- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാണാനെത്തുന്നവര്‍ ആധാറുമായി വരണം; പരാതികള്‍ എഴുതി നല്‍കണം'; കങ്കണയുടെ നിര്‍ദേശം വിവാദത്തില്‍; വിമര്‍ശിച്ച് കോണ്‍ഗ്രസ്
മാണ്ഡി: തന്നെ കാണാനായി എത്തുന്ന മണ്ഡലത്തിലെ ജനങ്ങള്‍ ആധാര്‍ കാര്‍ഡുകള്‍ കൊണ്ടുവരണമെന്നും പരാതികള്‍ എഴുതി നല്‍കണമെന്നുമുള്ള നടിയും എംപിയുമായ കങ്കണ റണാവത്തിന്റെ നിര്‍ദേശം വിവാദത്തില്‍. എന്താണു പരാതി എന്നു വിശദമായി പേപ്പറില്‍ എഴുതി നല്‍കണം. വിനോദ സഞ്ചാരികള്‍ ഏറെയുള്ള ഹിമാചലില്‍, തന്നെ കാണാനെത്തുന്നവര്‍ മാണ്ഡി സ്വദേശികളാണോ എന്നു തിരിച്ചറിയാനാണ് നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും പ്രതിസന്ധികള്‍ ഒഴിവാക്കുകയാണു ലക്ഷ്യമെന്നും കങ്കണ പറയുന്നു.
ജനങ്ങളേയും അവരുടെ പ്രശ്നങ്ങളേയും തിരിച്ചറിഞ്ഞ് അങ്ങോട്ട് എത്തുകയാണ് ഒരു ജനപ്രതിനിധി ചെയ്യേണ്ടതെന്നും കങ്കണയുടെ പ്രവൃത്തികള്‍ അതിനു ചേരുന്നതല്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപി സ്ഥാനാര്‍ഥിയായാണ് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ കങ്കണ വിജയിച്ചത്.
"കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതു നാട്ടുകാരായ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. എംപിയുടെ അടുത്തെത്തുന്നതു മാണ്ഡ്യ സ്വദേശികളാണോ എന്ന് ഉറപ്പു വരുത്താനാണ് ആധാര്‍ കാര്‍ഡ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ട നിങ്ങളുടെ പ്രശ്നങ്ങളുമായി മാത്രം കാണാന്‍ വരണം. അതൊരു പേപ്പറില്‍ എഴുതി നല്‍കണം. തടസങ്ങള്‍ ഒഴിവാക്കാന്‍ അതു സഹായിക്കും." കങ്കണ പറഞ്ഞു.
ജനങ്ങള്‍ക്ക് അസൗകര്യം നേരിടേണ്ടി വരാതിരിക്കാനാണ് ഇതെന്നാണ് കങ്കയുടെ വിശദീകരണം. തന്റെ ഓഫീസിലേക്ക് ടൂറിസ്റ്റുകളും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുമായി നിരവധി പേര് വരുന്നതിനാല്‍ മണ്ഡലത്തിലെ സാധാരണക്കാര്‍ വളരെയധികം അസൗകര്യങ്ങള്‍ നേരിടുന്നുവെന്നും കങ്കണ പറഞ്ഞു. ഹിമാചലിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് തന്നെ കാണാന്‍ മണാലിയിലെ വീട്ടിലേക്ക് വരാമെന്നും മണ്ഡിയിലുള്ളവര്‍ക്ക് നേരെ തന്റെ ഓഫീസിലേക്ക് വരാമെന്നും കങ്കണ വ്യക്തമാക്കി.
ജനപ്രതിനിധിയെ കാണാനെത്തുന്നവര്‍ ആധാര്‍ കാര്‍ഡ് കാണിക്കേണ്ട ആവശ്യമില്ലെന്നു കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് പൊതുമരാമത്തു മന്ത്രിയുമായ വിക്രമാദിത്യ സിങ് പ്രതികരിച്ചു. "നമ്മള് ജനങ്ങളുടെ പ്രതിനിധികളാണ്. നാട്ടിലെ ജനങ്ങളെ കണ്ട് അവരുടെ പ്രശ്നങ്ങള്‍ പഠിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്. പ്രശ്നങ്ങള്‍ കേള്‍ക്കുകയും നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. അതിനു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ട കാര്യമില്ല" വിക്രമാദിത്യ സിങ് പറഞ്ഞു.
പഞ്ചായത്ത് തലത്തിലോ നിയമസഭാ മണ്ഡലത്തിലോ ഉള്ള വിഷയങ്ങളേക്കാള്‍ ദേശീയ തലത്തിലുള്ള പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുക എന്നതാണ് എംപി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമെന്ന് കങ്കണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്റെ പരിധിയില്‍ വരുന്ന പ്രശ്നങ്ങളുമായി മാത്രം തന്നെ കാണാന്‍ വരാനും കങ്കണ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എംപിയെന്ന നിലയില്‍ വിശാലമായ വിഷയങ്ങളാണ് താന്‍ കൈകാര്യം ചെയ്യുകയെന്നും കങ്കണ റണാവത്ത് വ്യക്തമാക്കി.