റാഞ്ചി: ഝാർഖണ്ഡിൽ, നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ, ചംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് ഗവർണറുടെ ക്ഷണം വന്നത്. സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കും. 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം. ഹേമന്ത് സോറൻ കള്ളപ്പണക്കേസിൽ അറസ്‌ററിലായി ഏകദേശം 24 മണിക്കൂറിന് ശേഷമാണ് ഗവർണറുടെ ക്ഷണം വന്നത്. 18 മണിക്കൂറായി സംസ്ഥാനത്ത് സർക്കാരില്ലെന്നും ആശയക്കുഴപ്പം തീർത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ചംപായി സോറൻ ഗവർണർ സി പി രാധാകൃഷ്ണന് കത്ത് നൽകിയിരുന്നു.

ഗവർണർ തീരുമാനം വൈകിക്കുകയും, എം എൽ എമാരുടെ ഭൂരിപക്ഷത്തിലെ നേരിയ സംഖ്യയും കാരണം ബിജെപിയുടെ അട്ടിമറി ശ്രമം ജെ എം എം സഖ്യം ഭയന്നിരുന്നു. ഇതു കണക്കിലെടുത്ത് എം എൽ എമാരെ ഹൈദരാബാദിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങി. പിന്നീട് എം എൽ എമാരെ റാഞ്ചിയിലെ സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. ഇതിനെ തുടർന്നാണ് ചംപായ് സോറന് ഗവർണറുടെ വിളി വന്നത്.

81 അംഗ സഭയിൽ ജെ എം എം -കോൺഗ്രസ്-ആർജെഡി സഖ്യത്തിന് 47 എം എൽ എമാരുണ്ട്. ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ 41 ആണ്. നിലവിൽ 43 പേർ ചംപായ് സോറനെ പിന്തുണയ്ക്കുന്നുണ്ട്.

ബിജെപിക്ക് 25 എം എൽ എമാരും. ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന് മൂന്നും അംഗങ്ങളുണ്ട്. അവശേഷിക്കുന്ന സീറ്റുകൾ എൻസിപിയും ഇടതുകക്ഷിയും മൂന്നുസ്വതന്ത്രരും കൂടി പങ്കിടുന്നു. നേരിയ ഭൂരിപക്ഷമാണ് ജെ എം എം സഖ്യത്തെ റിസോർട്ട് രാഷ്ട്രീയത്തിന് പ്രേരിപ്പിച്ചത്.

നേരത്തെ, ഝാർഖണ്ഡിൽ ബിജെപിയുടെ അട്ടിമറി നീക്കം സംശയിക്കുന്നതിനിടെ, ഹൈദരാബാദിലേക്ക് എംഎൽഎമാരെ മാറ്റാനുള്ള ശ്രമം മുടങ്ങിയിരുന്നു. ഝാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ്-രാഷ്ട്രീയ ജനതാദൾ സഖ്യത്തിലെ എംഎൽഎമാരെയാണ് ബസുകളിൽ കയറ്റി റാഞ്ചി വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്.

കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലേക്ക് ചാർട്ടേഡ് വിമാനങ്ങളിൽ എംഎൽഎമാരെ പറത്താനാണ് ചംപായ് റായിയും മറ്റുനേതാക്കളും പദ്ധതിയിട്ടത്. എന്നാൽ മോശം കാലാവസ്ഥ നീക്കത്തിന് തിരിച്ചടിയായി. വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കിയതോടെ എംഎൽഎമാർ തിരിച്ചിറങ്ങി. ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിലാണ് എംഎൽഎമാർ ഇറങ്ങേണ്ടിയിരുന്നത്. നഗരത്തിലെ താജ് കൃഷ്ണയിലും മറ്റുഹോട്ടലുകളിലും മുറികളും ബുക്ക് ചെയ്തിരുന്നു.

'അവർ എത്തരക്കാരാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അവർക്ക് ഏതുസമയത്തും എന്തും ചെയ്യാനാവും. ആകെ 43 എം എൽ എ മാരാണ് ഹൈദരാബാദിലേക്ക് പോകുന്നത്', ഝാർഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷൻ രാജേഷ് താക്കൂർ വിമാനത്താവളത്തിലേക്ക് പോകും മുമ്പ് പറഞ്ഞു.

ബുധനാഴ്ച ഗവർണർ സി പി രാധാകൃഷ്ണനുമായി ചംപായ് സോറനെ കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവകാശപ്പെട്ട ചംപായ്‌ക്കൊപ്പം കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആലംഗീർ ആലം, ആർജെഡി എംഎൽഎ സത്യാനന്ദ് ഭോക്ത, സിപിഐ (എംഎൽ) എൽ നിയമസഭാംഗം വിനോദ് സിങ്, നിയമസഭാംഗം പ്രദീപ് യാദവ് എന്നിവരും ഉണ്ടായിരുന്നു.

ചംപായി സോറൻ ഗവർണറെ കാണാൻ പോകുന്നതിന് മുമ്പ് ഝാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, രാഷ്ട്രീയ ലോക്ദൾ എന്നിവയുടെ ഭരണസഖ്യം ചംപായ് സോറനെ പിന്തുണച്ച 43 പ്രതിപക്ഷ എംഎൽഎമാരുടെ വീഡിയോ പുറത്തുവിട്ടിരുന്നു. ഹേമന്ത് സോറൻ ബുധനാഴ്ച രാജിവെച്ചതിന് പിന്നാലെ ചംപായ് സോറനെ നിയമസഭാ കക്ഷി നേതാവായി ജെഎംഎം എംഎൽഎമാർ തിരഞ്ഞെടുത്തിരുന്നു.

അതേ സമയം ഇ ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. ഹേമന്ത് സോറന്റെ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ച സുപ്രീം കോടതിയിൽ പരിഗണിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോറന്റെ അറസ്റ്റിനെതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ നൽകിയ ഹർജി പരാമർശിച്ചു. ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് കേസ് പിൻവലിക്കുകയാണെന്ന് സിബൽ കോടതിയെ അറിയിച്ചു.

'ആയിരക്കണക്കിന് ആളുകളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നു, എല്ലാവർക്കും സുപ്രീം കോടതിയിൽ വരാൻ കഴിയില്ല.' ഹരജി പരാമർശിക്കവേ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും സോളിസിറ്റർ ജനറലിന് മറുപടിയായി സിബൽ പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ്, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തു. 'ഞാൻ കുമ്പിടില്ലെന്നും... ആത്യന്തികമായി, സത്യം വിജയിക്കുമെന്നും വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരെയും ദളിതരെയും ആദിവാസികളെയും അടിച്ചമർത്തുന്ന ഫ്യൂഡൽ വ്യവസ്ഥയ്‌ക്കെതിരെ യുദ്ധം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ അറസ്റ്റിലായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി തനിക്ക് ബന്ധമില്ലെന്നും സോറൻ അവകാശപ്പെട്ടു. സോറനെ ഒരുദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.