റാഞ്ചി: ഝാർഖണ്ഡിൽ ജെഎംഎം നേതാവ് ചംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഇക്കാര്യത്തിൽ തീരുമാനം വൈകുകയാണ്. ഗവർണർ സി പി രാധാകൃഷ്ണനുമായി ചംപായ് സോറനെ കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവകാശപ്പെട്ട ചംപായ്‌ക്കൊപ്പം കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആലംഗീർ ആലം, ആർജെഡി എംഎൽഎ സത്യാനന്ദ് ഭോക്ത, സിപിഐ (എംഎൽ) എൽ നിയമസഭാംഗം വിനോദ് സിങ്, നിയമസഭാംഗം പ്രദീപ് യാദവ് എന്നിവരും ഉണ്ടായിരുന്നു.

ചമ്പൈ സോറൻ ഗവർണറെ കാണാൻ പോകുന്നതിന് മുമ്പ് ഝാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, രാഷ്ട്രീയ ലോക്ദൾ എന്നിവയുടെ ഭരണസഖ്യം ചംപായ് സോറനെ പിന്തുണച്ച 43 പ്രതിപക്ഷ എംഎൽഎമാരുടെ വീഡിയോ പുറത്തുവിട്ടിരുന്നു. 'സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം അവകാശപ്പെട്ടിട്ട് 22 മണിക്കൂർ കഴിഞ്ഞു. ഉടൻ തീരുമാനം എടുക്കുമെന്ന് ഗവർണർ പറയുന്നു', യോഗത്തിന് ശേഷം ചംപായ് സോറൻ പറഞ്ഞു.

അതേസമയം, മുഖ്യഎതിരാളികളായ ബിജെപിയുടെ ചാക്കിട്ടുപിടിത്തം തടയാൻ ജെഎംഎം എം എൽ എ മാരെ ഹൈദരാബാദിലേക്ക് മാറ്റുകയാണ്. റാഞ്ചിയിലെ സർക്യൂട്ട് ഹൗസിൽ നിന്ന് എം എൽ എമാരുമായി ബസ് റാഞ്ചി വിമാനത്താവളത്തിലെത്തി. ' അവർ എത്തരക്കാരാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അവർക്ക് ഏതുസമയത്തും എന്തും ചെയ്യാനാവും. ആകെ 43 എം എൽ എ മാരാണ് ഹൈദരാബാദിലേക്ക് പോകുന്നത്', ഝാർഖണ്ഡ കോൺഗ്രസ് അദ്ധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു.

81 അംഗ ഝാർഖണ്ഡ് നിയമസഭയിൽ 47 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്ന ജെഎംഎം നേതാവ് ചംപായ് സോറൻ പറഞ്ഞു. ഹേമന്ത് സോറൻ ബുധനാഴ്ച രാജിവെച്ചതിന് പിന്നാലെ ചംപായ് സോറനെ നിയമസഭാ കക്ഷി നേതാവായി ജെഎംഎം എംഎൽഎമാർ തിരഞ്ഞെടുത്തിരുന്നു. പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ചാംപയ് സോറൻ ബുധനാഴ്ച തന്നെ ഗവർണർ സി.പി.രാധാകൃഷ്ണനെ കാണുകയും ചെയ്തിരുന്നു. എന്നാൽ, ഗവർണർ സർക്കാർ രൂപീകരിക്കാനാവശ്യപ്പെട്ട് ഇതുവരെ ചംപായ് സോറനെ ക്ഷണിച്ചിട്ടില്ല. ഇത് ബിജെപിയെ സഹായിക്കാനാണെന്നാണ് ജെഎംഎം അടക്കമുള്ള പാർട്ടികൾ ആരോപിക്കുന്നത്.

'ഗവർണർ ഉറക്കത്തിൽനിന്ന് ഉണരണം. 18 മണിക്കൂറോളമായി ഞങ്ങൾ കാത്തിരിക്കുകയാണ്', ചംപായ് സോറൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ കണ്ട് രണ്ട് മണിക്കൂറിനകമാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്നും ബിഹാറിലെ രാഷ്ട്രീയ നീക്കത്തെ സൂചിപ്പിച്ച് ചാംപയ് സോറൻ പറഞ്ഞു. '43 എംഎൽഎമാർ ഒപ്പിട്ടുനൽകിയ കത്ത് ഇന്നലെ ഗവർണർക്ക് മുമ്പാകെ സമർപ്പിച്ചതാണ്. ഇപ്പോൾ ഞങ്ങൾക്ക് 47 എംഎൽഎമാരുടെ പിന്തുണയുണ്ട്', ചംപായ് സോറൻ പറഞ്ഞു. ഭൂരിപക്ഷം വ്യക്തമായിട്ടും എന്തുകൊണ്ടാണ് ഗവർണർ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാത്തതെന്ന് കോൺഗ്രസ് ശിൽപി നേഹയും ചോദിച്ചു.

അതേ സമയം ഇ ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. ഹേമന്ത് സോറന്റെ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ച സുപ്രീം കോടതിയിൽ പരിഗണിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോറന്റെ അറസ്റ്റിനെതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ നൽകിയ ഹർജി പരാമർശിച്ചു. ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് കേസ് പിൻവലിക്കുകയാണെന്ന് സിബൽ കോടതിയെ അറിയിച്ചു.

'ആയിരക്കണക്കിന് ആളുകളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നു, എല്ലാവർക്കും സുപ്രീം കോടതിയിൽ വരാൻ കഴിയില്ല.' ഹരജി പരാമർശിക്കവേ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും സോളിസിറ്റർ ജനറലിന് മറുപടിയായി സിബൽ പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ്, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തു. 'ഞാൻ കുമ്പിടില്ലെന്നും... ആത്യന്തികമായി, സത്യം വിജയിക്കുമെന്നും വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരെയും ദളിതരെയും ആദിവാസികളെയും അടിച്ചമർത്തുന്ന ഫ്യൂഡൽ വ്യവസ്ഥയ്‌ക്കെതിരെ യുദ്ധം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ അറസ്റ്റിലായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി തനിക്ക് ബന്ധമില്ലെന്നും സോറൻ അവകാശപ്പെട്ടു. സോറനെ ഒരുദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.