- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിൽ നിന്ന് ഉപകരണം എത്തിച്ചു രേവന്ത് റെഡ്ഡിയുടെ ഫോൺ ചോർത്തി
ഹൈദരാബാദ്: രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നു എന്ന ആരോപണം ഉയർത്തിയത് കോൺഗ്രസ് ആയരുന്നു. പെഗസ്സെസ് സോഫ്റ്റ് വെയർ വഴിയുള്ള നിരീക്ഷണം കോടതി കയറുകയും ചെയ്തു. ഇതിനിടെ തെലുങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിയുടെ നേതൃത്വത്തിൽ കെ.ചന്ദ്രശേഖർ റാവു സർക്കാരിന്റെ കാലത്ത് വൻ ഫോൺ ചോർത്തലാണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. രേവന്തെ റെഡ്ഡി മുഖ്യമന്ത്രി ആയതിന് ശേഷം രൂപീകരിച്ച അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഫോൺചോർത്തലിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത്.
അന്ന് പ്രതിപക്ഷത്തായിരുന്ന രേവന്ത് റെഡ്ഡി ഉൾപ്പടെയുള്ള നേതാക്കളുടെയും വ്യവസായികളുടെയും പ്രമുഖരുടെയുമാണ് ഫോൺ ചോർത്തിയത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം വിവരങ്ങളിലേക്ക് കടക്കുന്നുണ്ട്. സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥരായ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഭുജംഗ റാവു, അഡീഷണൽ പൊലീസ് സൂപ്രണ്ട് തിരുപതണ്ണ എന്നിവർ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നിലവിൽ അമേരിക്കയിലുള്ള സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ മുന്മേധാവി ടി.പ്രഭാകർ റാവുവിന് നോട്ടീസ് അയച്ചിട്ടുണ്ട്. തെലുഗു ടിവി ചാനൽ വൺ ന്യൂസ് നടത്തുന്ന ശരവൺ റാവു, പൊലീസ് ഉദ്യോഗസ്ഥർ രാധാ കിഷൻ റാവു എന്നിവർക്കും ലുക്ക്ഔട്ട് നോട്ടിസ് അയച്ചിട്ടുണ്ട്. ആരോപണത്തോട് ബിആർഎസ് പ്രതികരിച്ചിട്ടില്ല. രേവന്ത് റെഡ്ഡിയുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതിനായി അദ്ദേഹത്തിന് വസതിക്ക് സമീപം ഇറക്കുമതി ചെയ്ത ഫോൺ ടാപ്പിങ് ഉപകരണങ്ങൾ സ്ഥാപിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഫോൺ ചോർത്തലിനായി വിലുപമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. സംസ്ഥാന ഇന്റലിജൻസിന്റെ സാങ്കേതിക കൺസൾട്ടന്റ് ആയിരുന്ന രവി പോൾ എന്ന വ്യക്തി രേവന്ത് റെഡ്ഡിയുടെ വസതിക്ക് സമീപം ഒരു ഓഫിസ് ആരംഭിച്ച് ഫോൺ ടാപ്പിങ് ഉപകരണം സ്ഥാപിക്കുകയായിരുന്നു. ഇതുവഴി രേവന്തിന്റെ ഫോൺ നിരന്തരം ടാപ്പ് ചെയ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്.
ഇസ്രയേലിൽ നിന്ന് കേന്ദ്രത്തിന്റെ അനുമതിയില്ലാത ഇറക്കുമതി ചെയ്ത ഉപകരണത്തിന് 300 മീറ്റർ ചുറ്റളവിലുള്ള ഫോൺ സംഭാഷണങ്ങൾ പിടിച്ചെടുക്കാൻ സാധിക്കും. പ്രതിപക്ഷ നേതാക്കൾക്ക് പുറമേ ജൂവലറി ഉടമകൾ, ഭൂമിക്കച്ചവടക്കാർ, വ്യവസായികൾ, പ്രമുഖർ തുടങ്ങി പലരും പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. സർക്കാറിനെതിരെ നീങ്ങുന്നവരെ വരുതിയിൽ ആക്കാൻ വേണ്ടിയാണ് ഈ നിരീക്ഷണം വഴി ഉദ്ദേശിച്ചത്.
ഇത്തരം ഫോൺടാപ്പിങ് പ്രമുഖ ദമ്പതികളുടെ വിവാഹ മോചനത്തിന് കാരണമായതായും റിപ്പോർട്ട് ഉണ്ട്. വ്യവസായികളോട് ബിആർഎസിന്റെ പാർട്ടി ഫണ്ടിലേക്ക് വൻതുകകൾ സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ബിആർഎസിന് ഇലക്ടറൽ ബോണ്ട് വഴി വൻ പണമാണ് ലഭിച്ചത്. ഇതിന് പിന്നിലും ഈ നിയമവിരുദ്ധ ഫോൺ ചോർത്തൽ ഇടയാക്കി എന്നാണ് സൂചനകൾ.
രാഷ്ട്രീയനേതാക്കളെ മാത്രമല്ല, സംസ്ഥാനത്തെ പ്രമുഖ വ്യവസായികളെയും ഫോൺചോർത്തൽ സംഘം ലക്ഷ്യമിട്ടിരുന്നു. റിയൽഎസ്റ്റേറ്റ് വ്യവസായികൾ, ജൂവലറി ഉടമകൾ, സിനിമാതാരങ്ങൾ തുടങ്ങിയവരാണ് പൊലീസിന്റെ അനൗദ്യോഗിക നിരീക്ഷണവലയത്തിലുണ്ടായിരുന്നത്.
അതിനിടെ, ബിജെപി. നേതാവും വ്യവസായിയുമായ ശരൺ ചൗധരി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പരാതി നൽകിയിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ രാധാ കിഷൻ റാവുവും ഉമാമഹേശ്വര റാവുവും കഴിഞ്ഞവർഷം ഓഗസ്റ്റ് 21-ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും ബി.ആർ.എസ്. മന്ത്രിയായിരുന്ന ദയാകർ റാവുവിന്റെ ബന്ധുവിന് വസ്തു രജിസ്റ്റർ ചെയ്തുനൽകാൻ നിർബന്ധിച്ചെന്നുമായിരുന്നു ശരൺ ചൗധരിയുടെ പരാതി.
തട്ടിക്കൊണ്ടുപോയി തടവിലാക്കിയശേഷം തന്റെ വസ്തു മന്ത്രിയുടെ ബന്ധുവായ വിജയ് എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്തുനൽകാൻ ഭീഷണിപ്പെടുത്തി. ഇതിനുപുറമേ 50 ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെട്ടതായും പരാതിക്കാരൻ ആരോപിച്ചിരുന്നു. ഈ പരാതികളിൽ അന്വേഷണം നടക്കുമെന്ന് ഉറപ്പാണ്. മകൾ കവിത മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ഇപ്പോൾ കെസിആറിനും കുരുക്കായി അന്വേഷണം എത്തുന്നത്.