലെന്ന് ഠാക്കൂർ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
'യാദവരും മുസ്ലിങ്ങളും എന്നിൽനിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ടതില്ല. എന്നെ കാണാനെത്തുമ്പോൾ അവരെ ഞാൻ ബഹുമാനത്തോടെതന്നെ പരിഗണിക്കും. അവർക്ക് ചായയും ലഘുഭക്ഷണവും നൽകും. പക്ഷേ, അവരുടെ പ്രശ്നങ്ങളൊന്നും ഞാൻ ഏറ്റെടുക്കില്ല', ഠാക്കൂർ പറഞ്ഞു.
'എന്റെ പാർട്ടി ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന ഒറ്റക്കാരണംകൊണ്ട് നിങ്ങൾ എനിക്ക് വോട്ട് ചെയ്തില്ല എന്നിരിക്കേ, എനിക്ക് എങ്ങനെ നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻകഴിയുമെന്നാണ് മുസ്ലിം സഹോദരങ്ങളോട് ചോദിക്കാനുള്ളത്', എംപി പറഞ്ഞു.
'സൂരികളുടേയും (മത്സ്യത്തൊഴിലാളി സമുദായം) കൽവാർ വിഭാഗത്തിൽപെട്ടവരുടേയും വോട്ട് എനിക്ക് കിട്ടിയില്ല. കുഛ്വാഹകൾ പോലും എന്നെ കൈവിട്ടു. കാരണം, ലാലുപ്രസാദ് യാദവ് നിരവധി കുഛ്വാഹകൾക്ക് മത്സരിക്കാൻ അവസരം നൽകി', ദേവേഷ് ചന്ദ്ര ഠാക്കൂർ പറഞ്ഞു.
ദേവേഷ് ചന്ദ്ര ഠാക്കൂറിന്റെ പ്രസംഗത്തിനെതിരെ ആർ.ജെ.ഡി. രംഗത്തെത്തി. അദ്ദേഹത്തിന്റെ പരാമർശം അപലപനീയമാണെന്ന് ആർ.ജെ.ഡി. വക്താവും എംഎൽഎയുമായ ഭായ് വീരേന്ദ്ര പറഞ്ഞു. ഒരു എംപി. എന്നാൽ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും പ്രതനിധിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.