ന്യൂഡൽഹി: അഭ്യൂഹങ്ങൾക്കപ്പുറം, കമൽ നാഥും മകൻ നകുൽ നാഥും ബിജെപിയിൽ ചേരുമെന്ന സൂചന ശക്തമായി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ കമൽനാഥ് ഡൽഹിയിലെത്തി. അദ്ദേഹം ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.

മധ്യപ്രദേശിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയായ നകുൽ നാഥ് നകുൽ നാഥ് സമൂഹമാധ്യമങ്ങളിലെ ബയോയിൽ നിന്നും കോൺഗ്രസിനെ ഒഴിവാക്കി. നേരത്തെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് തന്നെ, നകുൽ നാഥ് ചിന്ദ്വാര ലോക്‌സഭ സീറ്റിൽ നിന്നുള്ള സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ചിരുന്നു. 2019 ൽ ഈ സീറ്റിൽ നിന്നാണ് നകുൽ ജയിച്ചത്.

' ഇത്തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞാൻ നിങ്ങളുടെ സ്ഥാനാർത്ഥിയായിരിക്കും. കമൽനാഥോ, നകുൽ നാഥോ ആരാണ് മത്സരിക്കുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, കമൽനാഥ് മത്സരിക്കില്ലെന്നും ഞാനായിരിക്കും സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിക്കുന്നു', നകുൽ നാഥ് പറഞ്ഞു.

തനിക്ക് രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ, കമൽനാഥ് കോൺഗ്രസിൽ അസംതൃപ്തനായിരുന്നു. താൻ ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന് അങ്ങനെ എന്തെങ്ക്ിലും ഉണ്ടെങ്കിൽ നിങ്ങളെ ആദ്യം അറിയിക്കും എന്നായിരുന്നു ഡൽഹിയിൽ എത്തിയ കമൽനാഥിന്റെ മറുപടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ കോട്ടയായ ചിന്ദ്വാരയിൽ പര്യടനത്തിലായിരുന്നു കമൽനാഥ്. സംസ്ഥാനത്ത് 2019 ൽ ബിജെപി മറ്റു 28സീറ്റുകൾ തൂത്തുവാരിയെങ്കിലും, ചിന്ദ്വാര മകൻ നകുൽനാഥ് നിലനിർത്തി.

കമൽനാഥിന്റെ അസംതൃപ്തിയാണ് ബിജെപി മുതലെടുത്തത്. മൂന്നു കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്തും എന്ന ബിജെപി അധ്യക്ഷൻ വി.ഡി.ശർമ അവകാശപ്പെട്ടിരുന്നു. "രാമനെ കോൺഗ്രസ് ബഹിഷ്‌കരിക്കുന്നു. ഇന്ത്യയുടെ ഹൃദയത്തിൽ രാമനുണ്ടെന്നു തോന്നുന്ന ആളുകൾ കോൺഗ്രസിൽ ഉള്ളതിനാൽ ഞങ്ങൾ ഞങ്ങളുടെ വാതിലുകൾ തുറന്നിരിക്കുന്നു. കോൺഗ്രസ് അദ്ദേഹത്തെ അപമാനിക്കുമ്പോൾ വേദനിക്കുന്ന ആളുകളുണ്ട്. അസ്വസ്ഥരായിരിക്കുന്നവർക്ക് ഒരു അവസരം ലഭിക്കണം. നിങ്ങൾ ആരുടെ പേരുകൾ പറയുന്നുവോ അവരുടെ ഹൃദയത്തിൽ വേദനയുണ്ടെങ്കിൽ, അവരെയും സ്വാഗതം ചെയ്യുന്നു" വി.ഡി.ശർമ പറഞ്ഞു.

മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി നൽകി കൊണ്ട് ഈയാഴ്ച നിരവധി നേതാക്കൾ പാർട്ടി വിട്ടു. മുൻ എംഎൽഎ ദിനേഷ് അഹിർവാർ, വിധിഷയിൽനിന്നുള്ള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാകേഷ് കട്ടാരെ തുടങ്ങിയവരും ഫെബ്രുവരി 12ന് ബിജെപിയിൽ ചേർന്നിരുന്നു

കമൽനാഥ് ബിജെപിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് നെഹ്‌റു-ഗാന്ധി കുടുംബത്തിനൊപ്പം തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയ കമൽനാഥിന് അങ്ങനെ ചെയ്യാനാകുമോ എന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രതികരണം. കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ രാഹുൽ ഗാന്ധി എതിരായതും കമൽനാഥിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് മധ്യപ്രദേശ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കമൽനാഥിനെ നീക്കിയിരുന്നു. 230 അംഗ സഭയിൽ 163 സീറ്റുമായാണ് ബിജെപി ഭരണം നിലനിർത്തിയത്. കോൺഗ്രസിന് 66 സീറ്റ് മാത്രമാണ് നേടാനായത്.