ഭോപ്പാൽ: മധ്യപ്രദേശിലെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് വീണ്ടുവിചാരം. മുൻ മുഖ്യമന്ത്രിയും, മുതിർന്ന നേതാവുമായ കമൽനാഥിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പകരം, ഒബിസി നേതാവ് ജിത്തു പട്വാരിയാണ് പുതിയ അദ്ധ്യക്ഷൻ.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദി ഹൃദയഭൂമിയിൽ ഒരുപുതിയ ചുവട്വയ്പിനാണ് കോൺഗ്രസിന്റെ ശ്രമം. മധ്യപ്രദേശിലെ 50 ശതമാനത്തോളം വരുന്ന ഒബിസി വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് നീക്കം. സോവു മണ്ഡലത്തിൽ, ബിജെപി സ്ഥാനാർത്ഥിായ മധു വർമയോട് 35,000 ത്തിലേറെ വോട്ടിന് തോറ്റയാളാണ് പട്വാരി. എന്നിരുന്നാലും ഒബിസി വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ശ്രമമായാണ് പുതിയ തീരുമാനം നിരീക്ഷിക്കപ്പെടുന്നത്.

പട്വാരിയുടെ നിയമനത്തോടെ, 77 കാരനായ കമൽനാഥിന്റെ രാഷ്ട്രീയഭാവി ഇനിയെന്താകുമെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. കേന്ദ്രമന്ത്രിയായും, 9 തവണ ലോക്‌സഭാ എംപിയായും, മധ്യപ്രദേശ് മുഖ്യമന്ത്രിയായി 15 മാസത്തോളവും അധികാരത്തിലിരുന്ന നേതാവാണ് കമൽനാഥ്.

ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 230 അംഗ നിയമസഭയിൽ 66 സീറ്റ് മാത്രമാണ് കിട്ടിയത്. ബിജെപി 163 സീറ്റ് സ്വന്തമാക്കി. അതേസമയം, ഛത്തീസ്‌ഗഡിൽ തോൽവി സംഭവിച്ചെങ്കിലും, ദീപത് ഭൈജിനെ സംസ്ഥാന അദ്ധ്യക്ഷനായി നിലനിർത്തിയിരിക്കുകയാണ്. ചരൺദാസ് മഹന്തിനെ ഛത്തീസ്‌ഗഢ് നിയമസഭയിലെ കോൺഗ്രസിന്റെ നിയമസഭാ കക്ഷിനേതാവായും നിയമിച്ചു.

മധ്യപ്രദേശിൽ, ഉമംഗ് സിംഗാറിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. അദ്ദേഹമായിരിക്കും പ്രതിപക്ഷനേതാവെന്ന് ചുരുക്കം. ഹേമന്ത് കടാരെയെ ഉപനേതാവായും തിരഞ്ഞെടുത്തു. ഹൈക്കമാൻഡിന്റെ തിരഞ്ഞെടുപ്പുകൾ, ബിജെപിയിലേത് പോലെ തന്നെ തലമുറമാറ്റത്തിന്റെ സൂചന നൽകുന്നതിനൊപ്പം, ജാതി സന്തുലനം കൂടി പരിഗണിച്ചിട്ടുണ്ട്. ബ്രാഹ്‌മണ നേതാവായ കമൽനാഥിന് പകരം ഒബിസി നേതാവ് ജിത്തു പട്വാരിയെ നിയോഗിച്ചു. ഉമംഗ് സിംഗാർ ഗോത്രവർഗ്ഗ നേതാവാണ്. കമൽനാഥിനെ മാറ്റിയതോടെ, ബ്രാഹ്‌മണ വോട്ടുകൾ നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഹേമന്ത് കടാരെയുടെ നിയമനം