- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമൽനാഥ് അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരും; പാർട്ടി പ്രത്യയശാസ്ത്രം പിന്തുടരും; ബിജെപിയിൽ ചേരുമെന്ന പ്രചാരണം കമൽനാഥിന് എതിരായ ഗൂഢാലോചന; അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി: മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥും, മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയിട്ട് കുറെ ദിവസമായി. കമൽനാഥ് അത് തള്ളുകയോ, കൊള്ളുകയോ ചെയ്തിട്ടില്ല. എന്നാൽ, കമൽനാഥ് ബിജെപിയിൽ ചേരില്ലെന്ന് കോൺഗ്രസ് ഇന്ന് അവകാശപ്പെട്ടു.
പാർട്ടി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം തള്ളിയത്. സംസ്ഥാന അദ്ധ്യക്ഷൻ ജിത്തു പട്വാരിയും കമൽനാഥിനെ കുറിച്ചുള്ളത് മാധ്യമപ്രചാരണം മാത്രമാണെന്ന് പ്രതികരിച്ചു. ' കമൽനാഥിന് എതിരെയുള്ള ഗൂഢാലോചനയാണത്. ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. വെറും ഊഹാപോഹം മാത്രമെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ കോൺഗ്രസുകാരനാണെന്നും, അങ്ങനെ തന്നെ തുടരുമെന്നും അവസാന ശ്വാസം വരെ കോൺഗ്രസ് പ്രത്യയശാസ്ത്രം പിന്തുടരുമെന്നും പറഞ്ഞു', പട്വാര വ്യക്തമാക്കി.
മധ്യപ്രദേശിൽ കമൽനാഥും, മകൻ നകുൽനാഥും ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, മുതിർന്ന നേതാവ് മനീഷ് തിവാരിയും പാർട്ടി വിട്ട് ബിജെപിക്ക് കൈ കൊടുക്കുമെന്ന് വാർത്ത വന്നിരുന്നു. ബിജെപി ടിക്കറ്റിൽ ലുധിയാന സീറ്റിൽ മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ വാർത്ത. എന്നാൽ, മനീഷ് തിവാരിയുടെ ഓഫീസ് ഇത് തള്ളിക്കളഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണമാണിതെന്ന് ഓഫീസ് വിശദീകരണ കുറിപ്പിറക്കി.
മനീഷ് തിവാരി അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടെന്നും അവിടുത്തെ വികനസപ്രവർത്തനങ്ങൾ ശ്രദ്ധിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തിലുണ്ട്. മാത്രമല്ല, കഴിഞ്ഞദിവസം രാത്രി ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലാണ് അദ്ദേഹം തങ്ങിയതെന്നും എംപി. ഓഫീസിന്റെ കുറിപ്പിൽ പറയുന്നു.
നേരത്തെ തിവാരി ബിജെപിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന തരത്തിലായിരുന്നു പ്രചാരണം. അതേസമയം, കമൽനാഥ് ബിജെപിയിൽ ചേരുമെന്ന് തനിക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവില്ലെന്ന് മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിതു പട് വാരി പ്രതികരിച്ചു. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കമൽനാഥിനെ മാറ്റിയാണ് പട്വാരിയെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത്.
കമൽനാഥ് കളം മാറി ചവിട്ടുമെന്ന പ്രചാരണം ശക്തമായതോടെ, അത് ബിജെപിയിലേക്കുള്ള കൂട്ടപ്പലായനം ആവാതിരിക്കാനാണ് മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ജിത്തു പട്വാരിയും പ്രതിപക്ഷ നേതാവ് ഉമങ് സിംഗാറും മറ്റുഉന്നത നേതാക്കളും എല്ലാ എം എൽ എമാരെയും നേരിൽ കണ്ട് പരാതി തീർപ്പാക്കുകയാണ്. കമൽ നാഥും, നകുൽ നാഥുമായും അടുപ്പമുള്ള എംഎൽഎമാരെയും. മുൻ സാമാജികരെയും നേതാക്കളെയും ബന്ധപ്പെട്ടുവരുന്നു. വലിയൊരു കൂട്ടപ്പലായനം ഉണ്ടായാൽ അത് മധ്യപ്രദേശിൽ കോൺഗ്രസിന് വലിയ ക്ഷീണമാകുമെന്ന് മാത്രമല്ല, വിമതർക്ക് കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷ കിട്ടുകയും ചെയ്യും.
അതേസമയം, മധ്യപ്രദേശിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയായ നകുൽ നാഥ് നകുൽ നാഥ് സമൂഹമാധ്യമങ്ങളിലെ ബയോയിൽ നിന്നും കോൺഗ്രസിനെ ഒഴിവാക്കി. നേരത്തെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് തന്നെ, നകുൽ നാഥ് ചിന്ദ്വാര ലോക്സഭ സീറ്റിൽ നിന്നുള്ള സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ചിരുന്നു. 2019 ൽ ഈ സീറ്റിൽ നിന്നാണ് നകുൽ ജയിച്ചത്.
' ഇത്തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞാൻ നിങ്ങളുടെ സ്ഥാനാർത്ഥിയായിരിക്കും. കമൽനാഥോ, നകുൽ നാഥോ ആരാണ് മത്സരിക്കുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, കമൽനാഥ് മത്സരിക്കില്ലെന്നും ഞാനായിരിക്കും സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിക്കുന്നു', നകുൽ നാഥ് പറഞ്ഞു.
തനിക്ക് രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ, കമൽനാഥ് കോൺഗ്രസിൽ അസംതൃപ്തനായിരുന്നു. താൻ ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന് അങ്ങനെ എന്തെങ്ക്ിലും ഉണ്ടെങ്കിൽ നിങ്ങളെ ആദ്യം അറിയിക്കും എന്നായിരുന്നു ഡൽഹിയിൽ എത്തിയ കമൽനാഥിന്റെ മറുപടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ കോട്ടയായ ചിന്ദ്വാരയിൽ പര്യടനത്തിലായിരുന്നു കമൽനാഥ്. സംസ്ഥാനത്ത് 2019 ൽ ബിജെപി മറ്റു 28സീറ്റുകൾ തൂത്തുവാരിയെങ്കിലും, ചിന്ദ്വാര മകൻ നകുൽനാഥ് നിലനിർത്തി.
കമൽനാഥിന്റെ അസംതൃപ്തിയാണ് ബിജെപി മുതലെടുത്തത്. മൂന്നു കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്തും എന്ന ബിജെപി അധ്യക്ഷൻ വി.ഡി.ശർമ അവകാശപ്പെട്ടിരുന്നു. ''രാമനെ കോൺഗ്രസ് ബഹിഷ്കരിക്കുന്നു. ഇന്ത്യയുടെ ഹൃദയത്തിൽ രാമനുണ്ടെന്നു തോന്നുന്ന ആളുകൾ കോൺഗ്രസിൽ ഉള്ളതിനാൽ ഞങ്ങൾ ഞങ്ങളുടെ വാതിലുകൾ തുറന്നിരിക്കുന്നു. കോൺഗ്രസ് അദ്ദേഹത്തെ അപമാനിക്കുമ്പോൾ വേദനിക്കുന്ന ആളുകളുണ്ട്. അസ്വസ്ഥരായിരിക്കുന്നവർക്ക് ഒരു അവസരം ലഭിക്കണം. നിങ്ങൾ ആരുടെ പേരുകൾ പറയുന്നുവോ അവരുടെ ഹൃദയത്തിൽ വേദനയുണ്ടെങ്കിൽ, അവരെയും സ്വാഗതം ചെയ്യുന്നു'' വി.ഡി.ശർമ പറഞ്ഞു.
മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി നൽകി കൊണ്ട് ഈയാഴ്ച നിരവധി നേതാക്കൾ പാർട്ടി വിട്ടു. മുൻ എംഎൽഎ ദിനേഷ് അഹിർവാർ, വിധിഷയിൽനിന്നുള്ള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാകേഷ് കട്ടാരെ തുടങ്ങിയവരും ഫെബ്രുവരി 12ന് ബിജെപിയിൽ ചേർന്നിരുന്നു
കമൽനാഥ് ബിജെപിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് നെഹ്റു-ഗാന്ധി കുടുംബത്തിനൊപ്പം തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയ കമൽനാഥിന് അങ്ങനെ ചെയ്യാനാകുമോ എന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ പ്രതികരണം. കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ രാഹുൽ ഗാന്ധി എതിരായതും കമൽനാഥിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് മധ്യപ്രദേശ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കമൽനാഥിനെ നീക്കിയിരുന്നു. 230 അംഗ സഭയിൽ 163 സീറ്റുമായാണ് ബിജെപി ഭരണം നിലനിർത്തിയത്. കോൺഗ്രസിന് 66 സീറ്റ് മാത്രമാണ് നേടാനായത്.
മറുനാടന് മലയാളി ബ്യൂറോ