റാഞ്ചി: ഝാർഖണ്ഡിൽ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഭരണകക്ഷിയായ യു.പി.എ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതോടെ ഝാർഖണ്ഡിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതിയായി.

81 ൽ 48 വോട്ടുകൾ നേടിയാണ് ഹേമന്ത് സോറൻ വിശ്വാസം തെളിയിച്ചത്. തിരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപി രാജ്യത്ത് കലാപങ്ങളുണ്ടാക്കുകയാണെന്ന് ഹേമന്ത് സോറൻ ആരോപിച്ചു. ആഭ്യന്തര യുദ്ധത്തിനു സമാനമായ സാഹചര്യമുണ്ടാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും ഹേമന്ത് സോറൻ പറഞ്ഞു.

''പ്രതിപക്ഷം ജനാധിപത്യത്തെ തകർക്കാനാണു ശ്രമിക്കുന്നത്. നിയമസഭാംഗങ്ങളെവച്ച് കുതിരക്കച്ചവടത്തിനാണു ബിജെപി ശ്രമം. ആളുകൾ ചന്തയിൽനിന്ന് സാധനങ്ങളാണു വാങ്ങുന്നത്. പക്ഷേ ബിജെപി നിയമസഭാംഗങ്ങളെയാണു വാങ്ങുന്നത്.'' ഹേമന്ത് സോറൻ ആരോപിച്ചു. നിരവധി തടസ്സങ്ങളാണു സർക്കാരിനു നേരിടേണ്ടിവന്നതെന്നും സോറൻ സഭയിൽ പറഞ്ഞു.

''ഞങ്ങളുടെ മൂന്ന് എംഎൽഎമാർ ബംഗാളിലാണ്. ബംഗാളിൽ എംഎൽഎമാരെ വലയിട്ടുപിടിക്കാൻ നോക്കുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ്. ഝാർഖണ്ഡിൽ യുപിഎ സർക്കാർ ഉള്ള കാലത്തോളം ബിജെപിയുടെ ഗൂഢാലോചന നടക്കാൻ പോകുന്നില്ല. സംസ്ഥാനങ്ങളെ തമ്മിൽ തല്ലിക്കുന്നതിനാണ് അവരുടെ ശ്രമം. ആഭ്യന്തര യുദ്ധത്തിനു സമാനമായ സാഹചര്യം ഉണ്ടാക്കാനാണു നോക്കുന്നത്. നിങ്ങൾക്ക് അതിനു ഉചിതമായ മറുപടി തന്നെ ലഭിക്കും.'' സോറൻ നിയമസഭയിൽ പറഞ്ഞു.

ഛത്തീസ്‌ഗഡിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരെ ഝാർഖണ്ഡിലേക്കു തിരിച്ചെത്തിച്ചാണ് വിശ്വാസ വോട്ടെടുപ്പു നടത്തിയത്. ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ് അംഗങ്ങളായ മുപ്പതോളം പേരാണ് റായ്പൂരിനു സമീപത്തുള്ള റിസോർട്ടിൽ കഴിഞ്ഞ 30 മുതൽ കഴിഞ്ഞിരുന്നത്. ഛത്തീസ്‌ഗഡിൽ പ്രത്യേക പൊലീസ് സുരക്ഷയോടെയായിരുന്നു ഇവരുടെ താമസം. ജെഎംഎം 30, കോൺഗ്രസ് 18, ബിജെപി 26 എന്നിങ്ങനെയാണ് ജാർഖണ്ഡ് നിയമസഭയിലെ സീറ്റുനില.